'അരവയറെങ്കിലും നിറഞ്ഞിരുന്നുവെങ്കില്‍...' ഗാസയിലിത് പട്ടിണിയുടെ റമദാന്‍..

By Web TeamFirst Published May 15, 2019, 1:15 PM IST
Highlights

റമദാൻ മാസമായി. എന്റെ വീട്ടിലെ ഫ്രിഡ്ജ് കാലിയാണ്. എന്റെ മക്കൾ റമദാൻ റാന്തലുകൾ വേണമെന്നും പറഞ്ഞ് ഒരേ  വാശി പിടിക്കുന്നു..  എന്റെ കയ്യിലാണെങ്കിൽ അവർക്കുവേണ്ട  ഭക്ഷണം വാങ്ങിക്കാനുള്ള കാശുപോലുമില്ല

ലോകത്ത് മറ്റെവിടെയും എന്നപോലെ ഗാസയിലെ മുസ്ലിമീങ്ങൾക്കും വളരെ പ്രിയങ്കരമായ ഒരു പുണ്യമാസമാണ് റമദാൻ. 2007 തൊട്ട് ഇസ്രായേൽ ഗാസാ സ്ട്രിപ്പിനു മേലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും, നിരന്തരം അവരുടെ സൈന്യം നടത്തുന്ന ഷെല്ലിങ്ങും, പരിശോധനകളുടെ പേരിൽ നടത്തുന്ന വിരട്ടലുകളും ഗാസയ്ക്കുള്ളിൽ തന്നെയുള്ള പലസ്തീനിയൻ അതോറിറ്റി - ഹമാസ് വേർതിരിവുകളും  ഒക്കെയായി ഗാസാനിവാസികളായ പലസ്തീനി മുസ്ലീങ്ങളുടെ  ജീവിതം ആകെ കലുഷിതമാണ്. റമദാൻ വന്നു പടിവാതിൽക്കൽ നിൽക്കുന്ന ഈ വേളയിലും ഓരോ ദിവസം കഴിയുന്തോറും ഗാസയിലെ കാലുഷ്യം വര്‍ധിക്കുന്നതേയുള്ളൂ. 

വിശുദ്ധ റമദാൻ മാസത്തെ ആദ്യദിവസം ഗാസ തുടങ്ങിയത് തലേന്ന് ഇസ്രായേലി വ്യോമസേന നടത്തിയ മിസൈലാക്രമണങ്ങളിൽ മരിച്ചുവീണ തങ്ങളുടെ ഉറ്റബന്ധുക്കളുടെ കബറടക്കത്തോടെയാണ്. രണ്ടു ദിവസം നീണ്ടുനിന്ന ആ ആക്രമണങ്ങളിൽ നൂറുകണക്കിന് വീടുകളും, വ്യാപാരസ്ഥാപനങ്ങളും ഒക്കെ തകർന്നടിഞ്ഞു.  

ഇങ്ങനെ, നാലുപാടും നിന്നുള്ള സമ്മർദ്ദങ്ങളിൽ പെട്ട ഗാസയിലെ സാമ്പത്തിക പരിതസ്ഥിതി ആകെ തകരാറിലായിരിക്കുകയാണ്. പലരുടെയും ഉപജീവനമാർഗമാണ് ഒരു രാത്രികൊണ്ട് ഇല്ലാതെയായത്. വിപണി നിർജീവമാണ്. റമദാനായിട്ടും കച്ചവടങ്ങൾക്കൊന്നും ഒരു ഉന്മേഷവുമില്ല. ഗാസയിൽ തൊഴിലില്ലായ്മ അതിന്റെ പരമകാഷ്ഠയിലാണ്.  പലരുടെയും ശമ്പളങ്ങൾ മുടങ്ങി. പച്ചക്കറി, പലചരക്കു സാധനങ്ങൾ വാങ്ങാനുള്ള പണം തികയാത്ത അവസ്ഥയിൽ പകൽ നോമ്പ് പിടിച്ച്  വിശന്നുവലഞ്ഞ് വന്നിട്ട്, സന്ധ്യയ്ക്ക് ചുരുങ്ങിയ തോതില്‍ ഒന്ന് നോമ്പുതുറക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനുപോലും ഇപ്പോൾ  അവർ പെടാപ്പാടു പെടുകയാണ്. 

ശമ്പളം ഏതാണ്ട് എല്ലാ മാസവും വളരെ വൈകിയാണ് കിട്ടുന്നതെന്നാണ് മുഹമ്മദ് സുൽത്താൻ എന്ന ഒരു ഗാസൻ തൊഴിലാളി പറഞ്ഞത്. ഏഴംഗങ്ങളുള്ള തന്റെ കുടുംബത്തെ പട്ടിണികിടക്കാതെ കൊണ്ടുപോവാൻ ആവാത്ത അത്ര പ്രാരാബ്ധത്തിലായിട്ടുണ്ട് എന്ന സങ്കടത്തിലാണയാൾ.  

പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള പലസ്തീനിയൻ അതോറിറ്റി മാർച്ച് 2017  തൊട്ട് ഗാസയിലെ അമ്പതിനായിരത്തോളം വരുന്ന തങ്ങളുടെ ജീവനക്കാർക്ക് കൊടുക്കുന്ന ശമ്പളത്തിൽ നിന്നും അറുപതു ശതമാനവും സാമ്പത്തിക പ്രതിസന്ധി എന്ന പേരിൽ വെട്ടിച്ചുരുക്കിയിരിക്കുകയാണ്. 

"റമദാൻ മാസമാണെന്നേ തോന്നുന്നില്ല. ഒരു സന്തോഷവുമില്ല ഉള്ളിൽ.." എന്നാണ് പലസ്തീനിയൻ അതോറിറ്റിയിലെ ജീവനക്കാരിയായ അമൽ അൽ സത്താറി പറഞ്ഞത്. മുമ്പെന്ന പോലെ റമദാൻ ഷോപ്പിംഗ് നടത്താനുള്ള പണമൊന്നും ഇപ്പോൾ അമലിന്റെ കയ്യിലില്ല. പിതാവ് അകാലത്തിൽ മരിച്ചതിന്റെ കുറവ് അറിയിക്കാതെയാണ് അമൽ തന്റെ ആറുമക്കളെയും വളർത്തുന്നത്.." റമദാൻ മാസത്തിൽ ശമ്പളം മുഴുവനായി തരും അതോറിറ്റി എന്നാണ് കരുതിയത്. അവർ പക്ഷേ, വെട്ടിക്കുറയ്ക്കൽ വീണ്ടും വർധിപ്പിക്കുകയാണ് ചെയ്തത്.  ഇത്തവണ 40% ശമ്പളം മാത്രമാണ് അവർ തന്നത്.." 

ഗാസയിൽ തൊഴിലില്ലായ്മ 52  ശതമാനമാണ്. ഇന്ത്യയിൽ അത് ആറ് ശതമാനമാണെന്നോർക്കണം. ഗാസയിലെ ഇരുപതു ലക്ഷം വരുന്ന പലസ്തീനിയൻ വംശജരിൽ പകുതിയും യുഎന്നിൽ നിന്നുള്ള സഹായങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. 

"റമദാൻ മാസമായി. എന്റെ വീട്ടിലെ ഫ്രിഡ്ജ് കാലിയാണ്. എന്റെ മക്കൾ റമദാൻ റാന്തലുകൾ വേണമെന്നും പറഞ്ഞ് ഒരേ  വാശി പിടിക്കുന്നു..  എന്റെ കയ്യിലാണെങ്കിൽ അവർക്കുവേണ്ട  ഭക്ഷണം വാങ്ങിക്കാനുള്ള കാശുപോലുമില്ല.."   കഴിഞ്ഞ മാസം തൊഴിൽ നഷ്ടപ്പെട്ട്, ഇപ്പോൾ  വീട്ടിലിരിക്കുന്ന ഒരു കൺസ്ട്രക്ഷൻ തൊഴിലാളിയായ മുഹമ്മദ് അല്ലാവി പറഞ്ഞു. "ഒരു റമദാൻ റാന്തൽ വാങ്ങണമെങ്കിൽ ചുരുങ്ങിയത് രണ്ടു ഡോളറെങ്കിലും വേണ്ടി വരും.. ആ കാശുണ്ടായിരുന്നെങ്കിൽ ഞാൻ ആദ്യം ഇവർക്ക് നോമ്പുതുറക്കാനുള്ള വെള്ളവും,  വിശപ്പടക്കാനുള്ള ഭക്ഷണവും വാങ്ങുന്നതിനെപ്പറ്റിയെ ഓർക്കൂ. മക്കളുടെ ഇത്ര ചെറിയ മോഹങ്ങൾ പോലും സാധിച്ചുകൊടുക്കാനാവാത്തതിന്റെ സങ്കടം തീർത്താൽ തീരില്ല..  " അദ്ദേഹം തുടർന്നു. 

"ലോകത്ത് മറ്റെല്ലാവരും വിശുദ്ധ റമദാൻ മാസത്തിൽ ഏറ്റവും നല്ല ഭക്ഷണങ്ങൾ ഇഫ്താറിന് ഒരുക്കാൻ ശ്രമിക്കും. അയല്പക്കത്തുള്ളവരെ ഇഫ്താർ വിരുന്നുകള്‍ക്ക് വിളിക്കും.. ഞങ്ങൾ ഗാസയിലുള്ള ഭാഗ്യദോഷികൾക്ക് മാത്രം ഇഫ്താർ എന്നുപറഞ്ഞാൽ അരവയർ ഭക്ഷണം എന്നാണർത്ഥം.. അതും ഭാഗ്യമുണ്ടെങ്കിൽ മാത്രം.."  അദ്‌നാൻ എന്ന ഒരു ആശുപത്രി ജീവനക്കാരൻ പറഞ്ഞു.  

പലരും അവരുടെ ഭാര്യമാരുടെ അവസാന തരി പൊന്നും പണയപ്പെടുത്തി റമദാൻ മാസം കടത്തിവിടാൻ പരിശ്രമിക്കുന്നു. ചിലർ കടം വാങ്ങി മക്കളെ നോമ്പ് തുറപ്പിക്കുന്നു. ഗാസയിലെ കച്ചവടക്കാർക്കും ഈ സാമ്പത്തികമാന്ദ്യം വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. പുലർച്ചെ മുതൽ പാതിരവരെ കടകൾ തുറന്നിരുന്നിട്ടും അവർക്ക് കാര്യമായ മെച്ചമൊന്നും ഉണ്ടാക്കാൻ കഴിയുന്നില്ല കച്ചവടം കൊണ്ട്.  

"എത്രയോ വർഷമായി ഗാസയിൽ ഞാൻ മധുരപലഹാരങ്ങളുടെ പീടിക നടത്തുന്നു. ഇതുപോലെ ഒരു മാന്ദ്യം ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഇതിപ്പോൾ മൂന്നാമത്തെ വർഷവും റമദാൻ ആകെ ഒരു മരവിപ്പിൽ മുങ്ങിയാണ് കടന്നു പോവുന്നത്. " മുഹമ്മദ് താഹ എന്ന ബേക്കറി ഉടമ പറഞ്ഞു. 

ശമ്പളം വെട്ടിച്ചുരുക്കുന്നതും, വൈകുന്നതും, വ്യാപാരങ്ങളെ മാന്ദ്യം ബാധിക്കുന്നതും, ആവശ്യസാധനങ്ങളുടെ വില ഏറുന്നതും ഒക്കെ ഒന്നിന് പിറകെ ഒന്നായി ഗാസയിലെ പലസ്‌തീൻ മുസ്ലീങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കുകയാണ്. പുണ്യമാസത്തിൽ, ലോകമെമ്പാടും വളരെ ആഘോഷപൂർവം റമദാനെ വരവേൽക്കുമ്പോൾ, അന്നന്നത്തെ അന്നത്തിനായി ഉഴലുന്ന പലസ്തീനിലെ നമ്മുടെ സഹജീവികളെക്കുറിച്ചും ഓർക്കാൻ നമുക്ക് മനസ്സുവരട്ടെ..!


 

click me!