​Fatima Sheikh : ഗൂ​ഗിൾ ഡൂഡിലിൽ ഫാത്തിമ ഷെയ്ഖ്, ചരിത്രം മറക്കരുതാത്ത പേര്, ആരായിരുന്നു ആ ധീരയായ സ്ത്രീ?

By Web TeamFirst Published Jan 9, 2022, 1:01 PM IST
Highlights

അങ്ങനെ താമസിച്ചുപോന്ന കാലത്ത്, 1848 -ലാണ് ഫാത്തിമയുടെ വീട്ടിൽ സാവിത്രിബായ് പെൺകുട്ടികൾക്കായിയുള്ള തന്റെ ആദ്യത്തെ സ്കൂൾ ആരംഭിക്കുകയായിരുന്നു. അവിടെ ഒരു അദ്ധ്യാപികയാകാനായി ഫാത്തിമ അതേ സ്ഥാപനത്തിൽ തന്നെ പരിശീലനം നേടുകയായിരുന്നു. 

ഇന്ന് ജനുവരി ഒമ്പത്. ഗൂഗിള്‍ ഡൂഡിലിലൂടെ ആദരം നല്‍കിയിരിക്കുന്ന ചരിത്രത്തിലേറെ പ്രാധാന്യമുള്ള ആ സ്ത്രീയുടെ ജന്മദിനം. അത് ഫാത്തിമ ഷെയ്ഖ് ആണ്. നാം മറക്കരുതാത്ത പേര്. ആരായിരുന്നു ഫാത്തിമ ഷെയ്ഖ്? 

ജീവിച്ചിരുന്ന കാലത്ത് വിപരീത സാഹചര്യങ്ങളോട് പടപൊരുതി സ്വന്തം ജീവിതസ്വപ്നങ്ങളെ സാക്ഷാത്കരിക്കുകയും ഒപ്പം സമൂഹത്തിൽ കാതലായ മാറ്റങ്ങൾക്ക് കാരണഭൂതരാവുകയും ചെയ്ത പലരുമുണ്ട് ഇവരെപ്പോലെ ഇന്ത്യയിൽ. എന്നിട്ടും, ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ പല പേരുകളിൽ ഒന്നാണ് ഫാത്തിമ ഷെയ്‌ഖി(​Fatima Sheikh)ന്റേത്. 

ആധുനിക ഇന്ത്യയുടെ വിദ്യാഭ്യാസ പുരോഗതിയിൽ അവരുടെ സംഭാവന വിലമതിക്കാനാകാത്തതാണ്.  ഇന്ത്യയിലെ ആദ്യത്തെ വനിതാ മുസ്ലീം അധ്യാപികയായിരുന്ന ഫാത്തിമ, സാവിത്രി ബായ് ഫുലെയുടെ കാലത്ത് അവരോളം തന്നെ സ്വാധീനം തന്റെ പ്രവർത്തനങ്ങൾ കൊണ്ട് സമൂഹത്തിൽ ഉണ്ടാക്കിയിരുന്നു. ഫാത്തിമാ ഷെയ്ഖിന്റെ ജന്മദിനമാണ് ജനുവരി 9 -ന്. 

ഉയർന്ന ജാതിക്കാരായ പുരുഷന്മാർക്ക് മാത്രം  വിദ്യാഭ്യാസം ലഭിച്ചിരുന്ന ഒരു ആനുകൂല്യമായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിലാണ് ഫാത്തിമ ഷെയ്ഖ് സാവിത്രിബായ്ക്കൊപ്പം സ്വന്തം വീട്ടിൽ പെൺകുട്ടികൾക്കായി ആദ്യത്തെ സ്കൂൾ സ്ഥാപിക്കുന്നത്. അതിനുവേണ്ടി അവർക്ക് നേരിടേണ്ടിവന്ന സംഘർഷങ്ങൾ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ പോരാട്ടങ്ങളിൽ ഒന്നാണ്.

എന്നിരുന്നാലും, ഇത്രയേറെ പ്രാധാന്യം അർഹിക്കുന്ന അവരുടെ ജീവിതത്തെ കുറിച്ച് കാര്യമായ പരാമര്ശങ്ങളൊന്നും തന്നെ നമ്മുടെ ചരിത്രത്താളുകൾ ചികഞ്ഞാൽ കിട്ടിയെന്നുവരില്ല. ഫാത്തിമയുടെ വ്യക്തിജീവിതത്തെക്കുറിച്ച് വളരെക്കുറച്ചു വിവരങ്ങൾ മാത്രമേ ലഭ്യമായുള്ളൂ. അവർ ഏത്  വർഷം ജനിച്ചുവെന്നോ, 1856 -ന് ശേഷം അവർക്ക് എന്ത് സംഭവിച്ചുവെന്നോ വ്യക്തമല്ല.

ഇന്ത്യയിലെ ആദ്യത്തെ വനിതാ അധ്യാപികയായിരുന്നു സാവിത്രിബായ് ഫൂലെ എന്ന് നമുക്കറിയാം. സാവിത്രിബായിയും അവരുടെ ഭർത്താവ്  മഹാത്മാ ജ്യോതിറാവു ഫൂലെയും വിദ്യാഭ്യാസ രംഗത്ത് ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്ന രണ്ടു സാമൂഹ്യ പരിഷ്കർത്താക്കളാണ്. അന്ന് സമൂഹത്തിൽ നിലനിന്നിരുന്ന സാമുദായിക അനീതികളെ ചോദ്യം ചെയ്‌തതിനും, ദളിതർക്കും സ്ത്രീകൾക്കും വിദ്യാഭ്യാസം പകർന്നുനൽകിയതിനും അവരെ നാടുകടത്തുകയാണുണ്ടായത്. ഫാത്തിമയും സഹോദരൻ ഉസ്മാൻ ഷെയ്ഖും ചേർന്നാണ് അന്ന് നാടുകടത്തപ്പെട്ട സാവിത്രിബായിക്കും മഹാത്മാ ഫുലേക്കും അഭയം നൽകിയത്.

അങ്ങനെ താമസിച്ചുപോന്ന കാലത്ത്, 1848 -ലാണ് ഫാത്തിമയുടെ വീട്ടിൽ സാവിത്രിബായ് പെൺകുട്ടികൾക്കായിയുള്ള തന്റെ ആദ്യത്തെ സ്കൂൾ ആരംഭിക്കുകയായിരുന്നു. അവിടെ ഒരു അദ്ധ്യാപികയാകാനായി ഫാത്തിമ അതേ സ്ഥാപനത്തിൽ തന്നെ പരിശീലനം നേടുകയായിരുന്നു. പിന്നീട്, ഫുലെ ദമ്പതികൾ തുറന്ന അഞ്ച് സ്കൂളുകളിലും ഫാത്തിമ പഠിപ്പിച്ചു. 1856 -ൽ സാവിത്രിബായ് രോഗബാധിയായി അമ്മയുടെ വീട്ടിലേക്ക് മാറുന്ന വരെ ഫാത്തിമ അധ്യാപനം തുടർന്നു.

മഹാത്മാ ഫുലേക്ക് എഴുതിയ കത്തുകളിൽ സാവിത്രിബായ് ഫാത്തിമയെ തികഞ്ഞ ബഹുമാനത്തോടെ പരാമർശിക്കുന്നതായി കാണാം. സമൂഹത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയ്‌ക്കും പുരുഷന്മാർക്കു മാത്രം വിദ്യാഭ്യാസം അനുവദിച്ചിരുന്ന രീതിക്കുമെതിരെ പടപൊരുതിയവരാണ്  ഫുലെ ദമ്പതികൾ. അവർ നേരിട്ട പ്രശ്നങ്ങളെക്കുറിച്ചുള്ള വിശദമായ പരാമർശങ്ങളും ചരിത്രത്തിൽ വായിച്ചെടുക്കാവുന്നതാണ്. എന്നാൽ അവരുടെ ഈ യജ്ഞത്തിൽ, ഫാത്തിമ ഷെയ്ഖിപ്പോലുള്ള ഒരു സ്ത്രീയും ഒപ്പമുണ്ടായിരുന്നു എന്ന വസ്തുത അധികമാരും തന്നെ ശ്രദ്ധിച്ചിട്ടില്ല. ഒരു ന്യൂനപക്ഷ സമുദായാംഗം എന്ന നിലയിൽ മറ്റ് മതങ്ങളിൽ നിന്നുള്ള കുട്ടികളെയും അവർ പഠിപ്പിച്ചു എന്നതും, ഒരു സ്ത്രീ, അതും അന്നത്തെക്കാലത്തെ ഒരു മുസ്ലിം സ്ത്രീ എന്നനിലയിൽ, പഠിക്കാനൊന്നും മിനക്കെടാതെ മറ്റുള്ളവരെപ്പോലെ സ്വന്തം വീട്ടിനുള്ളിൽ തന്നെ ഒതുങ്ങിക്കൂടാതെ സമൂഹത്തിലെ ലിംഗവിവേചനത്തിനെതിരെ പടപൊരുതിക്കൊണ്ട് അവർ സ്വയം വിദ്യ ആർജ്ജിക്കുകയും, പിന്നീട് തന്നെപ്പോലെ മുസ്ലിം സമുദായത്തിലും, ഇതരസമുദായങ്ങളിലും പെണ്ണായി ജനിച്ചു എന്ന ഒരൊറ്റപ്പേരിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന പെൺകുട്ടികളെ പഠിപ്പിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ചു എന്നതും ശ്രദ്ധേയമാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ പുരുഷാധിപത്യത്തിനും യാഥാസ്ഥിതികതയ്‌ക്കുമെതിരെയുള്ള ഒരു കലാപമായിരുന്നു ഫാത്തിമയുടെ ജീവിതം. അതുകൊണ്ടുതന്നെയായിരിക്കും ഒരു വൈവാഹിക ജീവിതത്തെപ്പറ്റിപ്പോലും അവർ ആലോചിക്കാതിരുന്നതും.

ഫാത്തിമ ഷെയ്ഖിന്റെ സംഭാവനകളെ ചരിത്രത്തിൽ അവർ അർഹിക്കും വിധം അടയാളപ്പെടുത്താനുള്ള ശ്രമങ്ങൾ ഏറെ വൈകിയെങ്കിലും ആരംഭിച്ചു കഴിഞ്ഞു. ഫുലെ ദമ്പതികൾ മറാത്തി സമൂഹത്തിൽ പ്രവർത്തികമാക്കിയ സുപ്രധാന സാമൂഹിക പരിഷ്കാരങ്ങളുമായി ഇന്ന് ഫാത്തിമയുടെ പേരും ചേർക്കപ്പെട്ടു കഴിഞ്ഞു. മഹാരാഷ്ട്രയിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനുവേണ്ട പുസ്തകങ്ങളും സിലബസ്സും മറ്റും തീരുമാനിക്കുന്ന ഏജൻസിയാണ് ബാൽഭാരതി. 2014 -ൽ മറാത്തി സമൂഹത്തിന് ഫാത്തിമ നൽകിയ സംഭാവനകളെ അവർ അംഗീകരിച്ചുകഴിഞ്ഞു.

ജാതിയോ ലിംഗഭേദമോ മതമോ നോക്കാതെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കാനായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച് ഫാത്തിമ ഷെയ്ഖ് മണ്മറഞ്ഞതിന്  രണ്ട് നൂറ്റാണ്ടുകൾക്കു ശേഷം ഇന്ന് മഹാരാഷ്ട്രയിലെ ചില സ്കൂളിൽ അവരുടെ ജീവചരിത്രം പാഠപുസ്തകത്തിന്റെ ഭാഗമാക്കിയിട്ടുണ്ട് എന്നത് ഏറെ ആശാവഹമായ ഒരു മാറ്റമാണ്.  

click me!