രാജപക്സെ സഹോദരങ്ങൾക്ക് വീണ്ടുമൊരു വൻതെരഞ്ഞെടുപ്പ് വിജയംകൂടി, ശ്രീലങ്ക പോകുന്നത് കുടുംബഭരണത്തിലേക്കോ?

By Web TeamFirst Published Aug 7, 2020, 12:45 PM IST
Highlights

മഹിന്ദ പ്രധാനമന്ത്രിയാകുന്നത്, നിലവിൽ രമ്യതയിലുള്ള രാജപക്സെ സഹോദരങ്ങൾക്കിടയിൽ രാഷ്ട്രീയ വൈരമുണ്ടാവാനിടയുണ്ട്.

ശ്രീലങ്കയിലെ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ അന്തിമഫലങ്ങൾ ഇന്നലെ പുറത്തുവന്നപ്പോൾ മഹിന്ദ രാജപക്സെ നയിക്കുന്ന ശ്രീലങ്ക പൊതുജന പാർട്ടി (SLPP) പാർലമെന്റിലെ സീറ്റുകളിൽ ഭൂരിഭാഗവും തൂത്തുവാരിയിരിക്കുകയാണ്. 225 അംഗ പാർലമെന്റിൽ ഒറ്റയ്ക്ക് 145 സീറ്റ് നേടിക്കഴിഞ്ഞ പാർട്ടിക്ക് അഞ്ചു സഖ്യകക്ഷികളുടെ പിൻബലം കൂടിയാകുമ്പോൾ, പാർലമെന്റിലെ പ്രതിപക്ഷ സ്വരങ്ങൾ പേരിനുമാത്രമായി ഒതുങ്ങും. പ്രധാന പ്രതിപക്ഷ പാർട്ടിയായ യുണൈറ്റഡ് നാഷണൽ പാർട്ടിക്ക് കിട്ടിയത് വെറും 54 സീറ്റ് മാത്രമാണ്. 1.62 കോടിയില്പരം വോട്ടർമാരുള്ള ശ്രീലങ്ക ഇക്കുറി ഉയർന്ന പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത് - ഏകദേശം 75 ശതമാനത്തോളം. നേരത്തെയുള്ള പാർലമെന്റിൽ പതിനാറു സീറ്റുകളുണ്ടായിരുന്ന തമിഴ് നാഷണൽ അലയൻസിന്റെ സീറ്റുനില പത്തു സീറ്റായി ചുരുങ്ങിയിട്ടുണ്ട്. 

മഹിന്ദ രാജപക്സെയുടെ ഇളയ സഹോദരൻ ഗോട്ടാബായ രാജപക്സെ 2019 ഈസ്റ്റർ ഞായറാഴ്ച നടന്ന ചർച്ച് സ്‌ഫോടനങ്ങൾക്ക് ശേഷം എല്ലാം ശരിയാക്കാം എന്നുള്ള വാഗ്ദാനവുമായാണ് ശ്രീലങ്കയുടെ പ്രസിഡന്റ് പദത്തിൽ ഏറുന്നത്. ഇപ്പോൾ ജ്യേഷ്ഠൻ മഹിന്ദ പ്രധാനമന്ത്രിയാവുകയും, പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷം സിദ്ധിക്കുകയും ചെയ്യുന്നതോടെ ശ്രീലങ്കയുടെ ഭരണം രാജപക്സെ കുടുംബത്തിന്റെ കൈപ്പിടിയിൽ അമർന്നുപോകുന്ന ലക്ഷണമാണ്. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന പാർലമെന്റ് രാജ്യത്തിന്റെ വികസനത്തെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങളെ സാക്ഷാത്‌കരിക്കുന്ന ഒന്നാകും എന്ന് പ്രതീക്ഷിക്കുന്നതായി, ഫലമറിഞ്ഞ പാടെ ഗോട്ടാബായ ട്വീറ്റ് ചെയ്യുകയുണ്ടായി. 

രാജ്യത്തെ തമിഴ് പുലികളുടെ പ്രതിരോധങ്ങളെ അടിച്ചമർത്തുന്ന കർക്കശമായ നിലപാടിന്റെ പേരിലാണ് ലോകത്ത് ഈ സഹോദരങ്ങളുടെ പേര് പ്രസിദ്ധിയാർജ്ജിച്ചത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗോട്ടാബായയുടെ മിലിട്ടറി പശ്ചാത്തലമാണ് അങ്ങനെ ഉരുക്കുമുഷ്ടി പ്രയോഗിച്ച് തമിഴ് പുലികളെ ഉന്മൂലനം ചെയ്യുനതിലേക്ക് അവിടത്തെ സിംഹള ഗവണ്മെന്റിനെ കൊണ്ടെത്തിച്ചത്. പ്രസിഡന്റായ ശേഷം കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഗോട്ടാബായ നേടിയ വിജയവും ജനങ്ങൾക്ക് അദ്ദേഹത്തിലുള്ള വിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

 

 

എന്നാൽ, 2015 -ൽ വന്ന ഭരണഘടനാ പരിഷ്‌കാരങ്ങൾ പാർലമെന്റിന്റെയും പ്രധാനമന്ത്രിയുടെയും ശക്തി വർധിപ്പിക്കുന്നതും, പ്രസിഡന്റിന്റെ അധികാരങ്ങളിൽ വെള്ളം ചേർക്കുന്നതും ആയിരുന്നു. അതുകൊണ്ടുതന്നെ തന്റെ പ്രവർത്തനങ്ങൾക്ക് ഏറെ പരിമിതികൾ ഉണ്ടായിരുന്നു എന്നും അന്ന് ഗോട്ടാബായ ജാമ്യം എടുക്കുകയുണ്ടായി. അതുകൊണ്ട്, ഇപ്പോൾ മഹിന്ദ രാജപക്സെ പ്രധാനമന്ത്രിയാകുന്നതും, അദ്ദേഹത്തിന് മകൻ നമൽ രാജപക്സെയെ അടുത്ത രാഷ്ട്രീയ അനന്തരവാശിയായി വാഴിക്കാൻ ശ്രമിക്കുന്നതും ഒക്കെ സഹോദരങ്ങൾക്കിടയിൽ വ്രിരമുണ്ടാക്കാൻ ഇടയുണ്ട് എന്നാണ് ശ്രീലങ്കയിലെ രാഷ്ട്രീയ വിദഗ്ധർ കരുതുന്നത്. 

എന്താണ് മഹിന്ദ രാജപക്സെ കുടുംബത്തിന്റെ രാഷ്ട്രീയ ചരിത്രം ?

ഇപ്പോൾ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന ഗോട്ടബായ രാജപാക്‌സെ ശ്രീലങ്കൻ മിലിട്ടറിയിൽ ലെഫ്റ്റനന്റ് കേണൽ വരെ ആയ ശേഷം വിരമിച്ച് വിദേശത്ത് ജോലിതേടിപ്പോയ ആളാണ്. ലോസ് എൻജെലസിലെ ലയോള ലോ സ്‌കൂളിൽ സിസ്റ്റംസ് ഇന്റഗ്രേറ്റർ ആയും യൂണിക്സ് സൊളാരിസ് അഡ്മിനിസ്ട്രേറ്റർ ആയും മറ്റും ജോലി ചെയ്തശേഷം, 2005 -ൽ തന്റെ സഹോദരൻ മഹിന്ദ രാജപക്‌സെയുടെ പ്രസിഡൻഷ്യൽ കാമ്പെയ്ൻ മാനേജരായിട്ടാണ് തിരികെ ശ്രീലങ്കയിലേക്കെത്തുന്നത്. 

അന്ന് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച് പ്രസിഡണ്ടായ മഹിന്ദ, സഹോദരൻ ഗോട്ടബായയെ പ്രതിരോധ വകുപ്പിലെ പെർമനന്റ് സെക്രട്ടറിയായി നിയമിച്ചു. പ്രസിഡന്റായ ഉടനെ മഹിന്ദ എടുത്ത സുപ്രധാന തീരുമാനങ്ങളിൽ ഒന്ന് തമിഴ് പുലികളെ അടിച്ചമർത്തുക എന്നതായിരുന്നു. അതിന് ചുക്കാൻ പിടിക്കാനുള്ള ചുമതല മഹിന്ദ ഏല്പിച്ചതാകട്ടെ സഹോദരനും പ്രതിരോധ സെക്രട്ടറിയുമായ ഗോട്ടബായയെയും. മുപ്പതുവര്‍ഷമായി രാജ്യത്ത് അശാന്തി പടർത്തുന്ന തമിഴ്‍പുലി ശല്യത്തെ വേരോടെ പിഴുതെറിയാൻ എന്തും ചെയ്തുകൊള്ളാനുള്ള അനുവാദം സഹോദരനിൽ നിന്ന് ഗോട്ടബായ്ക്ക് അന്ന് കിട്ടി. ആ തീരുമാനം കാരണമായത് മനുഷ്യാവകാശ ലംഘനങ്ങളുടെയും അതിക്രൂരമായ മർദ്ദന-ബലാത്സംഗ-കൊലപാതകങ്ങളുടെയും ഒരു പരമ്പരക്ക് തന്നെയായിരുന്നു.

 

 

ബ്രിട്ടീഷ് ചാനൽ ആയ ചാനൽ ഫോർ, 'കില്ലിംഗ് ഫീൽഡ്സ് ഓഫ് ശ്രീലങ്ക' എന്ന പേരിൽ ഒരു ഡോകുമെന്ററി തന്നെ നിർമ്മിക്കുകയുണ്ടായി. അതിൽ ശ്രീലങ്കയിലെ സാധാരണക്കാരായ ജനങ്ങൾ അവരുടെ മൊബൈലിലും മറ്റും ഷൂട്ട്‌ചെയ്ത രംഗങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. ബ്രിട്ടീഷ് ടിവി ചരിത്രത്തിലെ ഏറ്റവും ഭീതിദമായ കലാപസാക്ഷ്യങ്ങളിൽ ഒന്നാണ് അത്.

ചില വീഡിയോകൾ സിംഹളരായ പട്ടാളക്കാർ തന്നെ ഷൂട്ടുചെയ്ത വീഡിയോകളാണ്. അതിൽ പിടിക്കപ്പെടുന്ന പുലികളെ പൂർണ്ണനഗ്നരാക്കി കണ്ണുകളിൽ കറുത്ത തുണികെട്ടി, കൈകൾ പിന്നിലേക്ക് ചേർത്ത് ബന്ധിച്ച്, മർദ്ദിച്ചവശരാക്കിയ ശേഷം തലക്ക് പോയിന്റ് ബ്ലാങ്കിൽ വെടിവെച്ച് അവരെ കൊല്ലുന്നതിന്റെ ദൃശ്യങ്ങളുണ്ട്. പുലികൾക്കെതിരായ ആഭ്യന്തരയുദ്ധം അതിന്റെ അവസാനത്തിലേക്കടുത്ത് 2009 അവസാനത്തിലാണ് ഈ കൊടിയ ക്രൂരതകൾ അരങ്ങേറിയത്. LTTE അനുഭാവം ആരോപിച്ചുകൊണ്ട് പട്ടാളം നിരവധി യുവതികളെ ബലാത്സംഗം ചെയ്ത വെടിവച്ചു കൊല്ലുകയും ചെയ്തിരുന്നു. അതിൽ ഇസൈപ്രിയ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ടെലിവിഷൻ അവതാരകയും ഉൾപ്പെടും. കീഴടങ്ങാൻ തയ്യാറായി വെള്ളക്കൊടിയും പേറിവരുന്ന പുലികളെപ്പോലും വെടിവെച്ച് കൊന്നുകളഞ്ഞേക്കാൻ ഗോട്ടബായ തന്നോട് നിർദ്ദേശിച്ചിരുന്നു എന്ന ജനറൽ ശരത് ഫൊൻസേകയുടെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു.

 

 

 

പുലികളെ തുടച്ചു നീക്കിയ ഗോട്ടബായ്ക്ക് സിംഹളഭൂരിപക്ഷ ജനതയ്ക്കുമുന്നിൽ ഒരു വീരനായകന്റെ പ്രതിച്ഛായയാണ്. യുദ്ധത്തിലെ ധീരതയെ മാനിച്ചുകൊണ്ട് കൊളംബോ യൂണിവേഴ്സിറ്റി അദ്ദേഹത്തിന് ഡോക്ടർ ഓഫ് ലെറ്റേഴ്സ് നൽകി ആദരിക്കുകയും ചെയ്തു. 2006 -ൽ സ്ഫോടകവസ്തുക്കൾ നിറച്ച ഒരു ഓട്ടോറിക്ഷ രാജപക്‌സെ സഞ്ചരിച്ചിരുന്ന മോട്ടോർബൈക്കിനുമേൽ ഇടിച്ചു കേറ്റി അദ്ദേഹത്തെ വധിക്കാൻ പുലികൾ ശ്രമിച്ചെങ്കിലും, രണ്ടു കമാൻഡോകൾ അതിനെ തടുക്കുകയും, രാജ്പക്‌സെയ്ക്കടുത്ത് എത്തും മുമ്പ് സ്ഫോടനം നടന്ന് ചാവേറുകളും രണ്ടു കമാണ്ടോകളും അടക്കമുള്ളവർ കൊല്ലപ്പെടുകയുമുണ്ടായി.

 

 

പൊറുക്കാനാവാത്ത കൊടും ക്രൂരതകളാണ് അന്ന് ഗോട്ടബായയുടെയും മഹിന്ദയുടെയും മേൽനോട്ടത്തിൽ അവരുടെ മൗനാനുവാദത്തോടെ സിംഹള സൈനികർ ശ്രീലങ്കയിലെ തമിഴ് ജനതയ്ക്കു മേൽ പ്രവർത്തിച്ചത്. ആ മനുഷ്യാവകാശലംഘനങ്ങളൊക്കെ തുടർച്ചയായ തെരഞ്ഞെടുപ്പ് വിജയങ്ങളുടെ പൊലിമയിൽ വിസ്മൃതമാകുമോ എന്നതാണ് ഇനി അറിയാനുള്ളത്. 

click me!