
ചൈനയിൽ നടന്ന വിചിത്രമായ ഒരു സംഭവം സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യതു. തന്‍റെ സഹപാഠികളോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ ഒരു എട്ട് വയസുകാരനായ കുട്ടി അമ്മയുടെ സ്വർണമാല കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് വിതരണം ചെയ്തു. വീട്ടുകാര്‍ സംഭവം അറിയുന്നത് ഏറെ വൈകി, മൂത്ത മകൾ വന്ന് സംഭവം പറയുമ്പോൾ മാത്രമാണ്. കിഴക്കന്‍ ചൈനയിൽ നടന്ന ആ അസാധാരണ സംഭവത്തെ കുറിച്ച് സണ്‍ എന്ന് കുടുംബ പേരുള്ള കുട്ടിയുടെ അമ്മ തന്നെയാണ് സമൂഹ മാധ്യമങ്ങളിലെഴുതിയത്. സംഭവം അറിഞ്ഞപ്പോൾ ആദ്യം തനിക്ക് ദേഷ്യം വന്നെങ്കിലും പിന്നീടതൊരു തമാശയായി തോന്നിയെന്നും അവര്‍ കുറിച്ചു.
അനിയന്‍റെ ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി, ചേച്ചിയോട് വിലയേറിയ സമ്മാനം ലഭിച്ച കാര്യം പറയുമ്പോഴാണ് കാര്യം പുറത്തറിയുന്നത്. തന്‍റെ സുഹൃത്തുക്കളായ സഹപാഠികളോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ അമ്മയുടെ സ്വർണത്തിൽ തീർത്ത വിവാഹ താലിമാലയിൽ നിന്നും ഓരോ കഷ്ണം മുറിച്ചെടുത്ത് കുട്ടി സമ്മനിക്കുകയായിരുന്നു. മകൾ സംഭവം അമ്മയോട് പറഞ്ഞു. വിവരം അറിഞ്ഞ് അച്ഛന്‍റെ കൈയിൽ നിന്നും കുട്ടിക്ക് അടി കിട്ടി. ആദ്യം ദേഷ്യം തോന്നിയെങ്കിലും പിന്നീട് തനിക്ക് അതൊരു തമാശയായി തോന്നിയെന്നായിരുന്നു അമ്മ എഴുതിയത്.
മകൾ വന്ന് പറഞ്ഞ കാര്യത്തിന്‍റെ യാഥാർത്ഥ്യമറിയാന്‍ വിവാഹ താലിമാല വച്ച അലമാര പരിശോധിച്ചു. പക്ഷേ, അത് അവിടെയുണ്ടായിരുന്നില്ല. പിന്നാലെ സിസിടിവി പരിശോധിച്ചപ്പോൾ മകന്‍ മാല എടുക്കുന്നത് കണ്ടു. പിന്നാലെ പല ദിവസങ്ങളിലായി കുട്ടി ലൈറ്റർ ഉപയോഗിച്ചും കട്ടിംഗ് പ്ലെയർ കൊണ്ടും കടിച്ചും മാല പല കഷ്ണങ്ങളായി മുറിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കണ്ടെത്തി. വിവരം മകനോട് തിരക്കിയപ്പോൾ മാലയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് കണ്ടെത്തിയത്. ബാക്കി ഭാഗങ്ങൾ എവിടെയെന്ന് അവന് അറിയില്ല. മുറിച്ചെടുത്ത ഭാഗങ്ങൾ ആര്‍ക്കൊക്കെ സമ്മാനിച്ചെന്നും തനിക്ക് ഓർമ്മയില്ലെന്നാണ് മകന്‍ പറയുന്നതെന്നും അമ്മ എഴുതി.
അമ്മയുടെ കുറിപ്പ് ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. മകന് എത്രയും പെട്ടെന്ന് തന്നെ കൃത്യമായ വിദ്യാഭ്യാസം നല്‍കണമെന്നും ഇല്ലെങ്കില്‍ ഒരു സുപ്രഭാതത്തിൽ അവന് നിങ്ങളുടെ വീട് തന്നെ വിറ്റേക്കാമെന്നുമായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. അവന്‍ അത് പെണ്‍കുട്ടുകൾക്കാണ് നൽകിയതെങ്കില്‍ അതിനെ കുറിച്ച് അന്വേഷിക്കാതിരിക്കുന്നതാകും നല്ലത്. ഒരു പക്ഷേ ഭാവിയിൽ അവരിലൊരാൾ നിങ്ങളുടെ മരുമകളാകുമെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. മകനെ തല്ലിയതിലൂടെ കുട്ടിയുടെ അച്ഛന്‍ രാജ്യത്തെ ജുവനൈൽ പ്രൊട്ടക്ഷൻ നിയമം ലംഘിച്ചുവെന്നായിരുന്നു ഒരു അഭിഭാഷകന്‍റെ മറുപടി.