ലഖ്നൌവിൽ കാമുകനുമായി ചേർന്ന് ജീവിക്കാൻ, ഭർത്താവിനെ ബീഫ് കേസിൽ കുടുക്കാൻ ഭാര്യ രണ്ടുതവണ ശ്രമിച്ചു. ആദ്യതവണ ജയിലിലായ ഭർത്താവ് പുറത്തിറങ്ങിയപ്പോൾ, വീണ്ടും ബീഫ് പാർസൽ അയച്ച് പോലീസിനെ അറിയിച്ചതോടെയാണ് ഗൂഢാലോചന പുറത്തായത്.

യുപിയിലെ ലഖ്നൌവിൽ കാമുകനുമായി ചേർന്ന് ഭർത്താവിനെ അകറ്റി നിർത്താനായി, അദ്ദേഹത്തിന്‍റെ കാറിൽ രണ്ട് തവണ ബീഫ് വച്ച് പോലീസിനെ വിളിച്ച് പറഞ്ഞ ഭാര്യ ഒടുവിൽ അകപ്പെട്ടു. കാമുകനുമൊത്ത് ജീവിക്കുന്നതിനും ഭർത്താവിനെ അകറ്റുന്നതുമായിരുന്നു ഭാര്യ ഇത്തരമൊരു പ്രവർത്തി ചെയ്തതെന്ന് പോലീസ് പറയുന്നു. ആദ്യ തവണ ബീഫുമായി അറസ്റ്റിലായ ഭർത്താവ് കുറച്ച് നാൾ കഴിഞ്ഞ ജയിൽ മോചിതനായി പുറത്തിറങ്ങിയിരുന്നു. വീണ്ടും ഇദ്ദേഹത്തിന്‍റെ പേരിൽ ബീഫ് പാർസൽ ഉണ്ടെന്ന് ബജ്‌റംഗ്ദൾ പ്രവർത്തകർ പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയുടെയും കാമുകന്‍റെയും ഗുഢതന്ത്രം പുറത്തായത്.

കുറ്റം തെളിയുന്നു

ജനുവരി 14 ന് കാകോരി പ്രദേശത്തെ ദുർഗാഗഞ്ചിന് സമീപം ഒരു ഓൺലൈൻ പോർട്ടർ വാഹനം പോലീസ് തടഞ്ഞു. അതിൽ 12 കിലോ ബീഫ് കണ്ടെത്തി. അമീനബാദിൽ നിന്നുള്ള പേപ്പർ ഫാക്ടറി ഉടമയായ വാസിഫിന്‍റെ പേരിലാണ് ഡെലിവറി ബുക്ക് ചെയ്തിരിക്കുന്നതെന്ന് ഡ്രൈവർ പോലീസിനോട് പറഞ്ഞു. എന്നാൽ അത്തരമൊരു ഓർഡർ നൽകിയിട്ടില്ലെന്ന് വാസിഫ് അറിയിച്ചു. പക്ഷേ, ഓഡറിന് ലഭിച്ച ഒടിപി പാസ്വേഡ് വാസിഫിന്‍റെ മൊബൈൽ ഫോണിലേക്കായിരുന്നു വന്നത്. പക്ഷേ, ഒടിപി വന്ന സമയത്ത് താൻ കുളിമുറിയിലായിരുന്നെന്ന് വാസിഫ് അറിയിച്ചു. വിശദമായ അന്വേഷണത്തിൽ വാസിഫിന്‍റെ ഭാര്യയാണ് ബീഫിന് ഓർഡർ ചെയ്തതെന്ന് പോലീസിന് വ്യക്തമായി. വാസിഫിന്‍റെ ഭാര്യയും മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയായ കാമുകൻ അമാനും ചേർന്ന് നടത്തിയ ഗൂഢാലോചനയായിരുന്നു അത്.

Scroll to load tweet…

വാസിഫിന്‍റെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് അമാൻ അമിനാബാദിൽ നിന്ന് കകോരിയിലേക്ക് ഓൺലൈൻ പോർട്ടറെ ബുക്ക് ചെയ്തു. ഭോപ്പാലിൽ നിന്ന് ബീഫ് കടത്തിക്കൊണ്ടുപോയി ഒരു കാർഡ്ബോർഡ് പെട്ടിയിൽ ഒളിപ്പിച്ച് രഹസ്യമായി വാഹനത്തിൽ കയറ്റുകയായിരുന്നു. പോലീസ് വേഗത്തിൽ പിടികൂടുന്നതിനായി, രാഹുൽ എന്ന വ്യാജ ഐഡന്‍റിറ്റിയിൽ അമാൻ ബജ്രംഗ്ദൾ അംഗങ്ങൾക്ക് വിവരം കൈമാറി. അവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നെന്ന് കകോരി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സതീഷ് ചന്ദ്ര റാത്തോഡ് പറഞ്ഞു.

ആദ്യ ഒറ്റ്

പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ വാസിഫിനെ നേരത്തെയും ഭാര്യയും കാമുകനും ചേർന്ന ബീഫ് കേസിൽ ഉൾപ്പെടുത്തിയിരുന്നു. 2022 -ലാണ് അമാനും വാസിഫിന്‍റെ ഭാര്യയും ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെടുന്നതും പിന്നാലെ പ്രണയത്തിലാകുന്നതും. പിന്നാലെ ഇരുവരും ചേർന്ന് വാസിഫിനെ കുടുക്കാനുള്ള വഴികളാലോചിച്ചു. അന്ന് ഹസ്രത്ഗഞ്ചിലെ ഒരു പാർക്കിംഗിലുണ്ടായിരുന്ന വാസിഫിന്റെ കറുത്ത മഹീന്ദ്ര ഥാറിൽ ഏകദേശം 20 കിലോ ബീഫ് ഇരുവരും ചേർന്ന് വച്ചു. പിന്നാലെ പോലീസിൽ വിവരം അറിയിച്ചു. അന്ന് വാസിഫ് പിടിയിലാവുകയും കുറച്ച് കാലം ജയിലിൽ കിടന്നു. എന്നാൽ പെട്ടെന്ന് തന്നെ കേസ് ജയിച്ച് അദ്ദേഹം പുറത്തെത്തി. ഇത് ഭാര്യയെയും കാമുകനെയും അസ്വസ്ഥമാക്കി. ഇതോടെയാണ് ഇരുവരും ചേർന്ന രണ്ടാമത്തെ പദ്ധതി തയ്യാറാക്കിയതെന്നും പോലീസ് പറയുന്നു. അമനെ അറസ്റ്റ് ചെയ്തെങ്കിലും വാസിഫിന്‍റെ ഭാര്യയെ പോലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.