മേലധികാരിയുടെ അശ്ലീല സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ സ്ത്രീക്ക് ശിക്ഷ; പോരാടാനുറച്ച് നൂറില്‍

By Web TeamFirst Published Jul 9, 2019, 1:44 PM IST
Highlights

'ഒരു സ്ത്രീയെന്ന നിലയിലുള്ള തന്‍റെ അന്തസ്സാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഇരയായ താന്‍ ശിക്ഷിക്കപ്പെടുമ്പോഴും തനിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ ഒരാള്‍ക്ക് എന്തുകൊണ്ടാണ് നിയമപരിരക്ഷ കിട്ടുന്നത്?'

നിരന്തരം ഒരാളില്‍ നിന്ന് മോശം പെരുമാറ്റം സഹിക്കേണ്ടി വരിക. അത് മേലുദ്യോഗസ്ഥരില്‍ നിന്നാണെങ്കിലോ? ജീവിതം ദുഷ്കരമായിത്തീരും. തൊഴിലിടങ്ങളില്‍ പിടിച്ചുനില്‍ക്കുന്ന സ്ത്രീകളില്‍ പലര്‍ക്കും ഇത്തരം പല അവസ്ഥകളിലൂടെയും കടന്നുപോകേണ്ടി വന്നിട്ടുണ്ടാകും. ധീരമായി പ്രതികരിച്ചാലാകട്ടെ എന്തൊക്കെ നടപടികള്‍ നേരിടേണ്ടി വരുമെന്നും ഉറപ്പില്ല. ഇങ്ങനെ സഹിച്ചും പോരാടിയുമാണ് മിക്കവരും അവരവരുടെ ജോലികളില്‍ പിടിച്ചുനില്‍ക്കുന്നത്. തൊഴിലിടങ്ങളിലെ പീഡനങ്ങളെ അതിജീവിക്കാന്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്കൊപ്പം നിയമമുണ്ട്. എന്നാല്‍, പലപ്പോഴും ഇന്ത്യയിലെന്നല്ല ലോകത്തെല്ലായിടത്തും നീതി ലഭിക്കാനായി സ്ത്രീകള്‍ക്ക് കുറച്ച് കൂടുതല്‍ കരുത്തോടെ  പോരാടേണ്ടി വരാറുണ്ട്.

ഇന്തോനേഷ്യയില്‍ ജോലിസ്ഥലത്ത്, മേലുദ്യോഗസ്ഥനില്‍ നിന്നുമുണ്ടായ മോശം പെരുമാറ്റം സഹിക്കേണ്ടി വന്ന യുവതിക്ക് പ്രതികരിച്ചപ്പോള്‍ ലഭിച്ചത് തടവും പിഴയും ശിക്ഷയാണ്.  ജോലി ചെയ്യുന്ന സ്കൂളിന്‍റെ പ്രിന്‍സിപ്പലില്‍ നിന്നും മോശം പെരുമാറ്റമുണ്ടാവുകയും അത് തെളിവടക്കം ഹാജരാക്കുകയും ചെയ്തിട്ടും ശിക്ഷിക്കപ്പെട്ടത് അതേ സ്ത്രീയാണ്. 

അപമാനിച്ചയാള്‍ ശിക്ഷയില്‍ നിന്നും വിമുക്തനാവുകയും അപമാനിക്കപ്പെട്ടയാള്‍ക്ക് വീണ്ടും ശിക്ഷയേല്‍ക്കേണ്ടി വരികയും ചെയ്യുന്നത് എന്ത് ക്രൂരതയാണ്. ഇന്തോനേഷ്യയിലെ നൂറുല്‍ മക്നൂന്‍ എന്ന സ്ത്രീയുടെ പോരാട്ടം തനിക്ക് നിഷേധിക്കപ്പെട്ട നീതിക്ക് വേണ്ടിയുള്ളതാണ്. പ്രിന്‍സിപ്പല്‍ തന്നെ ഫോണില്‍ വിളിച്ച് മോശമായി സംസാരിക്കുകയും ബന്ധത്തിന് വേണ്ടി നിര്‍ബന്ധിക്കുകയും ചെയ്തത് റെക്കോര്‍ഡ് ചെയ്യുകയായിരുന്നു നൂറില്‍. തെളിവിന് വേണ്ടിയാണ് ആ സംഭാഷണം നൂറില്‍ റെക്കോര്‍ഡ് ചെയ്തത്. അത് പ്രചരിപ്പിച്ചുവെന്നതാണ് നൂറിലിനെതിരെയുള്ള കേസ്. 

ലോംബോക്കിലെ ഒരു സ്കൂളില്‍ പാര്‍ട്ട് ടൈം ബുക്ക് കീപ്പറാണ് നൂറില്‍. കോടതിയുടെ വിധി തനിക്ക് നേരിട്ട അങ്ങേയറ്റത്തെ നീതിനിഷേധമാണ് എന്ന് അവര്‍ പ്രതികരിച്ചു.

'നിയമത്തില്‍ നിന്നും ഒരു സ്ത്രീയെന്ന നിലയില്‍ തനിക്ക് കിട്ടേണ്ടുന്ന സംരക്ഷണമുണ്ട്. പക്ഷെ, ഞാനാണ് ഇവിടെ ഇര. എനിക്കാണ് അഭയം വേണ്ടത്. അങ്ങനെയുള്ളവര്‍ക്ക് എവിടേയും അഭയമില്ല എന്നത് വേദനിപ്പിക്കുന്ന കാര്യമാണ്...' എന്നും നൂറില്‍ പ്രതികരിച്ചു. 

സ്കൂള്‍ പ്രിന്‍സിപ്പല്‍ തന്നെ വിളിച്ച് പ്രയോഗിച്ച മോശം വാക്കുകളും ബന്ധം തുടരാനായി നിര്‍ബന്ധിച്ചതുമെല്ലാം നൂറില്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. നൂറിലിനെ ഉപദ്രവിച്ചതിന്‍റെ പേരില്‍ യാതൊരു നടപടിയും അയാള്‍ക്ക് നേരെ ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല. അടുത്തിടെ പ്രൊമോഷനും ലഭിച്ചിരുന്നു. 

ഇന്തോനേഷ്യയിലെ ജോലി സ്ഥലത്തുള്ള പീഡനങ്ങള്‍ ഒരു തുടര്‍ക്കഥയാണ്. നൂറിലിന്‍റെ കേസില്‍ പ്രസിഡണ്ട് ജോക്കോ വിദോഡോ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്, 'സുപ്രീം കോര്‍ട്ടിന്‍റെ വിധിക്കുമേല്‍ താന്‍ പരാമര്‍ശങ്ങളൊന്നും നടത്തില്ല. പക്ഷെ, നൂറില്‍ മാപ്പിന് വേണ്ടി അപേക്ഷിക്കണം. എത്രയും പെട്ടെന്ന് തന്നെ അത് ബന്ധപ്പെട്ടവര്‍ക്ക് കൈമാറും.' 

നൂറിലിന് മേല്‍ ചുമത്തപ്പെട്ട കുറ്റം തെളിയിക്കപ്പെട്ടതാണ് എന്നാണ് മൂന്നംഗ ജഡ്ജിങ് പാനല്‍ പറഞ്ഞത്. ആറ് മാസം തടവും $35,000 (ഏകദേശം 24,03,432 ഇന്ത്യന്‍ രൂപ) പിഴയുമാണ് നൂറിലിന് കോടതി വിധിച്ചത്. അവളേയും കുടുംബത്തേയും സംബന്ധിച്ച് അത് വളരെ വലിയൊരു തുകയാണ്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി അധികം തടവ് നൂറില്‍ അനുഭവിക്കേണ്ടി വരും. മൂന്ന് മക്കളുടെ അമ്മയാണ് നൂറില്‍. 

2013 മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. നൂറില്‍ ജോലി ചെയ്യുന്ന സ്കൂളിന്‍റെ പ്രിന്‍സിപ്പലായി അയാള്‍ ചാര്‍ജ്ജെടുക്കുന്നത് ആ വര്‍ഷമാണ്. അയാള്‍ നൂറിലിനെതിരെ മോശമായ ചില പരാമര്‍ശങ്ങള്‍ നടത്തുകയും അവര്‍ തമ്മില്‍ ബന്ധമുണ്ട് എന്ന തരത്തില്‍ അപവാദ പ്രചരണവും നടത്തി. ഈ അപവാദങ്ങളൊന്നും സത്യമല്ലെന്ന് തെളിയിക്കാനായാണ് നൂറില്‍ അയാളുടെ കോള്‍ റെക്കോര്‍ഡ് ചെയ്തത്. അത് ഭര്‍ത്താവിനേയും ഒരു ടീച്ചറിനേയും കേള്‍പ്പിക്കുകയും ചെയ്തു നൂറില്‍. 

ഈ കാള്‍ റെക്കോര്‍ഡ് പ്രചരിപ്പിച്ചുവെന്ന് കാണിച്ചാണ് പ്രിന്‍സിപ്പല്‍ നൂറിലിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. അന്വേഷണത്തിന്‍റെ സമയത്ത് നൂറിലിനെ അറസ്റ്റ് ചെയ്യുകയും ഒരുമാസം ജയിലിലിടക്കുകയും ചെയ്തു. പിന്നീട്, മാനനഷ്ടക്കേസ് തള്ളുകയും അശ്ലീലമടങ്ങിയ വസ്തു പ്രചരിപ്പിച്ചുവെന്ന കേസ് ചുമത്തുകയും ചെയ്തു. വിചാരണയുടെ സമയത്ത്, താന്‍ അത് പ്രചരിപ്പിച്ചിരുന്നില്ലായെന്നും താന്‍ പുറത്തുപോയ സമയത്ത് സഹപ്രവര്‍ക്കനായ ഇമാം മുദാവിന്‍ എന്നയാള്‍ തന്‍റെ ഫോണില്‍ നിന്നും അതെടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നുമാണ് നൂറില്‍ വിശദീകരിച്ചത്. പക്ഷെ, സുപ്രീം കോടതി, അഭിഭാഷകരുടെ വാദത്തിനൊപ്പം നില്‍ക്കുകയും നൂറില്‍ തന്നെയാണ് പ്രചരിപ്പിക്കണമെന്ന ഉദ്ദേശ്യത്തോട് കൂടി അത് ഇമാമിന് നല്‍കിയത് എന്നുമാണ് പറഞ്ഞത്. 

നൂറിലിന്‍റെ അഭിഭാഷകന്‍ പറഞ്ഞത് അവള്‍ അടുത്തയാഴ്ച തന്നെ മാപ്പിനായി അപേക്ഷിക്കുമെന്നാണ്. നൂറില്‍ നിരപരാധിയാണെന്നും മാപ്പ് സ്വീകരിക്കപ്പെടുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പോരാട്ടത്തിന്‍റെ ഭാഗമായി ജയിലില്‍ പോകേണ്ടി വന്നാല്‍ അതിനും അവര്‍ തയ്യാറാണെന്ന് കൂടി അഭിഭാഷകന്‍ പറയുന്നു. $26,000 (ഏകദേശം 17,85,030 ഇന്ത്യന്‍ രൂപാ) നൂറിലിനെ സഹായിക്കാനായുള്ള കാമ്പയിനിന്‍റെയും ഓണ്‍ലൈന്‍ ഫണ്ട് ശേഖരണത്തിന്‍റേയും ഭാഗമായി ലഭിച്ചു കഴിഞ്ഞു. അത് പിഴയൊടുക്കാനായി ഉപയോഗിക്കാമെന്നാണ് കരുതുന്നത്. 

നൂറിലിന് താന്‍ നടത്തുന്ന പോരാട്ടത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. അതില്‍ നിന്ന് പിന്നോട്ടില്ലെന്നും അവര്‍ പറയുന്നു.

'ഒരു സ്ത്രീയെന്ന നിലയിലുള്ള തന്‍റെ അന്തസ്സാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഇരയായ താന്‍ ശിക്ഷിക്കപ്പെടുമ്പോഴും തനിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ ഒരാള്‍ക്ക് എന്തുകൊണ്ടാണ് നിയമപരിരക്ഷ കിട്ടുന്നത്?' എന്നുമാണ് അവരുടെ ചോദ്യം. 

'ആ മനുഷ്യന്‍ അത് അയാളുടെ ശബ്ദമാണെന്ന് സമ്മതിക്കണം, അയാളാണ് എന്നെ വിളിച്ച് മോശമായ കാര്യങ്ങള്‍ സംസാരിച്ചത് എന്ന് സമ്മതിക്കണം. എന്തുകൊണ്ടാണ് അയാള്‍ ഇതില്‍ നിന്നും ഒഴിഞ്ഞു മാറുന്നത്? ഞാനാണ് ഇരയെന്നിരിക്കെ എന്തുകൊണ്ടാണ് ഞാന്‍ ശിക്ഷിക്കപ്പെടുന്നത്?' എന്ന നൂറിലിന്‍റെ ചോദ്യത്തില്‍ നിന്ന് ഒരു പുരുഷാധിപത്യ സമൂഹത്തിനും അവരുടെ സംരക്ഷകര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. 

click me!