ജീവനക്കാരികൾ മുട്ടുകുത്തി നിന്ന് ഭക്ഷണം വിളമ്പണം, മസാജ് ചെയ്യണം; ചൈനയിലെ ഈ കഫേകള്‍ക്ക് വൻ വിമർശനം

By Web TeamFirst Published Apr 29, 2024, 4:04 PM IST
Highlights

ഉപഭോക്താക്കൾ പ്രവേശിക്കുമ്പോൾ, വളരെ ചെറിയ വസ്ത്രങ്ങളും മുയൽ ചെവിയൻ ഹെഡ്‌ബാൻഡുകളും ധരിച്ച സെർവർമാരായ യുവതികൾ അവരെ സ്വാഗതം ചെയ്യുന്നു, ഉപഭോക്താക്കൾക്ക് മുൻപിൽ കുമ്പിട്ടു കൊണ്ട് "വീട്ടിലേക്ക് സ്വാഗതം, മാസ്റ്റർ" എന്നു പറഞ്ഞുകൊണ്ടാണ് ഇവർ സ്വാഗതം ചെയ്യുന്നത്. 

ജീവനക്കാരികളെ ലൈംഗികമായി ചൂഷണം ചെയ്ത് കച്ചവടം നടത്തുന്ന ചൈനീസ് എസ്പോർട്സ് കഫേകൾക്കെതിരെ രൂക്ഷ വിമർശനം. കഫേയിൽ എത്തുന്ന ഉപഭോക്താക്കൾക്ക് മുന്നിൽ ജീവനക്കാരികൾ മുട്ടുകുത്തി നിന്ന് ഭക്ഷണവും പാനീയങ്ങളും വിളമ്പുകയും, അവർക്ക് മസാജ് ചെയ്തു കൊടുത്തും മറ്റും കൂട്ടിരിക്കുകയും ചെയ്യുന്നതാണ് ഏറെ വിചിത്രമായ ഇവിടുത്തെ രീതി. 

ഇത്തരം കഫേകൾക്കെതിരെ രൂക്ഷ വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. തങ്ങളുടെ വനിതാ വെയിറ്റിംഗ് സ്റ്റാഫ് ഫ്രഞ്ച് വേലക്കാരികളുടെ വസ്ത്രം ധരിക്കണമെന്നും ഉപഭോക്താക്കളെ സേവിക്കുമ്പോൾ മുട്ടുകുത്തി നിൽക്കണമെന്നുമാണ്  കഫെ ഉടമകളുടെ നിർദ്ദേശം. ചൈനയുടെ കിഴക്കൻ പ്രവിശ്യയായ ഷെജിയാങ്ങിലെ യിവു നഗരത്തിൽ, നിരവധി എസ്‌പോർട്‌സ് കഫേകളാണ് ഇത്തരം സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് പ്രവർത്തിക്കുന്നത്. 

ഉപഭോക്താക്കൾ പ്രവേശിക്കുമ്പോൾ, വളരെ ചെറിയ വസ്ത്രങ്ങളും മുയൽ ചെവിയൻ ഹെഡ്‌ബാൻഡുകളും ധരിച്ച സെർവർമാരായ യുവതികൾ അവരെ സ്വാഗതം ചെയ്യുന്നു, ഉപഭോക്താക്കൾക്ക് മുൻപിൽ കുമ്പിട്ടു കൊണ്ട് "വീട്ടിലേക്ക് സ്വാഗതം, മാസ്റ്റർ" എന്നു പറഞ്ഞുകൊണ്ടാണ് ഇവർ സ്വാഗതം ചെയ്യുന്നത്. 

തുടർന്ന് അവർ കഫേയിൽ നിന്നും മടങ്ങും വരെ ഈ യുവതികൾ അവർക്കൊപ്പം ഉണ്ടാകും. പ്രധാനമായും ഉപഭോക്താക്കൾക്ക് അരികിൽ മുട്ടുകുത്തി നിന്ന് ചായയും മറ്റും വിളമ്പുക, മസാജ് ചെയ്തു നൽകുക, വിവിധ ഗെയിമുകൾ കളിക്കാൻ അവർക്കൊപ്പം കൂടുക ഒക്കെയാണ് യുവതികൾ ചെയ്യുന്നത്.

കഫേയുടെ പ്രവർത്തന രീതികളെ ഏപ്രിൽ 15 -ന്, ചൈനീസ് അധികാരികൾ അപലപിക്കുകയും എസ്‌പോർട്‌സ് കഫേകളോട് അവരുടെ പ്രവർത്തന രീതി മാറ്റാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ലൈംഗികാതിക്രമം തടയാൻ തൊഴിലുടമകൾക്ക് സംവിധാനമില്ലാത്തതിനാൽ ചില വനിതാ ജീവനക്കാർ ഇരകളാക്കപ്പെടാൻ കാരണമായെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

ജീവനക്കാരികളെ മുട്ടുകുത്തിക്കുന്ന പ്രവൃത്തി സ്ത്രീകളുടെ അന്തസ്സിനെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൈനയുടെ സ്റ്റേറ്റ് മീഡിയ പ്രസ്താവന ഇറക്കിയിരുന്നു. ചൈനീസ് സാമൂഹിക മാധ്യമങ്ങളിലും എസ്പോർട്സ് കഫേക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

tags
click me!