
ക്യൂബെക് : കഞ്ചാവ് (Cannabis) നിയമവിധേയമായി തന്നെ കടകളിൽ ചെന്ന് വാങ്ങിക്കാൻ കഴിയുന്ന ലോകത്തിലെ അപൂർവം രാജ്യങ്ങളിൽ ഒന്നാണ് കാനഡ(Canada). പ്രായപൂർത്തിയായവർക്ക് അവരവരുടെ ആവശ്യങ്ങൾക്കായി(Recreational Purpose) ഒരു നിശ്ചിത അളവ് കഞ്ചാവ് കൈവശം വെക്കാനും ഉപയോഗിക്കാനും അനുമതിയുണ്ട്. നമ്മുടെ നാട്ടിൽ മദ്യഷോപ്പുകൾ ഉള്ള പോലെ അവിടെ കഞ്ചാവിന്റെ നിയമാനുസാരമുള്ള വില്പനയ്ക്കായി റീട്ടെയിൽ ഷോപ്പുകളുണ്ട്. പൊതുജനങ്ങൾക്കിടയിൽ വാക്സിനെക്കുറിച്ചുള്ള അവബോധം വളർത്താൻ അവരുടെ റിക്രിയേഷണൽ കഞ്ചാവ് വലി ശീലത്തെയും, മദ്യപാനത്തെയും ആശ്രയിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ക്യുബെക് പ്രവിശ്യ. ഇവിടെ നിലവിലെ നിയമപ്രകാരം 21 വയസ്സിനുമേൽ പ്രായമുള്ള ആർക്കും കഞ്ചാവ് വാങ്ങാൻ, കൈവശംവെക്കാം, ഉപയോഗിക്കാം. കഴിഞ്ഞ ദിവസം അവിടത്തെ ഭരണകൂടം പാസാക്കിയ നിയമം പ്രകാരം, ജനുവരി 18 മുതൽ ഇങ്ങനെ റീട്ടെയിൽ ഷോപ്പുകളിൽ നിന്ന് മദ്യമോ കഞ്ചാവോ വാങ്ങണമെങ്കിൽ കൗണ്ടറിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും കാണിച്ചിരിക്കണം. ബിബിസിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ലോകത്തിലെ തന്നെ ഏറ്റവും കൂടിയ വാക്സിനേഷൻ ശതമാനകണക്കുകൾ ക്യൂബെക്കിലെ ആയിരുന്നിട്ടും, കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവിടെ പുതിയ കേസുകളുടെ എണ്ണത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ത്വരിത വർധനവാണ് ഇങ്ങനെ ഒരു മാറ്റത്തിന് തന്നെ പ്രേരിപ്പിച്ചത് എന്ന് ഭരണകൂടം പ്രതികരിച്ചു. നിലവിൽ സർക്കാർ നിയന്ത്രണത്തിൽ തന്നെയാണ് ക്യൂബെക്കിൽ മദ്യത്തിന്റെയും കഞ്ചാവിന്റെയും ചില്ലറ വില്പന ശാലകൾ പ്രവർത്തിക്കുന്നത്. ഈ നിയമം വരുന്നതിനു മുമ്പുതന്നെ ആശുപത്രികൾ, തിയറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, ബാറുകൾ, സ്പോർട്സ് അരീനകൾ തുടങ്ങി യുവാക്കൾ സ്ഥിരം വന്നുപോവുന്നിടങ്ങളിൽ എല്ലാം വാക്സിനേഷൻ തെളിവ് ഹാജരാക്കിയാൽ മാത്രമേ പ്രവേശനമുള്ളൂ എന്ന നിലപാടാണ് പ്രൊവിൻഷ്യൽ അഡ്മിനിസ്ട്രേഷൻ സ്വീകരിച്ചു പോന്നിട്ടുള്ളത്. കഞ്ചാവിന്റെ കാര്യത്തിൽ. ഇങ്ങനെ ഒരു നിയമം ഉണ്ട് എന്നതിന്റെ പേരിൽ അതൊരു ശീലമാക്കിയ അന്നാട്ടിലെ യുവതലമുറ വാക്‌സിനേഷനെപ്പറ്റി ഗൗരവത്തോടെ ചിന്തിച്ചേക്കും എന്ന പ്രതീക്ഷയാണ് ഭരണകൂടം പ്രകടിപ്പിക്കുന്നത്.