അന്ന് പുരുഷന്മാരുടെ പേരില്‍ എഴുതേണ്ടിവന്നു, ആ എഴുത്തുകാരികളുടെ കൃതികള്‍ സ്വന്തം പേരിലിറങ്ങുന്നു...

By Web TeamFirst Published Aug 13, 2020, 3:56 PM IST
Highlights

ഇങ്ങനെ പുസ്‍തകങ്ങള്‍ ഈ എഴുത്തുകാരികളുടെ യഥാര്‍ത്ഥ നാമത്തില്‍ പ്രസിദ്ധീകരിക്കുന്ന പ്രൊജക്ടിന് 'അവളുടെ പേര് വീണ്ടെടുക്കുക' (Reclaim Her Name) എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

വിക്ടോറിയന്‍ കാലഘട്ടത്തിലെ പ്രശസ്‍ത എഴുത്തുകാരിയാണ് മേരി ആനി ഇവാൻസ്. ബ്രിട്ടനിലെ തന്നെ പ്രശസ്‍ത നോവലായ 'മിഡില്‍മാര്‍ച്ച്' എഴുതിയത് ഇവാന്‍സ് ആണ്. എന്നാല്‍, ആ നോവലിന് മേരി ആനി ഇവാന്‍സിന്‍റെ പേരില്‍ അറിയപ്പെടാനായിരുന്നില്ല യോഗം. നാമെല്ലാം കേട്ടിരിക്കുക 'മിഡില്‍മാര്‍ച്ച്' ജോര്‍ജ്ജ് ഇലിയറ്റിന്‍റെ പേരിലായിരിക്കും. സ്വന്തം ജെന്‍ഡര്‍ മറച്ചുവയ്ക്കുന്നതിനായി ഇവാന്‍സ് സ്വീകരിച്ച പുരുഷ തൂലികാനാമമായിരുന്നു ജോര്‍ജ്ജ് ഇലിയറ്റ്. അതിന്, കാരണമുണ്ട് അന്നത്തെ കാലത്ത് എഴുത്ത് പുരുഷന്മാരുടേതായിരുന്നു. ബുദ്ധിജീവികളുടെയും എഴുത്തുകാരുടെയുമെല്ലാം കൂട്ടത്തില്‍നിന്നും സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെട്ടു. അവര്‍ ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍ എത്രയെത്രയോ വായനക്കാരെ ആകര്‍ഷിച്ചിട്ടുണ്ട് പക്ഷേ എന്നിട്ടുപോലും 'ഞാനാണ് അത് എഴുതിയത്' എന്ന് പറയാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. അതിനാല്‍, കാലങ്ങളോളം അവര്‍ ആ തൂലികാനാമത്തിനു പിന്നില്‍ ഒളിച്ചിരുന്നു.

എന്നാല്‍, ഇപ്പോള്‍ അതിനൊരു മാറ്റമുണ്ടായിരിക്കുകയാണ്. ഈ പേരുകളെല്ലാം തന്നെ മാറ്റി യഥാര്‍ത്ഥ എഴുത്തുകാരികളുടെ പേരില്‍ത്തന്നെ ആ പുസ്‍തകങ്ങള്‍ വീണ്ടും പ്രസിദ്ധീകരിക്കുന്ന കാമ്പയിനാണത്. ഇവാന്‍സിന്‍റെ നോവലടക്കം 25 പുസ്‍തകങ്ങളാണ് ഇങ്ങനെ പുരുഷ തൂലികാനാമം മാറ്റി എഴുത്തുകാരികളുടെ യഥാര്‍ത്ഥ പേരില്‍ ഇറങ്ങാന്‍ പോവുന്നത്. ജോര്‍ജ്ജ് സാന്‍ഡ്, ജോര്‍ജ്ജ് എഡ്‍ഗര്‍ട്ടണ്‍ എന്നീ പേരിലെഴുതിയിരുന്നവരെല്ലാം ഇതില്‍ പെടുന്നു. ഇങ്ങനെ പുസ്‍തകങ്ങള്‍ ഈ എഴുത്തുകാരികളുടെ യഥാര്‍ത്ഥ നാമത്തില്‍ പ്രസിദ്ധീകരിക്കുന്ന പ്രൊജക്ടിന് 'അവളുടെ പേര് വീണ്ടെടുക്കുക' (Reclaim Her Name) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 'ഓറഞ്ച് സാഹിത്യ പുരസ്‍കാര'മാണ് ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്‍റെ ഭാഗമായി ഇങ്ങനെയൊരു പ്രൊജക്ട് നടപ്പിലാക്കുന്നത്. 

ചരിത്രത്തില്‍ പലയിടത്തും തങ്ങളുടെ കൃതികള്‍ പ്രസിദ്ധീകരിക്കപ്പെടുന്നതിനും ഗൗരവമായി കാണുന്നതിനുമായി സ്ത്രീ എഴുത്തുകാരികള്‍ പുരുഷ തൂലികാനാമങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, ആ സ്ത്രീകളെയും അവരുടെ നേട്ടങ്ങളെയും ആദരിക്കുന്നതിനും അവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതിനുമായിട്ടാണ് ഇങ്ങനെ ഒരു പ്രൊജക്ട് എന്ന് പുരസ്‍കാരത്തിന്‍റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. 

ഏതായാലും ഒരു കാലഘട്ടത്തില്‍ സമൂഹത്തെ ഭയന്നോ, അല്ലെങ്കില്‍ സ്ത്രീ എഴുത്തുകാര്‍ക്ക് വേണ്ടത്ര പരിഗണന കിട്ടാത്തതുകൊണ്ടോ ഒക്കെ പുരുഷ തൂലികാനാമങ്ങള്‍ സ്വീകരിക്കേണ്ടി വന്നവരാണ് ഈ ലോക പ്രശസ്‍തരായ എഴുത്തുകാരികള്‍. അവരോടുള്ള ആദരവായിമാറും യഥാര്‍ത്ഥ പേരില്‍ത്തന്നെ അവരുടെ പുസ്‍തകങ്ങള്‍ വീണ്ടും പ്രസിദ്ധീകരിക്കുന്നത് എന്നതില്‍ സംശയമില്ല. 
 

click me!