
കൃഷ്ണ വിഗ്രഹത്തെ വിവാഹം കഴിച്ച് യുപിയിൽ നിന്നുള്ള 28 -കാരി. പരമ്പരാഗത ഹിന്ദു ചടങ്ങുകളെല്ലാമുള്ള ഒരു വിവാഹമാണ് രണ്ട് ദിവസം മുമ്പ് ഉത്തർപ്രദേശിലെ ബുദൗൺ ജില്ലയിൽ നടന്നത്. പിങ്കി ശർമ്മ എന്ന യുവതിയാണ് കൃഷ്ണ വിഗ്രഹത്തെ വിവാഹം കഴിച്ചിരിക്കുന്നത്. ശനിയാഴ്ചയായിരുന്നു വിവാഹം. പരമ്പരാഗത വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും പിങ്കി വിവാഹത്തിൽ പിന്തുടർന്നു. വധുവിന്റെ മടിയിൽ കൃഷ്ണ വിഗ്രഹം വച്ചിരുന്നു. എല്ലാ വധുക്കളെയും പോലെ പിറ്റേ ദിവസം പിങ്കിയ്ക്കുള്ള സ്വന്തം വീട്ടുകാരുടെ യാത്ര പറച്ചിൽ പോലും ഈ വിവാഹത്തിലും ഉണ്ടായിരുന്നു.
പിങ്കിയുടെ ഗ്രാമം മുഴുവൻ അവളുടെ കുടുംബത്തിന്റെ വേഷം അവതരിപ്പിക്കാൻ വേണ്ടി വിവാഹത്തിന് ഒത്തുകൂടിയിരുന്നു. അവളുടെ വീട്ടുകാരും സജീവമായി വിവാഹച്ചടങ്ങുകൾക്ക് ഒപ്പം നിന്നു. വരനെ ആനയിക്കുന്ന ചടങ്ങിൽ അവളുടെ സഹോദരീഭർത്താവാണ് കൃഷ്ണനായത്. ഒരു ഹിന്ദു വധുവിന്റെ എല്ലാ അലങ്കാരങ്ങളോടും കൂടിയാണ് പിങ്കി വിവാഹത്തിന് ഒരുങ്ങിയിരിക്കുന്നത്. ആജ് തക്കിനോട് സംസാരിക്കവെ, എന്തുകൊണ്ടാണ് കൃഷ്ണനെ വിവാഹം ചെയ്തത് എന്നും പിങ്കി വിശദീകരിച്ചു.
ഇത് വെറും വ്യക്തിപരമായ ഒരു തീരുമാനമല്ല, മറിച്ച് ദൈവം ഒരു അടയാളം കാണിച്ചു തന്നു, അങ്ങനെയാണ് ഈ വിവാഹത്തിലേക്കെത്തുന്നത് എന്നാണ് പിങ്കി പറഞ്ഞത്. മൂന്ന് മാസം മുമ്പ് വൃന്ദാവനത്തിലെ ബങ്കെ ബിഹാരി ക്ഷേത്രം സന്ദർശിച്ചപ്പോൾ അവിടെ പ്രസാദമായി ഒരു സ്വർണ്ണ മോതിരം ലഭിച്ചതായും അവൾ പറയുന്നു. ദേവനിൽ നിന്നുള്ള സന്ദേശമായാണ് താൻ ആ മോതിരം സ്വീകരിച്ചത് എന്നും ആ മോതിരത്തെ ഒരു അടയാളമായിട്ടാണ് താൻ കാണുന്നത് എന്നും അവൾ പറഞ്ഞു.
ആദ്യം അവളുടെ വീട്ടുകാർക്ക് ഈ തീരുമാനം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. കുറേ നാളുകളായി അവൾക്ക് യോജിച്ച വരനെ തിരയുന്നുണ്ടായിരുന്നു, ഒന്നും ശരിയായില്ല, അപ്പോഴെല്ലാം കൃഷ്ണഭഗവാൻ വിചാരിച്ചതു പോലെ നടക്കും എന്ന് പിങ്കി പറയുമായിരുന്നു. ഒടുവിൽ അവളുടെ ആഴത്തിലുള്ള വിശ്വാസവും, മോതിരം കിട്ടിയതും ഒക്കെ കണ്ടപ്പോൾ തങ്ങൾക്കും ഈ വിവാഹം നടത്താം എന്ന് തോന്നുകയായിരുന്നു എന്ന് അച്ഛൻ പറയുന്നു. പിങ്കി ഇപ്പോൾ സഹോദരീ ഭർത്താവിന്റെ വീട്ടിലാണ് ഉള്ളത്. താൻ ഭക്തിയുടെ മാർഗത്തിലാണ് എന്നും നാട്ടുകാർ തന്നെ 'മീര' എന്നാണ് ഇപ്പോൾ വിളിക്കുന്നത് എന്നും പിങ്കി പറയുന്നു.