ജയിലിൽ നിന്നും ജീവനോടെ പുറത്തിറങ്ങുമോ പുടിൻ വിമർശകൻ നവാൽനി? ഉറപ്പ് നൽകാൻ വിസമ്മതിച്ച് റഷ്യൻ പ്രസിഡണ്ട്

By Web TeamFirst Published Jun 15, 2021, 12:25 PM IST
Highlights

നവാല്‍നിയുടെ പേര് പറയാന്‍ എന്നും പുടിന്‍ വിസമ്മതിച്ചിരുന്നു. പകരം 'അയാള്‍' എന്നാണ് പുടിന്‍ നവാല്‍നിയെ വിശേഷിപ്പിക്കാറ്. ഈ അഭിമുഖത്തിലും അത് തന്നെ ആവര്‍ത്തിച്ചു.

റഷ്യയില്‍ അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ട പ്രതിപക്ഷനേതാവ് അലക്സി നവാല്‍നി ജീവനോടെ പുറത്തുവരുമോ എന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാന്‍ വിസമ്മതിച്ച് പ്രസിഡണ്ട് വ്ളാദ്മിര്‍ പുടിന്‍. രാജ്യത്തെ കടുത്ത പുടിന്‍ വിമര്‍ശകനും പ്രതിപക്ഷനേതാക്കളിൽ പ്രധാനിയുമാണ് നവാൽനി. ജയിലിൽ കഴിയുന്ന നവാൽനിയുടെ ആരോ​ഗ്യസ്ഥിതി മോശമാണ് എന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. ജയിലിൽ നിരാഹാരം നടത്തുകയായിരുന്ന നവാൽനിയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പതിനായിരക്കണക്കിന് ജനങ്ങൾ ഏപ്രിൽ മാസത്തിൽ തെരുവിലിറങ്ങി. എന്നാൽ, 'നവാല്‍നിയുടെ ജയില്‍വാസം നീണ്ടുപോകുന്നത് തന്‍റെ തീരുമാനപ്രകാരമല്ല. റഷ്യന്‍ ജയിലുകളിലെ വൈദ്യസഹായം മോശം അവസ്ഥയിലാണ് എന്ന് കരുതുന്നു' എന്നും പുടിന്‍ പുതിയ അഭിമുഖത്തിൽ പറഞ്ഞു. 

ജനീവ ഉച്ചകോടിയിൽ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനെ കാണാനിരിക്കെ എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പടിഞ്ഞാറിന് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പങ്കുണ്ട് എന്ന ആരോപണം പുടിന്‍ ശക്തമായി നിഷേധിച്ചു. തന്‍റെ സര്‍ക്കാരിന് നേരെയുള്ള മനുഷ്യാവകാശലംഘനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളും യുഎസ്സിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് പുടിന്‍ ഒഴിവാക്കുകയായിരുന്നു. 

വിഷം ശരീരത്തിലെത്തിയതിനെ തുടര്‍ന്ന്  കോമയിലായിരുന്നു നവാൽനി. തുടർന്ന് ജർമ്മനിയിലെത്തിച്ചാണ് വിദ​ഗ്ദ്ധ ചികിത്സ നൽകിയത്. ഏറെക്കാലം നവാല്‍നി ചികിത്സയിലായിരുന്നു. സോവിയറ്റ് യൂണിയൻ നിലനിന്ന കാലത്ത് ഉപയോഗിച്ചിരുന്ന 'നോവിചോക്' എന്ന നെർവ് ഏജന്‍റാണ് അന്ന് അലക്സി നവാൽനിയുടെ ദേഹത്ത് നിന്നും കണ്ടെത്തിയത്. വിമാനത്താവളത്തിൽ നിന്നും കുടിച്ച ചായയിൽ നിന്നുമാണ് വിഷമേറ്റത്. പുടിൻ വിമർശകനായ നവാൽനിയെ അപായപ്പെടുത്താൻ നടന്ന ശ്രമമാണിത് എന്ന് കടുത്ത ആരോപണങ്ങൾ വന്നുവെങ്കിലും ക്രെലിംൻ ഇത് നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ജർമ്മനിയിൽ ചികിത്സയിലായിരിക്കെ പരോൾ വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ച് നവാല്‍നിക്ക് മൂന്നരവർഷത്തെ ജയിൽശിക്ഷ വിധിച്ചു. നവാല്‍നി ജയിലിലുമടയ്ക്കപ്പെട്ടു. തടവ് ഇനിയും നീണ്ടേക്കാമെന്നാണ് ക്രെംലിനില്‍ നിന്നും കിട്ടുന്ന വിവരം. പ്രതിപക്ഷ ഗ്രൂപ്പുകളെ വ്യാപകമായി അടിച്ചമർത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനവും നിരോധിക്കുകയുണ്ടായി. 

നവാല്‍നി ജീവനോടെ ജയിലില്‍ നിന്നും പുറത്ത് വരുമെന്ന് ഉറപ്പ് നല്‍കാനാകുമോ എന്ന ചോദ്യത്തിന്, 'നോക്കൂ, അക്കാര്യങ്ങളൊന്നും റഷ്യന്‍ പ്രസിഡണ്ടല്ല തീരുമാനിക്കുന്നത്. ഒരാളെ മോചിപ്പിക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് കോടതിയാണ്' എന്നായിരുന്നു പുടിന്‍റെ മറുപടി. 'ജയിലിൽ കഴിയുന്നവരുടെ ആരോഗ്യത്തിന്‍റെ ഉത്തരവാദിത്തം നിർദ്ദിഷ്ട ജയിലിനോ, ഭരണകൂടത്തിനോ ആണ്. ജയിലുകളിലെ ചികിത്സാസൗകര്യം മെച്ചപ്പെട്ടതല്ലെങ്കിലും അവര്‍ക്കാണ് അതിന്‍റെ ഉത്തരവാദിത്തം' എന്നാണ് പുടിന്‍ പറഞ്ഞത്. 

നവാല്‍നിയുടെ പേര് പറയാന്‍ എന്നും പുടിന്‍ വിസമ്മതിച്ചിരുന്നു. പകരം 'അയാള്‍' എന്നാണ് പുടിന്‍ നവാല്‍നിയെ വിശേഷിപ്പിക്കാറ്. ഈ അഭിമുഖത്തിലും അത് തന്നെ ആവര്‍ത്തിച്ചു. 'ജയിലിലെ ആരോഗ്യ സേവനരംഗം വേണ്ടത് ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷേ, സത്യസന്ധമായി പറഞ്ഞാല്‍ താന്‍ അത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ട് ഒരുപാട് കാലമായി' എന്നും പുടിന്‍ പറഞ്ഞു. പുടിന്‍ പറഞ്ഞതിനെ കുറിച്ച് ബൈഡനോട് ചോദിച്ചപ്പോള്‍, 'റഷ്യയ്ക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങൾ പാലിക്കാൻ ഉദ്ദേശമില്ലെന്നതിന്റെ മറ്റൊരു സൂചനയായിരിക്കും നവാൽനിയുടെ മരണം' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 

പ്രതിപക്ഷ ഗ്രൂപ്പുകളെ അടിച്ചമർത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പുടിൻ, അവരെ റഷ്യയിലെ വിമതരെ വിശേഷിപ്പിക്കാൻ പതിവായി ഉപയോ​ഗിക്കുന്ന 'വിദേശ ഏജന്റുമാർ' എന്ന വാക്ക് തന്നെയാണ് ഉപയോ​ഗിച്ചത്. കൂടാതെ കഠിനമായ നിയമങ്ങൾ യുഎസിൽ പതിറ്റാണ്ടുകളായി നിലവിലുണ്ടെന്നും പുടിന്‍ അവകാശപ്പെട്ടു. 1938 -ലെ ഫോറിൻ ഏജന്‍റ്സ് രജിസ്ട്രേഷൻ ആക്റ്റിന്റെ (ഫാര) വ്യക്തമായ ഒരു പരാമർശമായിരുന്നു ഇത്. 

നവാല്‍നിയുടെ ശരീരത്തില്‍ വിഷം ചെന്നതിനെ കുറിച്ചും പ്രതിപക്ഷത്തുള്ളവരുടെയും വിമതരുടേയും കൊലപാതകത്തെ കുറിച്ചും ചോദിച്ചപ്പോള്‍ ആരെയും വധിക്കുന്ന പതിവ് തങ്ങള്‍ക്കില്ല എന്നായിരുന്നു പുടിന്‍റെ പ്രതികരണം. 'മനുഷ്യാവകാശലംഘനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നെല്ലാം തിരികെ പല ആരോപണങ്ങളും ഉന്നയിച്ചുകൊണ്ട് പുടിന്‍ ഒഴിഞ്ഞുമാറുകയായിരുന്നു' എന്ന് അഭിമുഖം നടത്തിയ കെയര്‍ സിമ്മണ്‍ പറയുകയുണ്ടായി. റഷ്യയില്‍ ജയിലില്‍ കഴിയുന്ന അമേരിക്കക്കാരുടെയും അമേരിക്കയില്‍ ജയിലില്‍ കഴിയുന്ന റഷ്യക്കാരെയും പരസ്പരം വിട്ടുകൊടുക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ബൈഡനുമായി ഉണ്ടാവുമെന്നും പുടിന്‍ അഭിമുഖത്തിൽ സൂചിപ്പിച്ചു. 

(ചിത്രങ്ങൾ: ഫയൽചിത്രങ്ങൾ/​ഗെറ്റി)

click me!