
മേഘങ്ങളിൽ വ്യത്യസ്ത രൂപങ്ങൾ കാണുന്നത് വെറുമൊരു തോന്നലല്ലേയെന്ന് കരുതാൻ വരട്ടെ. നിർജീവമായ വസ്തുക്കളിലോ പ്രകൃതി ദൃശ്യങ്ങളിലോ മനുഷ്യമുഖങ്ങളോ മൃഗങ്ങളുടെ രൂപങ്ങളോ കാണുന്ന ഈ മനഃശാസ്ത്രപരമായ പ്രതിഭാസത്തെ 'പാരൈഡോലിയ' എന്നാണ് വിളിക്കുന്നത്. എന്നാൽ, ആകാശത്ത് സമുദ്രത്തിലെ തിരമാലകളുടെ കൃത്യമായ രൂപത്തിൽ മേഘങ്ങൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ അത് വെറും ഭാവനയല്ല. മറിച്ച് പ്രകൃതിയിലെ ഏറ്റവും അപൂർവ്വവും അത്ഭുതകരവുമായ മേഘരൂപീകരണങ്ങളിൽ ഒന്നായ 'കെൽവിൻ-ഹെൽംഹോൾട്ട്സ് മേഘങ്ങൾ' (Kelvin-Helmholtz clouds) ആണത്.
അടുത്തിടെ ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവെച്ച ഇത്തരം അപൂർവ്വ മേഘങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഒൻപതിനായിരത്തിലധികം അപ്‌വോട്ടുകൾ നേടിയ ചിത്രത്തെ "ആകാശത്തെ സമുദ്രം" എന്നാണ് പലരും വിശേഷിപ്പിച്ചത്. ഈ അത്ഭുത പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രതത്വങ്ങൾ വിശകലനം ചെയ്ത ഭൗതികശാസ്ത്രജ്ഞരായ ലോർഡ് കെൽവിൻ, ഹെർമൻ ഫോൺ ഹെൽംഹോൾട്സ് എന്നിവരുടെ ബഹുമാനാർത്ഥമാണ് മേഘങ്ങൾക്ക് ഈ പേര് നൽകിയിരിക്കുന്നത്. 'എർത്ത്സ്‌കൈ' അന്തരീക്ഷത്തിലെ രണ്ട് വ്യതിരിക്ത വായുപാളികൾ വേഗത്തിലും സാന്ദ്രതയിലും വ്യത്യസ്തത പുലർത്തുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്.
തണുപ്പുള്ളതും സാന്ദ്രതയേറിയതുമായ താഴ്ന്ന വായുപാളിക്ക് മുകളിലൂടെ, ചൂടുള്ളതും സാന്ദ്രത കുറഞ്ഞതുമായ ഉയർന്ന വായുപാളി അതിവേഗത്തിൽ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന ഘർഷണം മേഘത്തിന്‍റെ മുകൾഭാഗത്തെ മുന്നോട്ട് വലിച്ചുകൊണ്ടുപോകുന്നു. ഇതാണ് കടലിലെ തിരമാലകൾ ചുരുളുന്നതിന് സമാനമായ രൂപം മേഘങ്ങൾക്ക് നൽകുന്നത്. ഈ അന്തരീക്ഷ സ്ഥിതിവിശേഷങ്ങൾ ഒരുമിച്ച് വരുന്നത് അത്യപൂർവ്വമായതിനാൽ കെൽവിൻ-ഹെൽംഹോൾട്സ് മേഘങ്ങൾ അപൂർവ്വമായി മാത്രമേ ദൃശ്യമാകാറുള്ളൂ. രൂപപ്പെട്ടു കഴിഞ്ഞാൽ തന്നെ മിനിറ്റുകൾക്കകം ഇവ മാഞ്ഞുപോവുകയും ചെയ്യും.
യുകെ മെറ്റ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം കാറ്റുള്ള ദിവസങ്ങളിലാണ് ഇവ രൂപപ്പെടാൻ കൂടുതൽ സാധ്യത. എന്നാൽ, ഈ മേഘങ്ങൾ വ്യോമയാന മേഖലയ്ക്ക് ഒരു സുപ്രധാന മുന്നറിയിപ്പ് കൂടിയാണ്. ഇവ രൂപപ്പെടുന്ന ഭാഗങ്ങളിൽ ശക്തവും കണ്ണുകൾക്ക് ദൃശ്യമാകാത്തതുമായ കടുത്ത വായുതരംഗങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. ഇത് വിമാന യാത്രയ്ക്ക് അപകടകരമായേക്കാം എന്നതിനാൽ പൈലറ്റുമാർ ഇത്തരം മേഘങ്ങൾ കാണപ്പെടുന്ന മേഖലകളിലൂടെയുള്ള പറക്കൽ ഒഴിവാക്കുകയാണ് പതിവ്. അതസമയം ചിത്രങ്ങൾക്ക് താഴെ വൻ കൗതുകത്തോടെയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിച്ചത്. "കാർട്ടൂണുകളിൽ കാണുന്ന തിരമാലകൾ പോലെ തോന്നിക്കുന്നു" എന്ന് ഒരാൾ കുറിച്ചപ്പോൾ, ജാപ്പനീസ് ആർട്ടിസ്റ്റ് ഹോകുസായിയുടെ ലോകപ്രശസ്തമായ 'ദി ഗ്രേറ്റ് വേവ് ഓഫ് കനഗാവ' (The Great Wave off Kanagawa) എന്ന വുഡ്ബ്ലോക്ക് പ്രിന്‍റിന് സമാനമാണ് ഈ കാഴ്ചയെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.