സ്ത്രീകളുടെ ഇഷ്ടങ്ങളും സന്തോഷവും അവ​ഗണിക്കപ്പെടുന്നു, ഫെമിനിസ്റ്റ് പോൺ ഡയറക്ടറായി എറിക്ക

By Web TeamFirst Published Jun 14, 2021, 5:27 PM IST
Highlights

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ലൈംഗികസ്വാതന്ത്ര്യമുള്ള രണ്ട് വ്യക്തികളാണ് എന്ന് കാണിച്ചുകൊടുക്കുക എന്നതാണ് തന്‍റെ സിനിമകളുടെ ലക്ഷ്യം എന്ന് എറിക്ക പറയുന്നു. 

44 -കാരിയായ എറിക്ക ലസ്റ്റ് ഒരു ഫെമിനിസ്റ്റ് പോണ്‍ ഡയറക്ടറാണ്. എന്തുകൊണ്ടാണ് ഇങ്ങനെ തികച്ചും വ്യത്യസ്തമായ ഒരു മേഖലയിൽ പ്രവര്‍ത്തിക്കുന്നത് എന്ന് ചോദിച്ചാല്‍ എറിക്കയുടെ മറുപടി ഇതാണ്, 'പുരുഷന്മാര്‍ അവരുടെ സന്തോഷത്തിന് വേണ്ടി സ്ത്രീകളെ വാഹനങ്ങളെ പോലെ ഉപയോഗിക്കുന്ന അഡല്‍റ്റ് സിനിമകള്‍ കണ്ട് മടുത്തു...' സ്വീഡിഷുകാരിയായ എറിക്ക ഇതോടകം തന്നെ സ്ത്രീകേന്ദ്രീകൃതമായ 250 പോണ്‍സിനിമകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. അഡല്‍റ്റ് പ്രൊഡക്ഷന്‍ ഹൗസായ 'ലസ്റ്റ് ഫിലിംസ്' എറിക്ക നിര്‍മ്മിക്കാന്‍ തന്നെ കാരണം ഇത്തരം സിനിമകളിലെ സ്ത്രീകളുടെ അവസ്ഥയാണ്. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ എറിക്ക ബാര്‍സലോണയിലാണ് താമസിക്കുന്നത്. 

'ആദ്യമായി ഇത്തരം സിനിമകള്‍ കണ്ടത് സ്വീഡനിലെ ലണ്ട് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ്. എന്നാല്‍, സന്തോഷം തരുന്നതിന് പകരം വല്ലാത്ത ബുദ്ധിമുട്ടാണ് ആ സിനിമകള്‍ സമ്മാനിച്ചത്' എന്നാണ് എറിക്ക പറയുന്നത്. അത് പുരുഷന്മാരുടെ സന്തോഷത്തിലാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്. അതിനുവേണ്ടിയുള്ള വെറുമൊരു വാഹനം മാത്രമാണ് അതിലെ സ്ത്രീകള്‍ എന്നും എറിക്ക പറയുന്നു. തന്‍റെ സിനിമയില്‍ സ്ത്രീകളുടെ സന്തോഷത്തിന് പ്രാധാന്യമുണ്ട്. ഒപ്പം തന്നെ ലൈംഗികത എന്നാല്‍ വെറും യാന്ത്രികമായ ഒന്നല്ല എന്നും അതിലൂടെ പറയാന്‍ താൻ ശ്രമിക്കുകയാണ് എന്നും എറിക്ക പറയുന്നു. 

യൂണിവേഴ്സിറ്റിക്ക് ശേഷം സ്പെയിനിലേക്ക് താമസം മാറിയ എറിക്ക​ സ്വതന്ത്ര ചലച്ചിത്രമേഖലയിൽ പ്രവേശിക്കുകയായിരുന്നു. 2004 -ൽ ഒരു സംവിധായക കോഴ്‌സ് എടുക്കുന്നതിനിടെ സൈഡ് പ്രോജക്റ്റായി തന്റെ ആദ്യ ചിത്രം 'ദി ഗുഡ് ഗേൾ' ചിത്രീകരിച്ചു. അതുവരെയുണ്ടായിരുന്ന പോണ്‍സിനിമകളില്‍ നിന്നും വ്യത്യസ്തമായി സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയ ആ സിനിമയ്ക്ക് ബാഴ്സലോണയില്‍ നടന്ന ഇന്‍റര്‍നാഷണല്‍ എറോട്ടിക് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഷോര്‍ട്ട്ഫിലിമിനുള്ള പുരസ്കാരം ലഭിച്ചു.

2013 -ൽ ആരംഭിച്ച 'എക്സ്കോൺഫെഷൻസ്' സീരീസിലൂടെയാണ് എറിക്ക അറിയപ്പെടുന്നത്. ഓരോ മാസവും തന്‍റെ വെബ്സൈറ്റിലൂടെ അജ്ഞാതമായി കിട്ടുന്ന ഫാന്‍റസികളില്‍ നിന്നും തിരഞ്ഞെടുക്കുന്ന രണ്ടെണ്ണം എറോട്ടിക് സിനിമയാക്കി മാറ്റുന്നു എറിക്ക. തന്‍റെ 36 സ്റ്റാഫംഗങ്ങള്‍ക്കും ഓരോ ദിവസവും അരമണിക്കൂര്‍ നേരം ഓഫീസിലെ 'മാസ്റ്റര്‍ബേഷന്‍ സ്റ്റേഷന്‍' ഉപയോഗിക്കാന്‍ ഇടവേള നല്‍കും എന്ന് പ്രഖ്യാപിച്ചതോടെയാണ് എറിക്ക മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയാവുന്നത്. 

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ലൈംഗികസ്വാതന്ത്ര്യമുള്ള രണ്ട് വ്യക്തികളാണ് എന്ന് കാണിച്ചുകൊടുക്കുക എന്നതാണ് തന്‍റെ സിനിമകളുടെ ലക്ഷ്യം എന്ന് എറിക്ക പറയുന്നു. മുഖ്യധാരാ പോണോഗ്രഫികളില്‍ സ്ത്രീകള്‍ക്ക് എന്താണ് വേണ്ടത്, അവരുടെ ഇഷ്ടങ്ങളെന്താണ് എന്നതിന് തീരെ പ്രാധാന്യം നല്‍കുന്നില്ല. അതിനെ തിരുത്തിക്കുറിച്ചുകൊണ്ട് സ്ത്രീകളുടെ സന്തോഷത്തിന് കൂടി പ്രാധാന്യം നല്‍കുക എന്നതാണ് തന്‍റെ സിനിമകളുടെ ലക്ഷ്യം. സാധാരണ ആളുകള്‍ക്ക് ആസ്വദിക്കാനും അവരെ തന്നെ കാണാനുമാവുന്ന രംഗങ്ങളാണ് താന്‍ ചിത്രീകരിക്കാനാഗ്രഹിക്കുന്നത് എന്നും നേരത്തെ ഒരു അഭിമുഖത്തില്‍ എറിക്ക പറയുകയുണ്ടായി. 

click me!