
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വലം കൈയായി അറിയപ്പെടുന്ന യുക്രൈന്‍ നേതാവിനെ പിടികൂടിയതായി യുക്രൈന്‍ രഹസ്യപൊലീസ്. യുക്രൈനിലെ റഷ്യന്‍ അനുകൂല രാഷ്ട്രീയ കക്ഷിയുടെ നേതാവായ വിക്‌തോര്‍ മെദ്‌വേദ്ചുക്കിനെ യുക്രൈനില്‍ അറസ്റ്റ് ചെയ്തതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
പുടിന്‍ തന്റെ മകളുടെ തലതൊട്ടപ്പനാണെന്ന് പറഞ്ഞുനടന്നിരുന്ന മെദ്‌വേദ്ചുക്കിനെ അറസ്റ്റ് ചെയ്തതായി നേരത്തെ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി ട്വീറ്റ് ചെയ്തിരുന്നു. ആകെ തളര്‍ന്ന ഭാവത്തില്‍ കൈവിലങ്ങുകളുമായി നില്‍ക്കുന്ന ഇയാളുടെ ഫോട്ടോയും സെലന്‍സ്‌കി ട്വീറ്റ് ചെയ്തിരുന്നു.
യുക്രൈനിലെ ഭരണകൂടത്തിന്റെ കടുത്ത എതിരാളിയാണ് റഷ്യന്‍ പക്ഷപാതിയായി അറിയപ്പെടുന്ന മെദ്‌വേദ്ചുക്ക്. ഇയാളുടെ പാര്‍ട്ടിയായ ലൈഫ് പാര്‍ട്ടി റഷ്യയുമായി യുക്രൈന്‍ ലയിക്കണമെന്ന നിലപാടാണ് കാലങ്ങളായി പിന്തുടരുന്നത്. റഷ്യയുമായുള്ള സംഘര്‍ഷം മുറുകിയതിനെ തുടര്‍ന്ന് ഇയാളെ വീട്ടുതടങ്കലിലാക്കിയിരുന്നുവെങ്കിലും മെദ്‌വേദ്ചുക്ക് രക്ഷപ്പെട്ടതായി യുക്രൈന്‍ വൃത്തങ്ങള്‍ ഫെബ്രുവരിയില്‍ അറിയിച്ചിരുന്നു. ഇയാള്‍ക്കെതിരെ റഷ്യന്‍ ഭരണകൂടം കഴിഞ്ഞ വര്‍ഷം രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നുവെങ്കിലും താന്‍ നിരപരാധിയാണെന്നാണ് ഇയാള്‍ പരസ്യമായി പറഞ്ഞിരുന്നത്. ഈ സംഭവത്തില്‍ സെലന്‍സ്‌കി ഭരണകൂടം പ്രതിപക്ഷ കക്ഷികളെ വേട്ടയാടുന്നതായി റഷ്യ അന്ന് ആരോപിച്ചിരുന്നു.
റഷ്യ യുക്രൈന്‍ പിടിച്ചാല്‍, മെദ്‌വേദ്ചുക്ക് ആയിരിക്കും യുക്രൈന്‍ പ്രസിഡന്റ് എന്ന രീതിയില്‍ യുദ്ധം തുടങ്ങുന്നതിന് മുമ്പ് പ്രചാരണമുണ്ടായിരുന്നു. വര്‍ഷങ്ങളായി മെദ്‌വേദ്ചുക്ക് ശത്രുരാജ്യമായ റഷ്യയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതായും ശിക്ഷയില്‍നിന്നു രക്ഷപ്പെടാന്‍ യുക്രൈന്‍ സൈനിക യൂനിഫോം ധരിച്ച് വേഷംമാറി നടക്കുന്നതായും യുക്രൈന്‍ രഹസ്യപൊലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ''വേഷപ്രച്ഛന്നനായി നടന്നാലും രക്ഷപ്പെടാനാവില്ല നിങ്ങള്‍ക്ക്. ശത്രുവിനു വേണ്ടി പണിയെടുക്കുന്ന എല്ലാ ഒറ്റുകാര്‍ക്കും അവരര്‍ഹിക്കുന്ന ശിക്ഷ ലഭിക്കും. അതു തന്നെ മെദ്‌വേദ്ചുക്കിനും സംഭവിക്കും'- യുക്രൈന്‍ രഹസ്യപൊലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
യുക്രൈന്‍ രഹസ്യപൊലീസ് തലവന്‍ ഇവാന്‍ ബകനോവിന്റെ പേരിലുള്ള പ്രസ്താവന അറസ്റ്റിനെക്കുറിച്ച് കൂടുതലായി പറയുന്നില്ല. എന്നാല്‍, മിന്നല്‍ വേഗത്തിലുള്ള ബഹുതല ഓപ്പറേഷനിലൂടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പ്രസ്താവന വ്യക്തമാക്കുന്നു. എന്നാല്‍, എവിടെവെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നോ ഇപ്പോഴിയാള്‍ എവിടെയാണെന്നോ ഉള്ള വിവരങ്ങള്‍ യുക്രൈന്‍ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ മാസം മെദ്‌വേദ്ചുക്കിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ലൈഫ് പാര്‍ട്ടിയുടെ അംഗീകാരം യുക്രൈന്‍ റദ്ദാക്കിയിരുന്നു. റഷ്യയുമായി ബന്ധമുള്ള രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയാണ് ലൈഫ് പാര്‍ട്ടി. റഷ്യയെ പിന്തുണയ്ക്കുന്ന മറ്റ് ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും അംഗീകാരം റദ്ദാക്കിയിരുന്നു.