അവസാനം വരെ പൊരുതിനിന്നു; ബ്രിട്ടീഷുകാർ ക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ ആ ധീര വിപ്ലവകാരി ആരാണ്?

By Web TeamFirst Published Aug 3, 2020, 10:33 AM IST
Highlights

പിന്നീടങ്ങോട്ട് ഒരു മനുഷ്യനും സഹിക്കാൻ കഴിയാത്ത കൊടുംപീഡനങ്ങളാണ് അദ്ദേഹം ബ്രിട്ടീഷുകാരുടെ കൈയിൽ അനുഭവിച്ചത്. 1934 ജനുവരി 12 ന്‌ തൂക്കിലേറ്റുന്നതിന് നിമിഷങ്ങൾക്ക് മുമ്പ്, കാണ്ണില്‍ച്ചോരയില്ലാതെ ബ്രിട്ടീഷുകാർ സെന്നിനെ ക്രൂരമായി പീഡിപ്പിച്ചു.

കിഴക്കൻ ഇന്ത്യയിലും, ബംഗാളിലും രാജ്യത്തിന് അഭിമാനമായിത്തീർന്ന ധാരാളം സ്വാതന്ത്ര്യസമരസേനാനികൾ പിറവി കൊണ്ടിട്ടുണ്ട്. പക്ഷേ, നിർഭാഗ്യവശാൽ അവരിൽ പലരുടെയും പോരാട്ടകഥകൾ കാലത്തിന്റെ കുത്തൊഴുക്കിൽ മാഞ്ഞുപോയിട്ടുണ്ട്. അവർ രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ചുവെങ്കിലും, ഒരിക്കലും ചരിത്രത്തിൽ വേണ്ട രീതിയിൽ അംഗീകാരിക്കപ്പെടാത്തവരുമുണ്ട്. അത്തരത്തിലൊരാളായിരുന്നു 1930 -ൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ വൻപോരാട്ടം നടത്തിയ സൂര്യ സെൻ. സ്വാതന്ത്ര്യത്തിനായി അദ്ദേഹം അനുഭവിച്ച യാതനകൾ ആരുടെയും കണ്ണുകൾ ഈറനണയിക്കുന്നതാണ്.

ഒരധ്യാപകനായിരുന്ന സൂര്യ സെൻ, 1916 -ൽ ഹറംപൂർ കോളേജിൽ  ബി.എ. വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ദേശീയ ആശയങ്ങളോട് ആദ്യമായി താല്പര്യം തോന്നിയത്. പിന്നീട് അനുശീലൻ സമിതി എന്ന വിപ്ലവ സംഘടനയിൽ അദ്ദേഹം ചേരുകയായിരുന്നു. അദ്ദേഹത്തിന്റെ മഹത്തായ പ്രവർത്തനവും നേതൃത്വഗുണവും കാരണം ചിറ്റഗോംഗ് ബ്രാഞ്ചിൽ നിന്ന് (ഇപ്പോൾ ബംഗ്ലാദേശിൽ) കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബംഗാളിലെ നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ മറ്റൊരു സ്വാതന്ത്ര്യസമര സേനാനിയും അഹിംസാവാദിയുമായ ചിത്രരഞ്ജൻ ദാസുമായും അദ്ദേഹം അടുത്ത് പ്രവർത്തിച്ചിട്ടുണ്ട്. കോളേജിലെ വിദ്യാർത്ഥികളും സഹപ്രവർത്തകരും സെന്നിനെ സ്നേഹപൂർവ്വം 'മാസ്റ്റർ ദാ...' എന്ന് വിളിച്ചു. 1926 മുതൽ 1928 വരെ രണ്ട് വർഷം ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് സെൻ ജയിലിലടക്കപ്പെട്ടു. എന്നാൽ, അതോടെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി മാറി.

ജയിൽ മോചിതനായ ശേഷം, 1930 ഏപ്രിൽ 18 -ന് ചിറ്റഗോംഗ് ആയുധശാലയിൽ നിന്ന് പൊലീസിന്റെയും സഹായസേനയുടെയും ആയുധശേഖരം ഒരുകൂട്ടം വിപ്ലവകാരികളുമായി ചേർന്ന് സെൻ കൊള്ളയടിച്ചു. എല്ലാ കോണുകളിൽ നിന്നും ബ്രിട്ടീഷുകാരെ അക്രമിക്കാൻ കഴിയുന്ന വിപ്ലവ സൈന്യത്തിന്റെ അടിത്തറ പാകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആയുധശാലയിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുക്കുന്നതിലും നഗരത്തിലെ ആശയവിനിമയ സംവിധാനം നശിപ്പിക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചു. അതുവഴി ചിറ്റഗോങ്ങിനെ ബ്രിട്ടീഷ് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താൻ അവർ ലക്ഷ്യമിട്ടു. സംഘത്തിന് ആയുധങ്ങൾ കൊള്ളയടിക്കാൻ കഴിഞ്ഞെങ്കിലും, വെടിമരുന്ന് കണ്ടെത്താൻ കഴിഞ്ഞില്ല! വളരെ അധികം മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ ഒരു നിർണായക നിമിഷമായിരുന്നു അത്.  

ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി ചിറ്റഗോംഗ് ബ്രാഞ്ചിന്റെ പേരിൽ നടത്തിയ ആ റെയ്‍ഡില്‍ അറുപത്തിയഞ്ചുപേർ ഉൾപ്പെട്ടിരുന്നു. എല്ലാ വിപ്ലവ ഗ്രൂപ്പുകളും പൊലീസ് ആയുധശാലയ്ക്ക് പുറത്ത് തടിച്ചുകൂടി. അവിടെ വെളുത്ത ഖാദി ധോത്തിയും നീളൻ കോട്ടും ഗാന്ധി തൊപ്പിയും ധരിച്ച സൂര്യ സെൻ കെട്ടിടത്തിന് വെളിയിൽ ദേശീയ പതാക ഉയർത്തി.  'വന്ദേ മാതരം', 'ഇൻക്വിലാബ് സിന്ദാബാദ്' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു.  

വെടിമരുന്ന് ഇല്ലാതെ, ബ്രിട്ടീഷുകാരുമായി ഒരു തുറന്ന യുദ്ധത്തിൽ ഏർപ്പെടുന്നത് ബുദ്ധിയല്ല എന്നവർക്ക് തോന്നി. എന്നിരുന്നാലും, ഏപ്രിൽ 22 -ന് ആയിരക്കണക്കിന് ബ്രിട്ടീഷ് സൈനികർ ജലാലാബാദ് കുന്നിൽ വച്ച് അവരെ പിടികൂടി. തുടർന്നുള്ള യുദ്ധത്തിൽ 12 വിപ്ലവകാരികളും 80 ബ്രിട്ടീഷ് ആർമി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. തോൽക്കുമെന്ന് ഉറപ്പായ, സെനും കൂട്ടരും അയൽഗ്രാമങ്ങളിലേക്ക് രക്ഷപ്പെട്ടു. അവിടെ അവർ ചെറിയ ഗ്രൂപ്പുകളായി വിഭജിച്ച് ഗറില്ലാ റെയ്ഡുകൾ നടത്തുകയും കൊളോണിയൽ ഉദ്യോഗസ്ഥരെ കൊല്ലുകയും അവരുടെ സ്വത്ത് നശിപ്പിക്കുകയും ചെയ്തു. സൂര്യ സെന്നിന്റെ നടപടികളിൽ അമ്പരന്ന് പോയ ബ്രിട്ടീഷുകാർ ഇവർ ഒളിവിൽ കഴിയുന്ന മുസ്ലീം ആധിപത്യമുള്ള ഗ്രാമങ്ങൾക്ക് ചുറ്റും ക്രൂരമായ ആക്രമണങ്ങൾ അഴിച്ചുവിട്ടു. കൊടുംപീഡനങ്ങൾ സഹിച്ചിട്ടും, പക്ഷേ ഈ ഗ്രാമീണർ സൂര്യയെയും സംഘത്തെയും ഒറ്റുകൊടുത്തില്ല. പകരം അവർക്ക് മൂന്ന് വർഷത്തേക്ക് ഭക്ഷണവും ജോലിയും പാർപ്പിടവും വാഗ്ദാനം ചെയ്തു.

എന്നാൽ, ഒടുവിൽ സെന്നിന്റെ കൂട്ടാളിയായ നേത്ര സെൻ അദ്ദേഹത്തെ ഒറ്റിക്കൊടുത്തു. തന്റെ വീട്ടിൽ സെൻ ഒളിച്ചിരിക്കുകയാണെന്ന് നേത്ര ബ്രിട്ടീഷുകാരെ അറിയിച്ചു. അങ്ങനെ 1933 ഫെബ്രുവരി 16 -ന് അവർ സെന്നിനെ അറസ്റ്റ് ചെയ്തു. ഒറ്റികൊടുത്തതിന് നേത്രയ്ക്ക് ബ്രിട്ടീഷ് സർക്കാർ ഒരു പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പക്ഷേ അത് വാങ്ങുന്നതിന് മുമ്പ് സെനിന്റെ കൂട്ടത്തിലെ ഒരു വിപ്ലവകാരി നേത്രയുടെ തല അറുത്തു മാറ്റുകയായിരുന്നു. എന്നിരുന്നാലും, സൂര്യ സെന്നിനെ പിന്തുണച്ചിരുന്ന നേത്രയുടെ ഭാര്യ ഒരിക്കലും ഭർത്താവിനെ കൊന്നതാരാണെന്ന് വെളിപ്പെടുത്തിയില്ല.  

പിന്നീടങ്ങോട്ട് ഒരു മനുഷ്യനും സഹിക്കാൻ കഴിയാത്ത കൊടുംപീഡനങ്ങളാണ് അദ്ദേഹം ബ്രിട്ടീഷുകാരുടെ കൈയിൽ അനുഭവിച്ചത്. 1934 ജനുവരി 12 ന്‌ തൂക്കിലേറ്റുന്നതിന് നിമിഷങ്ങൾക്ക് മുമ്പ്, കാണ്ണില്‍ച്ചോരയില്ലാതെ ബ്രിട്ടീഷുകാർ സെന്നിനെ ക്രൂരമായി പീഡിപ്പിച്ചു. അവർ അദ്ദേഹത്തിന്റെ അസ്ഥികൾ ഒന്നൊന്നായി ഒടിച്ചു. താടിയെല്ലുകൾ അടിച്ചു തകർത്തു. പല്ലും നഖവും പിഴുതെടുത്തു. ഒടുവിൽ അദ്ദേഹത്തിന്റെ സന്ധികളും തകർത്തു. നടക്കാനോ സംസാരിക്കാനോ കഴിയാത ഒരു ജീവച്ഛവമായി അദ്ദേഹം മാറി. അപ്പോൾ മാത്രമാണ് അവർ അദ്ദേഹത്തെ കൊണ്ടുപോയി തൂക്കിലേറ്റിയത്. അവർ അദ്ദേഹത്തോട് കാണിച്ച ഏക ദയയും അതായിരുന്നു. മരണം.    

എന്നാൽ, ഇത്രയൊക്കെ ചെയ്തിട്ടും അദ്ദേഹത്തിന്റെ രാജ്യസ്നേഹത്തെയും, ആവേശത്തെയും കെടുത്താൻ അവർക്കായില്ല. “മരണം എന്റെ വാതിൽക്കൽ മുട്ടുന്നു. എന്റെ മനസ്സ് നിത്യതയിലേക്ക് പറക്കുകയാണ്… അത്ര സുഖകരമായ, ഗംഭീരമായ നിമിഷത്തിൽ, എന്റെ കല്ലറയിൽ ഞാൻ നിങ്ങൾക്കായി എന്താണ് ഉപേക്ഷിക്കുക? ഒരേയൊരു കാര്യം, അതാണ് എന്റെ സ്വപ്നം, ഒരു സുവർണ്ണ സ്വപ്നം - സ്വതന്ത്ര ഇന്ത്യക്കായുള്ള സ്വപ്നം…. ചിറ്റഗോംഗിലെ കിഴക്കൻ കലാപത്തിന്റെ ദിവസമായ 1930 ഏപ്രിൽ 18 ഒരിക്കലും മറക്കരുത്… ഇന്ത്യയുടെ സ്വാതന്ത്ര്യ ബലിപീഠത്തിൽ ജീവൻ ബലിയർപ്പിച്ച ദേശസ്നേഹികളുടെ പേരുകൾ നിങ്ങളുടെ ഹൃദയത്തിൽ ചുവന്ന അക്ഷരങ്ങളിൽ എഴുതുക” വധശിക്ഷയ്ക്ക് മുമ്പ് സഖാക്കൾക്ക് സെൻ എഴുതി അയച്ച കത്തിലെ വാചകങ്ങളാണ് ഇവ.

നിർഭാഗ്യവശാൽ ഈ മഹത്തായ സ്വാതന്ത്ര്യസമര സേനാനിയെ ആരും ഓർമിക്കുന്നില്ല. അദ്ദേഹം ഉൾപ്പെടുന്ന കോൺഗ്രസ് പാർട്ടിപോലും  രാജ്യത്തിനായി ജീവൻ ബലികഴിച്ച ആ പോരാളിയെ കുറിച്ച് സംസാരിക്കുന്നില്ല.  സെന്നിന്റെ ഒളിമങ്ങാത്ത ആശയങ്ങളും, ധൈര്യവും,  ത്യാഗവും സ്വാതന്ത്ര്യ പോരാട്ട ചരിത്രത്തിൽ ഒട്ടും കുറയാത്ത ഒരു സ്ഥാനം അദ്ദേഹത്തിന് നേടിക്കൊടുക്കുന്നത്.  

click me!