
ലോകമെമ്പാടും മത്സ്യത്തൊഴിലാളികൾ (Fishermen) അസാധാരണം എന്നോ വിചിത്രം എന്നോ തോന്നുന്ന പല മത്സ്യങ്ങളെയും കണ്ടെത്താറുണ്ട്. ഇപ്പോഴിതാ റഷ്യയിലുള്ള ഒരു മത്സ്യത്തൊഴിലാളിയും അങ്ങനെ ഒരു മത്സ്യത്തെ കണ്ടെത്തിയിരിക്കയാണ്. 'ഫ്രാങ്കെൻസ്റ്റൈന്റെ മത്സ്യം' (Frankenstein's Fish) എന്നാണ് ഇതിനെ വിളിക്കുന്നത്. റോമൻ ഫെഡോർട്‌സോവ് (Roman Fedortsov) എന്ന മത്സ്യത്തൊഴിലാളി റഷ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള മർമൻസ്‌കിൽ ഒരു ട്രോളറിലാണ് ജോലി ചെയ്യുന്നത്. ഇത്തരത്തിലുള്ള അറിയപ്പെടാത്തതും അജ്ഞാതവുമായ ജീവികളെ കണ്ടെത്തുന്നതിനായിട്ടാണ് അദ്ദേഹം ഏറെനേരവും പ്രവർത്തിച്ചത്.
അടുത്തിടെ, അസാധാരണമായ ചിറകുകളും ഭയപ്പെടുത്തുന്ന തരം പ്രേതക്കണ്ണും പരുപരുത്ത വാലും ഉള്ള ഏതാണ്ട് അർദ്ധസുതാര്യമായ ഒരു മത്സ്യത്തെ അദ്ദേഹം കണ്ടെത്തി. മൊത്തത്തിൽ ഈ മത്സ്യത്തെ കണ്ടാൽ പലഭാഗങ്ങളും തുന്നിച്ചേർത്തതാണ് എന്ന് തോന്നുമായിരുന്നു. അദ്ദേഹം അതിനെ 'ഫ്രാങ്കെൻസ്റ്റൈന്റെ മത്സ്യം' എന്ന് വിശേഷിപ്പിച്ചു. ഈ വിചിത്രമായ മത്സ്യത്തെക്കുറിച്ച് നിരവധിപ്പേരാണ് കമന്റ് ചെയ്‍തത്. ഒരാൾ എഴുതി: "കുറച്ച് വർഷമായി ഞാൻ ഈ വെള്ളത്തിൽ ഇതിനെ തിരയുന്നു, നിങ്ങൾ വളരെ ഭാഗ്യവാനാണ്. കാരണം നിങ്ങളതിനെ കണ്ടെത്തി. അത് ഗംഭീരമാണ്".
മിക്കവാറും ആളുകൾ ഈ മത്സ്യത്തെ കണ്ടെത്താനായതിൽ മത്സ്യത്തൊഴിലാളിയെ അഭിനന്ദിച്ചു. ഏറെക്കാലമായി ഇതിനെ കാണാറില്ല എന്നും കണ്ടെത്താനായത് ഭാഗ്യം എന്നുമാണ് പലരും പറഞ്ഞത്. 651K- ലധികം ഫോളോവേഴ്‌സുള്ള തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ റോമൻ ഇത്തരത്തിലുള്ള നിരവധി അസാധാരണ ജീവികളുടെ ചിത്രങ്ങൾ നിരന്തരം പങ്കിടാറുണ്ട്. നേരത്തെ ഒരു വിചിത്രമായ മത്സ്യത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം ചോദിച്ചത് ഇത് പല്ലുള്ള ചീസ് ബർഗർ ആണോ എന്നാണ്. ഇത് പല്ലുള്ള ഒരു ചീസ്ബര്‍ഗറാണോ? അതോ ഏതെങ്കിലും ഫാസ്റ്റ് ഫുഡ് റസ്റ്റോറന്‍റില്‍ നിന്നുമുള്ള ചിക്കന്‍ സാന്‍ഡ്‍വിച്ചാണോ? അതോ മക്‌ഡൊണാൾഡിന്റെ പുതിയ മക്‌റിബ് സാൻഡ്‌വിച്ച്? എന്നൊക്കെയാണ് അദ്ദേഹം ചോദിച്ചത്.
കണ്ടാൽ ശരിക്കും സാൻഡ്‍വിച്ച് എന്ന് തോന്നുന്ന മത്സ്യത്തിന്റെ ചിത്രമായിരുന്നു അന്ന് അദ്ദേഹം പങ്കിട്ടത്. നിരവധിപ്പേർ അന്നും അദ്ദേഹത്തിന്റെ പോസ്റ്റിന് രസകമായ കമന്റുകളുമായി എത്തിയിരുന്നു. അതുപോലെ, അദ്ദേഹത്തിന്റെ വിചിത്രമായ ചില കണ്ടെത്തലുകൾ ഇതാ: