അമേരിക്കയെ ഞെട്ടിച്ച് പുടിന്റെ പൂഴിക്കടകൻ, ബഹിരാകാശവിജയത്തെ ഓർമിപ്പിച്ച് കൊവിഡ് വാക്സിന്റെ പേര് സ്പുട്‌നിക് V

By Web TeamFirst Published Aug 11, 2020, 5:41 PM IST
Highlights

ശീതയുദ്ധകാലത്ത് അമേരിക്കയെ തോല്പിച്ചുകൊണ്ട് റഷ്യ ആദ്യമായി ബഹിരാകാശത്തേക്ക് പറഞ്ഞയച്ച പേടകത്തിനിട്ട സ്പുട്നിക് എന്ന അതേ പേരുതന്നെ ഇട്ടത് പുടിന്റെ മത്സരബുദ്ധിയാണ് കാണിക്കുന്നതെന്ന് പലരും സൂചിപ്പിക്കുന്നുണ്ട്. 

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ന് ലോകത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു പ്രസ്താവന നടത്തി. അതിങ്ങനെയായിരുന്നു," ഇന്നുരാവിലെ ലോകത്തിൽ ആദ്യമായി, കൊവിഡ് 19 എന്ന മഹാമാരിക്കും കൊറോണവൈറസിനും എതിരായി ഒരു വാക്സിൻ രജിസ്റ്റർ ചെയ്യപ്പെട്ടു. എന്റെ മകളുടെ ദേഹത്ത് തന്നെ ഈ വാക്‌സിൻ ആദ്യം കുത്തിവെച്ചു. ആ കണക്കിൽ അവളും ഈ പരീക്ഷണത്തിന്റെ ഭാഗമായിരിക്കയാണ്." പുടിൻ ഒരു വീഡിയോ കോൺഫറൻസിലൂടെയാണ് തന്റെ മന്ത്രി സഭയിലെ അംഗങ്ങളോട് ഈ വിവരം അറിയിച്ചത്. വാക്‌സിൻ എടുത്ത ശേഷം തന്റെ മകൾ ആരോഗ്യവതിയാണ് എന്നും ഈ വാക്‌സിൻ സുസ്ഥിരമായ പ്രതിരോധശേഷി നൽകുന്നതായി തെളിഞ്ഞിട്ടുണ്ട് എന്നും പുടിൻ പറഞ്ഞു. മോസ്കോയിലെ ഗാമാലെയാ ഇൻസ്റ്റിറ്റ്യൂട്ട് ആണ് വാക്‌സിൻ ഗവേഷണത്തിന് പിന്നിൽ പ്രവർത്തിച്ചത്. 

അമേരിക്കയിലും, ഇംഗ്ലണ്ടിലും മറ്റു പല ലോക രാഷ്ട്രങ്ങളിലും ഇങ്ങനെ ഒരു വാക്‌സിൻ കണ്ടെത്താനുള്ള പരീക്ഷണങ്ങൾ പുരോഗമിക്കെ, പ്രസിഡന്റ് പുടിന്റെ ഭാഗത്തുനിന്ന് എത്രയും പെട്ടെന്ന് കൊവിഡ് വാക്‌സിൻ കണ്ടെത്താൻ വേണ്ടി റഷ്യൻ ശാസ്ത്രജ്ഞർക്കുമേൽ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ഈ വാക്‌സിൻ വ്യാവസായിക ഉത്പാദന ഘട്ടത്തിലേക്ക് കടക്കും എന്നും അടുത്തവർഷം ആദ്യത്തോടെ തന്നെ ലോക വ്യാപകമായി വൻതോതിൽ ലഭ്യമാക്കാനാകും എന്ന് കരുതുന്നതായി റഷ്യൻ ഗവണ്മെന്റ് അധികാരികൾ പറഞ്ഞു. വലിയൊരു സാമ്പിൾ സൈസിനുമേൽ ടെസ്റ്റ് ചെയ്യുന്ന മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽസ് പൂർത്തീകരിക്കും മുമ്പാണ് റഷ്യൻ ഗവണ്മെന്റ് തിരക്കിട്ട് വാക്സിന് ഇങ്ങനെ ഒരു അംഗീകാരം നൽകിയിരിക്കുന്നത്. രണ്ടുമാസത്തോളമാണ് ഇതുവരെ റഷ്യ ഈ വാക്സിന് മനുഷ്യരിൽ പരീക്ഷിച്ചിട്ടുള്ളത്. 

റഷ്യയുടെ കൊവിഡ് വാക്സിന് അവർ ഇട്ടിരിക്കുന്ന പേര് 'സ്പുട്‌നിക് V' എന്നാണ്. ഇപ്പോൾ തന്നെ ഇരുപതിലധികം ലോക രാഷ്ട്രങ്ങളിൽ നിന്നായി വാക്സിന്റെ  നൂറുകോടിയിലധികം ഡോസിനുള്ള ഓർഡർ കിട്ടിയിട്ടുണ്ട് എന്നാണ് റഷ്യൻ ഗവണ്മെന്റ് പറയുന്നത്. ഇത്ര തിടുക്കപ്പെട്ട്, മൂന്നാം ഘട്ട ടെസ്റ്റിംഗ് പൂർത്തിയാകാതെ തന്നെ വാക്സിന് അനുമതി നൽകിയത്, അതും ശീതയുദ്ധകാലത്ത് അമേരിക്കയെ തോല്പിച്ചുകൊണ്ട് ആദ്യമായി ബഹിരാകാശത്തേക്ക് പറഞ്ഞയച്ച പേടകത്തിനിട്ട സ്പുട്നിക് എന്ന അതേ പേരുതന്നെ ഇട്ടത് ഒക്കെ, പുടിന്റെ മത്സര ബുദ്ധിയാണ് കാണിക്കുന്നത് എന്ന് ലോകരാഷ്ട്രങ്ങളിൽ പലരും സൂചിപ്പിക്കുന്നുണ്ട്. അത് ഈ വാക്‌സിൻ സ്വീകരിക്കുന്നവരുടെ സുരക്ഷയെക്കാൾ ഉപരിയായി രാഷ്ട്രീയ പരിഗണനകൾ കടന്നുവരുന്നതുകൊണ്ടാണ് എന്നുള്ള ആക്ഷേപവും സജീവമാണ്. 

 

Vladimir Putin is putting the lives of people in danger by rushing the vaccine for political purposes

— M.S. Gorsi (@MSGorsi1)

 

കഴിഞ്ഞ ആഴ്ച ലോകാരോഗ്യ സംഘടന റഷ്യയോട് ഈ വാക്‌സിൻ ഗവേഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ലോകവ്യാപകമായി നിലവിലുള്ള ഗുണനിലവാര മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ട് എന്നുറപ്പുവരുത്തണം എന്ന് അഭ്യർത്ഥിച്ചു. ലോകത്തെമ്പാടുമായി ഇപ്പോൾ നൂറിലധികം കൊവിഡ് വാക്‌സിൻ ഗവേഷണങ്ങൾ പുരോഗമിക്കുന്നുണ്ട്. അതിൽ നാലെണ്ണമെങ്കിലും ഇപ്പോൾ മൂന്നാമത്തെ ഘട്ടത്തിലെത്തി നിൽക്കുന്നുമുണ്ട്. റഷ്യ ഇപ്പോൾ ഇങ്ങനെ ഒരു അനുമതി നൽകിയതും, വാക്സിന് സ്പുട്നിക് എന്ന് പേരിട്ടതും ഒക്കെ ലോകരാഷ്ട്രങ്ങളോട് പ്രസിഡന്റ് പുട്ടിനുള്ള മത്സരമനോഭാവത്തിന്റെ സൂചനയാണ് എന്നൊരു പ്രതികരണം റഷ്യയിൽ നിന്ന് തന്നെ വന്നിട്ടുണ്ട്. 

click me!