രാം ഭക്ത് ഗോപാലിന്റെ ജാമിയയിലെ വെടിവെപ്പിന് പിന്നിൽ ഒരു പ്ലാൻ ഉണ്ടായിരുന്നോ?, തെളിവുകൾ ഫേസ്‌ബുക്ക് പ്രൊഫൈലിൽ

By Web TeamFirst Published Jan 30, 2020, 5:02 PM IST
Highlights

റാം ഭക്ത് ഗോപാലിന്റെ  പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വന്ന പോസ്റ്റുകൾ പരിശോധിച്ചാൽ ഈ ആക്രമണം നിമിഷ നേരത്തെ പ്രകോപനത്തിന്റെ പുറത്തുണ്ടായതല്ല എന്ന് വ്യക്തമാകും

ജാമിയ മിലിയയിലെ വിദ്യാർത്ഥികൾക്കുനേരെ പിസ്റ്റളും ചൂണ്ടി വന്ന് വെടിവെച്ച റാം ഭക്ത് ഗോപാലിനെ പൊലീസ് അറസ്റുചെയ്യുകയുണ്ടായി. കിസ്കോ ചാഹിയേ ആസാദി, മേന്‍ ദൂംഗാ ആസാദി (ആര്‍ക്കാണ് ആസാദി വേണ്ടത്, ഞാന്‍ തരാം ആസാദി) എന്ന് ആക്രോശിച്ചു കൊണ്ടാണ് ഒരു അജ്ഞാതന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെച്ചത്. പൊലീസ് ബാരിക്കേഡുകള്‍ക്ക് നേരെ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് ചെയ്തു വരുന്നതിനിടെ എതിര്‍ദിശയിലൂടെ തോക്കുമായി നടന്നു വന്ന യുവാവ്. ആര്‍ക്കാണ് ഇവിടെ സ്വാതന്ത്ര്യം വേണ്ടത്, താന്‍ തരാം സ്വാതന്ത്യം എന്ന് ആക്രോശിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരും പൊലീസും കണ്ടുനില്‍ക്കുന്നതിനിടെയായിരുന്നു വെടിവെപ്പ്. ജാമിയ മിലിയയിലെ ഷബാബ് എന്ന വിദ്യാര്‍ത്ഥിക്കാണ് ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റത്.

ഇയാളുടെ പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വന്ന പോസ്റ്റുകൾ പരിശോധിച്ചാൽ ഈ ആക്രമണം നിമിഷ നേരത്തെ പ്രകോപനത്തിന്റെ പുറത്തുണ്ടായതല്ല എന്നും, ഏറെ നാളത്തെ ആലോചനയും വെറുപ്പും വിദ്വേഷവും ഒക്കെ അതിനു പിന്നിലുണ്ടെന്നും ബോധ്യപ്പെടും. 
 
"എന്റെ പേര് രാം ഭക്ത് ഗോപാൽ, തല്ക്കാലം ഇത്ര മതി, ബാക്കി വഴിയേ അറിഞ്ഞോളും " ഇതാണ് കയ്യിൽ ഒരു വാളുമേന്തിക്കൊണ്ട് നിൽക്കുന്ന അയാളുടെ ഫേസ്‌ബുക്ക് പ്രൊഫൈലിലെ ബയോ.  

ജനുവരി 28 -ന് ഗോപാൽ തന്റെ പ്രൊഫൈലിൽ  ഇങ്ങനെ കുറിച്ചു, '' ജനുവരി 31 വരെയുള്ള എന്റെ പോസ്റ്റുകൾ ദയവായി ആരും അവഗണിക്കരുത്. ". ഇന്ന് ജനുവരി 30 -ന് തൻ അത് ഗൗരവത്തിൽ തന്നെ പറഞ്ഞതാണ് എന്ന് ഗോപാൽ തന്റെ പ്രവൃത്തിയിലൂടെ തെളിയിച്ചു. 

ജനുവരി 29 -ന് രാവിലെ 9 മണിക്ക് അയാൾ വീണ്ടും പോസ്റ്റിട്ടു, " ആദ്യത്തെ പ്രതികാരം നിങ്ങൾക്കുവേണ്ടിയാണ് ചന്ദൻ ഭായി". ഒപ്പം പങ്കുവെച്ച ചിത്രത്തിൽ മുസ്ലീങ്ങളാൽ കൊല്ലപ്പെട്ടത് എന്ന് ഗോപാൽ സംശയിക്കുന്ന ഒരാളുടെ ചിത്രവുണ്ടായിരുന്നു.


 

വെടിവെപ്പിന് അഞ്ചു മണിക്കൂർ മുമ്പ് അടുത്ത പോസ്റ്റ്, അതിലെ എഴുത്ത് ഇങ്ങനെ, " ദയവായി എല്ലാ സഹോദരന്മാരും എന്നെ 'സീ ഫസ്റ്റ്' ആക്കി വെച്ചുകൊള്ളൂ.." 
 


 

വെടിവെക്കുന്നതിന് മുമ്പുള്ള മൂന്നുമണിക്കൂറിനിടെ അയാൾ ഫേസ്‌ബുക്കിൽ ലൈവായത് ഏഴുവട്ടം. അതിനിടെ 'ഇവിടെ ഹിന്ദു മീഡിയ ആരെയും കാണുന്നില്ല' എന്നും, 'എന്റെ വീട്ടുകാരെ നോക്കണേ' എന്നും അയാൾ പോസ്റ്റിട്ടു. 'ആസാദി കൊടുക്കാൻ പോകുന്നു' എന്നും 
 


 

ഏറ്റവും ഒടുവിൽ, വെടിവെക്കുന്നതിനു തൊട്ടുമുമ്പായി, " ഷാഹീൻ ബാഗ്... നീ തീർന്ന്..." എന്ന അവസാനത്തെ പോസ്റ്റും.
 


 

എന്നാൽ, നമ്മളെ അലട്ടേണ്ടത് ഈ യുവാവിന്റെ പ്രവൃത്തിയോ, വാക്കുകളോ ഒന്നുമല്ല. ഇയാളുടെ ഓരോ ഫേസ്‌ബുക്ക് ലൈവിന്റെയും ചുവട്ടിൽ അയാളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് വന്ന എണ്ണമില്ലാത്ത കമന്റുകളാണ്. അവയിൽ ഒന്നുപോലും അയാളെ പിന്തിരിപ്പിക്കുന്നതായിരുന്നില്ല. 


 

മുമ്പും പലവട്ടം ഗോപാലും സുഹൃത്തുക്കളും തോക്കും കാണിച്ചുകൊണ്ട് പോസ്റ്റുകളിട്ടിട്ടുണ്ട് ഫേസ്‌ബുക്കിൽ. അന്നൊന്നും ആരും കളി ഭാവിയിൽ കാര്യമാകും എന്ന് കരുതിക്കാണില്ല ഒരു പക്ഷേ. 
 

click me!