
ഇന്ത്യയിലെ പല നഗരങ്ങളിലെയും വാടക പലപ്പോഴും സാധാരണ ശമ്പളത്തിൽ ജീവിക്കുന്ന മനുഷ്യർക്കൊന്നും താങ്ങാൻ പറ്റുന്നതാവില്ല. അതിലൊരു നഗരമാണ് ബെംഗളൂരു. ബെംഗളൂരുവിലെ വാടകയുമായി ബന്ധപ്പെട്ട് ഒരു റെഡ്ഡിറ്റ് യൂസർ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
വലിയ ശമ്പളമുള്ള ടെക്കികൾ കൂടിയാണ് ബെംഗളൂരുവിൽ വാടക ഇങ്ങനെ കൂടാൻ കാരണം എന്നാണ് പോസ്റ്റിൽ പറയുന്നത്. 1.5 ലക്ഷവും 2.5 ലക്ഷവും ഒക്കെ മാസത്തിൽ ശമ്പളം കിട്ടുന്നവർക്ക് വാടക ഒരു വലിയ കാര്യമായിരിക്കില്ല എന്നും എന്നാൽ, സാധാരണ ശമ്പളം മാത്രമുള്ള ഒരാളെ സംബന്ധിച്ച് ഇവിടുത്തെ വാടക വലിയ പ്രശ്നം തന്നെയാണ് എന്നുമാണ് പോസ്റ്റിൽ പറയുന്നത്.
ബെംഗളൂരുവിൽ ഇങ്ങനെയൊരു പ്രശ്നം ഉണ്ടായി വരുന്നത് തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നാണ് പോസ്റ്റിൽ പറയുന്നത്. യുവാക്കളായ ടെക്കികൾ, പ്രത്യേകിച്ച് അവരുടെ കരിയർ തുടങ്ങിയിട്ട് മാത്രമുള്ളതായ ടെക്കികൾ കാര്യങ്ങൾ വേണ്ട തരത്തിൽ കൈകാര്യം ചെയ്യാനറിയാത്തവരാണ് എന്ന് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു.
ഇവർ 50,000, 60,000, 70,000 ഒക്കെ വാടക കൊടുക്കാൻ തയ്യാറാണ്. കാരണം അവർക്ക് ചെറിയ വാടകയുള്ള സ്ഥലങ്ങൾ തേടാൻ വയ്യ. അതിനാൽ കഴിയുന്ന ഏത് വാടകയും കൊടുത്ത് വീടെടുക്കാൻ അവർ തയ്യാറാണ് എന്നും പോസ്റ്റിൽ പറയുന്നുണ്ട്.
ഇത് വീട്ടുടമകളിൽ എത്ര വലിയ വാടക കൊടുത്തും വീടെടുക്കാൻ ആളുണ്ടാവും എന്ന ധാരണയാണ് ഉണ്ടാക്കുന്നത്. ഇതേ തുടർന്ന് വീട്ടുവാടക കുതിച്ചുയരുകയാണ് എന്നും പോസ്റ്റിൽ കുറ്റപ്പെടുത്തുന്നുണ്ട്.
വളരെ പെട്ടെന്നാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ പോസ്റ്റിന് കമന്റുകളും നൽകി. ഇത് സത്യമാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. സമാനമായ സംഭവങ്ങളും പലരും ചൂണ്ടിക്കാട്ടി.