Putin annual calendar : എന്റെ തല, എന്റെ ഫുൾഫി​ഗർ; റഷ്യൻ പ്രസിഡണ്ടിന്റെ വൈറലായ അർദ്ധന​ഗ്നചിത്രമടക്കമുള്ള കലണ്ടർ

Published : Dec 24, 2021, 08:30 AM ISTUpdated : Dec 24, 2021, 08:34 AM IST
Putin annual calendar : എന്റെ തല, എന്റെ ഫുൾഫി​ഗർ; റഷ്യൻ പ്രസിഡണ്ടിന്റെ വൈറലായ അർദ്ധന​ഗ്നചിത്രമടക്കമുള്ള കലണ്ടർ

Synopsis

അതേ വർഷം തന്നെ ക്രെംലിൻ പുറത്തുവിട്ട മറ്റൊരു വൈറൽ ചിത്രം ഉണ്ടായിരുന്നു, അതില്‍ അർദ്ധനഗ്നനായി കുതിരപ്പുറത്ത് ഇരിക്കുന്ന പുടിനാണുണ്ടായിരുന്നത്. 

വ്യത്യസ്തമായ ചിത്രങ്ങൾ കൊണ്ടും നയങ്ങൾ കൊണ്ടും പ്രസിഡണ്ടായി പിടിച്ചു നിൽക്കാനുള്ള പ്രയത്നം കൊണ്ടും രാജ്യത്തിനകത്തും പുറത്തും ചർച്ചയാവുന്നയാളാണ് റഷ്യയുടെ പ്രസിഡണ്ട്(Russian President) വ്‌ളാഡിമിർ പുടിൻ(Vladimir Putin). ശരീരസംരക്ഷണത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത പ്രസിഡണ്ടിന്റെ നിരവധി ചിത്രങ്ങൾ വൈറലാവുകയും ചർച്ചയാവുകയും ചെയ്‍തിരുന്നു. അതിൽ പലതും വെക്കേഷൻ സമയങ്ങളിലെ ചിത്രങ്ങളാണ്. 

പുടിൻ നാല് വർഷം മുമ്പ് മത്സ്യബന്ധന യാത്രയ്ക്ക് ശേഷം ഷർട്ടില്ലാതെ വിശ്രമിക്കുന്ന ഒരു ഫോട്ടോ വൈറലായിരുന്നു. 2017 -ന് ശേഷം, അദ്ദേഹത്തിന്റെ ആ ചിത്രങ്ങളോട് കൂടിയ വാർഷിക കലണ്ടറുകൾ പലരും പ്രതീക്ഷിക്കുന്നുമുണ്ട്. ഇപ്പോഴിതാ തന്റെ ചിത്രങ്ങളിലൂടെ അദ്ദേഹം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. 2022 -ലെ അദ്ദേഹത്തിന്റെ ഔദ്യോഗിക കലണ്ടറിൽ റഷ്യൻ നേതാവിന്റെ 12 ഫോട്ടോഗ്രാഫുകളാണ് ഉള്ളത്. അതിൽ ഷർട്ടില്ലാത്ത പുടിൻ റൈഫിൾ പിടിച്ചിരിക്കുന്ന ചിത്രം കാണാം. ഭിത്തിയിൽ സ്ഥാപിക്കാവുന്ന കലണ്ടർ ഇംഗ്ലീഷ്, ജർമ്മൻ, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ, ചൈനീസ്, ജാപ്പനീസ്, റഷ്യൻ എന്നീ എട്ട് ഭാഷകളില്‍ ലഭ്യമാണ്. ഓണ്‍ലൈനില്‍ കലണ്ടറിന്‍റെ വില 1,538.96 രൂപയാണ്. 

ജനപ്രിയമായ ഷർട്ട്‌ലെസ് ഫോട്ടോഗ്രാഫിന് പുറമെ, കലണ്ടറിൽ പുടിന്റെ മറ്റ് ചിത്രങ്ങളും കാണാം. തന്റെ രണ്ട് നായ്ക്കളുമായി കളിക്കുന്നതിന്റെയും പുള്ളിപ്പുലിക്കുട്ടിയെ ലാളിക്കുന്നതിന്റെയും ഫോട്ടോകളുമുണ്ട്. മറ്റൊരു ഫോട്ടോയിൽ ഐസ് ഹോക്കി റിം​ഗിലും പുടിനെ കാണാം. 2017 -ൽ പുടിന്റെ ഷർട്ടില്ലാത്ത ചിത്രം നഗരത്തിലെ സംസാരവിഷയമായപ്പോൾ, തനിക്ക് ഇത് മറച്ചുവെക്കാൻ കാരണമൊന്നുമില്ലെന്ന് പറഞ്ഞ് റഷ്യൻ നേതാവ് അന്ന് സ്വയം പ്രതിരോധിച്ചിരുന്നു. 

അതേ വർഷം തന്നെ ക്രെംലിൻ പുറത്തുവിട്ട മറ്റൊരു വൈറൽ ചിത്രം ഉണ്ടായിരുന്നു, അതില്‍ അർദ്ധനഗ്നനായി കുതിരപ്പുറത്ത് ഇരിക്കുന്ന പുടിനാണുണ്ടായിരുന്നത്. ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് അനുസരിച്ച്, 'താനൊരു വെക്കേഷനിലാണ് എന്നും അതിനാല്‍ തന്നെ ഇതിലെന്തെങ്കിലും തെറ്റുള്ളതായി തോന്നുന്നില്ല' എന്നും പുടിന്‍ പ്രതികരിച്ചിരുന്നു എന്ന് പറയുന്നു. 

പുടിന്റെ അർദ്ധനഗ്ന ചിത്രങ്ങൾക്ക് പിന്നിലെ കഥയെക്കുറിച്ച് ഓസ്ട്രിയൻ റിപ്പോർട്ടർ ആർമിൻ വുൾഫ് ചോദിച്ചിരുന്നു. 'നിങ്ങളുടെ അർദ്ധനഗ്നമായ നിരവധി ഫോട്ടോകൾ ഉണ്ട്, ഇത് ഒരു രാഷ്ട്രത്തലവനെ സംബന്ധിച്ചിടത്തോളം അസാധാരണമാണ്. ഈ ഫോട്ടോകൾ പാപ്പരാസികളോ വിനോദസഞ്ചാരികളോ എടുത്തതല്ല. അവ ക്രെംലിൻ പ്രസിദ്ധീകരിച്ചു. ഈ ഫോട്ടോകൾക്ക് പിന്നിലെ കഥ എന്താണ്?' എന്നായിരുന്നു ചോദ്യം.

ഇതിന് പുടിൻ മറുപടി നൽകിയിരുന്നു, 'നിങ്ങൾ പറഞ്ഞത് നഗ്നന്‍ എന്നല്ലല്ലോ, അർദ്ധനഗ്നനാണ് എന്നല്ലേ. അതിന് ദൈവത്തിന് നന്ദി. ഞാൻ അവധിയിലായിരിക്കുമ്പോൾ കുറ്റിക്കാടുകൾക്ക് പിന്നിൽ ഒളിക്കേണ്ട ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു. ഞാനീ ചെയ്‍തതില്‍ തെറ്റൊന്നുമില്ല' എന്നായിരുന്നു പുടിന്റെ മറുപടി. ഏതായാലും തന്റെ തല, തന്റെ ഫുൾഫി​ഗറുമായുള്ള പുടിന്റെ കലണ്ടറും സംസാരവിഷയമായി എന്ന് വേണം കരുതാൻ. 

PREV
Read more Articles on
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്