'റൗൾ റിസോ' : കെജിബി ഏജന്റുമാരെ കരാട്ടെ പഠിപ്പിച്ച ക്യൂബൻ സെൻസായ്

By Web TeamFirst Published Aug 3, 2020, 12:56 PM IST
Highlights

ക്‌ളാസിക്കൽ കരാട്ടെയും അതിലെ കത്തകളും സ്പാറിങ്ങും ഒക്കെ ഇൻഡോർ സ്റ്റേഡിയത്തിലെ മാറ്റിൽ അരങ്ങേറേണ്ട കളികൾ എന്നായിരുന്നു റൗളിന്റെ അഭിപ്രായം. യഥാർത്ഥ ജീവിതത്തിൽ തല്ലിജയിക്കാൻ അത് പോരാ എന്നദ്ദേഹം കരുതി. 

നിങ്ങളിൽ ആരെങ്കിലും ഒരു റഷ്യൻ ചാരനെ, ഒരു കെജിബി ഏജന്റിനെ നേരിട്ട് കണ്ടിട്ടുണ്ടോ? അത്യന്തം അപകടകാരികളായ ആയോധനകലാഭ്യാസികളാണ് ഓരോ കെജിബി ഏജന്റുമാരും. രണ്ടാം ലോകമഹായുദ്ധ കാലത്ത് അവരുടെ ആയോധനശൈലി അറിയപ്പെട്ടിരുന്നത് 'സാംബോ' എന്നായിരുന്നു. ആ പദത്തിന്റെ അർഥം ആയുധങ്ങളില്ലാതെ നടത്തുന്ന പോരാട്ടം എന്നാണ്. എന്നാൽ, രണ്ടാം ലോകമഹായുദ്ധകാലത്തെ ഈ ശംഭോ 'സാംബോ' ശൈലിയിൽ നിന്ന് റഷ്യൻ കെജിബി ഏജന്റുമാർ ഏറെ പുരോഗമിച്ചിട്ടുണ്ട്. അതിന്റെ ക്രെഡിറ്റ്, അവരെ 'ഓപ്പറേഷണൽ കരാട്ടെ'യുടെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ച റൗൾ ഡിസോ എന്ന ക്യൂബൻ സൈനിക ഓഫീസർക്കാണ്.

 

 

'കരാട്ടെ' എന്ന പദത്തിന്റെ അർഥം 'വെറും കൈ' എന്നാണ്. ജപ്പാനിൽ വേരുകളുള്ള ഈ പുരാതന ആയോധന കലയ്ക്ക് ഷിറ്റോറിയൂ, ഷോട്ടോക്കാൻ, ഗോജൂറിയൂ, വഡോറിയൂ, ഷോറിൻറിയൂ, ഉച്ചിറിയൂ, ക്യോകുഷിൻ എന്നിങ്ങനെ പല ശൈലീഭേദങ്ങളുമുണ്ട്. അവയ്‌ക്കെല്ലാം തനതായ 'കത്ത'കൾ എന്നറിയപ്പെടുന്ന ക്ലാസിക്കൽ അടി തട ചുവടുകളുമുണ്ട്. യുദ്ധത്തിലും മറ്റു പ്രാദേശിക കലാപങ്ങളിലും വിന്യസിക്കപ്പെടുന്ന സൈനികർക്ക് നേരിടേണ്ടി വരുന്ന ഏറെ പരുക്കനായ സാഹചര്യങ്ങൾക്ക് അനുസൃതമായി പെട്ടെന്ന് എടുത്തു പ്രയോഗിക്കാവുന്ന രീതിയിൽ പ്രായോഗികമായി കരട്ടെയെ പരിഷ്കരിച്ചവർ പലരുമുണ്ട്. അങ്ങനെ ചെയ്ത പരിശീലകരിൽ പ്രമുഖനാണ് റൗൾ ഡിസോ എന്ന ക്യൂബൻ സെൻസയ്.  കരാട്ടെയിൽ താൻ വരുത്തിയ പരിഷ്കാരങ്ങൾക്കു ശേഷം അതിനെ അദ്ദേഹം വിളിച്ചത് 'ഓപ്പറേഷണൽ കരാട്ടെ' എന്നായിരുന്നു. 

 

 

കെജിബിയുടെ ഡെപ്യൂട്ടി ചെയർമാൻ ആയ വ്ലാദിമിർ പിറോഷ്‌ക്കോവിന്  1978 -ൽ ഫിദൽ കാസ്‌ട്രോയിൽ നിന്ന് ഒരു ക്ഷണം കിട്ടി. ഹവാനയിൽ വന്ന് തങ്ങളുടെ പട്ടാളത്തിന്റെ ആയോധന കലാ പരിശീലനത്തിന് സാക്ഷ്യം വഹിക്കാം. ആ ക്ഷണം സ്വീകരിച്ച് അവിടെയെത്തിയ വ്ലാദിമിർ അവിടെ പരിശീലനം നല്കിക്കൊണ്ടിരുന്ന റൗൾ ഡിസോ എന്നറിയപ്പെട്ടിരുന്ന ഡോമിംഗോ റോഡ്രിഗസ് ഓക്വേണ്ടോയുടെ ആയോധന സങ്കേതങ്ങളുടെ ഫലസിദ്ധി കണ്ട് മൂക്കത്ത് വിരൽ വെച്ചുപോയി. 

ഫിദലിന്റെ അംഗരക്ഷകനാകുന്നതിനു മുമ്പ്, റൗൾ റിസോ അറുപതുകളിൽ  ജപ്പാനിൽ പോയി ജ്യോഷിൻമോൻ ഷോറിൻയു കരാട്ടെയുടെ ക്‌ളാസിക്കൽ ഒക്കിനാവൻ സ്റ്റൈൽ അഭ്യസിച്ചിരുന്നു. അതിൽ പരമാവധി പ്രാവീണ്യം ആർജിച്ച് അഡ്വാൻസ്ഡ് ലെവൽ ബ്ലാക്ക് ബെൽറ്റും നേടിയാണ് റൗൾ ക്യൂബയിലേക്ക് ഒരു കരാട്ടെ മാസ്റ്ററായി തിരികെ വരുന്നത്. എന്നാൽ, ക്‌ളാസിക്കൽ കരാട്ടെയും അതിലെ കത്തകളും സ്പാറിങ്ങും ഒക്കെ ഇൻഡോർ സ്റ്റേഡിയത്തിലെ  മാറ്റിൽ അരങ്ങേറേണ്ട കളികളാണ് എന്നായിരുന്നു റൗളിന്റെ അഭിപ്രായം. യഥാർത്ഥ ജീവിതത്തിൽ തല്ലിജയിക്കാൻ, എതിരാളിയോട് മുട്ടി നില്ക്കാൻ അതൊന്നും  പോരായിരുന്നു എന്നും അദ്ദേഹം കരുതി. അതുകൊണ്ട്, സൈന്യത്തിൽ ട്രെയിനർ ആയി ലാവണത്തിൽ പ്രവേശിച്ചപ്പോൾ റൗൾ താൻ സ്വായത്തമാക്കിയിരുന്ന ഒക്കിനാവൻ ക്ലാസിക്കൽ സ്റ്റൈലിൽ ചില്ലറ പരിഷ്കാരങ്ങളൊക്കെ വരുത്തി. അക്കാലത്ത് ക്യൂബൻ പട്ടാള ഓഫീസർമാർ ലോകത്തിന്റെ പലഭാഗങ്ങളിലേക്കും ഡിപ്ലോയ് ചെയ്യപ്പെട്ടിരുന്നതുകൊണ്ട് ഈ പരിഷ്കാരങ്ങളിൽ ഏതൊക്കെയാണ് ഫലപ്രദം എന്ന് കൃത്യമായി അംഗോളയിലെയും, മൊസാംബിക്കിലെയും, നിക്കരാഗ്വയിലെയുമൊക്കെ തങ്ങളുടെ ശത്രുക്കളുടെ മേൽ പരീക്ഷിച്ച് ഉറപ്പിക്കാനുള്ള സാവകാശം റൗളിന് കിട്ടി. അദ്ദേഹത്തിന്റെ ഉത്സാഹത്തിൽ ക്യൂബൻ സൈന്യത്തിലും പൊലീസിലും ഒക്കെ  'ഓപ്പറേഷണൽ കരാട്ടെ'ഒരു തരംഗമായി. വിപ്ലവത്തിന്റെ ആയുധമെന്നു പോലും അത് വിശേഷിപ്പിക്കപ്പെട്ടു. 

 

 

എന്തായാലും പിറോഷ്‌ക്കോവിന് റൗൾ റിസോയുടെ 'ഓപ്പറേഷണൽ കരാട്ടെ' ഇഷ്ടപ്പെട്ടു. നാട്ടിൽ തിരിച്ചെത്തിയപാടെ അദ്ദേഹം അന്നത്തെ കെജിബി ഹെഡ് യൂറി ആന്ദ്രോപ്പോവിനെ ചെന്നുകണ്ടു. അധികം താമസിയാതെ തന്നെ റൗൾ റിസോ റഷ്യൻ മണ്ണിലേക്ക് ക്ഷണിച്ചു വരുത്തപ്പെട്ടു. 1978 നവംബറിൽ റൗൾ മാസ്റ്ററും അസിസ്റ്റന്റ് രമിറോ ചിറിനോയും മോസ്കോയിലെത്തി. അടുത്ത മൂന്നുമാസത്തേക്ക് ല്യൂബിങ്കയിലെ ജിമ്മുകളിൽ കെജിബി ഏജന്റുമാർക്ക് ദിവസേന 12 മണിക്കൂർ നേരം കടുത്ത പരിശീലനം നൽകപ്പെട്ടു. 1979 -ൽ 50  സോവിയറ്റ് ഓഫീസർമാർ ഔപചാരികമായി തന്നെ കരാട്ടെ മാസ്റ്റർമാരായി സാക്ഷ്യപ്പെടുത്തപ്പെട്ടു. അവർക്ക് സർട്ടിഫിക്കറ്റുകളും മറ്റും നൽകപ്പെട്ടു. അന്നുതൊട്ടിങ്ങോട്ട് നിരന്തരം പരിഷ്കരണങ്ങൾ ഉണ്ടായി എങ്കിലും 'ഓപ്പറേഷണൽ കരാട്ടെ' തന്നെയാണ് റഷ്യൻ രഹസ്യ സേനകളുടെ പിൻബലം. 2011 -ൽ റൗൾ മാസ്റ്റർ മരണപ്പെട്ടു എങ്കിലും കെജിബി ഏജന്റുമാർ ഇന്നും തങ്ങളുടെ ബഹുമാന്യനായ സെൻസായിയെ ബഹുമാനപൂർവ്വം സ്മരിക്കുന്നുണ്ട്. 

click me!