'കമ്യു പറഞ്ഞതും ടോം ജോസ് കേട്ടതും', മാവോയിസ്റ്റ് വിഷയത്തിലെ ചീഫ് സെക്രട്ടറിയുടെ കമ്യു ഉദ്ധരണിയുടെ പ്രസക്തി

By Web TeamFirst Published Nov 5, 2019, 5:24 PM IST
Highlights

എന്നാൽ, യഥാർത്ഥത്തിൽ കമ്യു തന്റെ ജീവിതത്തിൽ എന്നും ശബ്ദമുയർത്തിയിട്ടുള്ളത് മനുഷ്വത്വത്തിനുവേണ്ടിയാണ്. മനുഷ്യന്റെ ജീവിതസാഹചര്യങ്ങൾക്ക് പുല്ലുവില നൽകാത്ത അടിച്ചമർത്തലുകൾക്കും, അനീതിക്കും എതിരെയാണ് അദ്ദേഹം എന്നും ശക്തമായി എഴുതിയിട്ടുള്ളത്. 

ചൊവ്വാഴ്ചത്തെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിൽ കേരള ചീഫ് സെക്രട്ടറി ടോം ജോസ് ഒരു വിശേഷലേഖനം എഴുതുകയുണ്ടായി. 'യുദ്ധസമാനമായ സാഹചര്യമാണ്: കൊല്ലുക, അല്ലെങ്കിൽ കൊല്ലപ്പെടുക" എന്ന തലക്കെട്ടിൽ അദ്ദേഹം എഴുതിയ പ്രസ്തുത ലേഖനത്തിന്റെ അന്തസ്സത്ത മാവോയിസ്റ്റുകൾ എന്ന തീവ്രവാദസ്വഭാവമുള്ള കക്ഷികൾക്ക് രാജ്യത്തെ നിയമപ്രകാരം പൊതുജനങ്ങൾക്ക് അനുവദിച്ചുകിട്ടുന്ന അതേ മനുഷ്യാവകാശങ്ങളും മാനുഷിക പരിഗണനകളും നൽകാൻ പ്രയാസമുണ്ട് എന്നതാണ്. 

തുടക്കം മുതൽ ഒടുക്കം വരെ എഡ്‌മണ്ട് ബർക്ക് അടക്കമുള്ള പലരെയും ഉദ്ധരിച്ചുകൊണ്ടാണ് ചീഫ് സെക്രട്ടറി ലേഖനം മുന്നോട്ടു കൊണ്ടുപോയിരിക്കുന്നത്. അക്കൂട്ടത്തിൽ അദ്ദേഹം എടുത്തെഴുതിയ ആൽബേർ  കമ്യുവിന്റേത് എന്നപേരിലുള്ള ഉദ്ധരണിയാണ് ഈയവസരത്തിലെ അതിന്റെ അസാംഗത്യം കൊണ്ട് ശ്രദ്ധേയമാകുന്നത്. ചീഫ് സെക്രട്ടറിയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു. " ഗവണ്മെന്റിനെതിരെയും പൊതുജനങ്ങൾക്കെതിരെയും തോക്കെടുത്ത് ആക്രമണങ്ങൾ നടത്തുന്നവർ ഭീകരവാദികളാണ്. അത്തരത്തിലുള്ള നടപടികൾ, ഒരു തത്വശാസ്ത്രത്തിന്റെയും പിന്തുണയോടെ വെള്ളപൂശാൻ അനുവദിച്ചുകൂടാ. " ഇനിയാണ് അദ്ദേഹത്തിന്റെ ആൽബേർ  കമ്യുവിനെപ്പറ്റിയുള്ള പരാമർശം വരുന്നത്. " ഈ അവസരത്തിൽ ഫ്രഞ്ച് തത്വചിന്തകനായ ആൽബേർ  കമ്യുവിന്റെ വാക്കുകളാണ് നമ്മൾ ഓർക്കേണ്ടത്. കൂട്ടക്കൊലയ്ക്ക് എന്നും ന്യായീകരണമാവുന്നത് തത്വശാസ്ത്രമാണ് അന്നദ്ദേഹം സുവ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ടല്ലോ.." 

 സത്യത്തിൽ കമ്യു ഇങ്ങനെ ഒരു പരാമർശം നടത്തിയിട്ടുണ്ടോ..? ന്യായീകരണം എന്നും അക്രമം എന്നുമൊക്കെ ചേർത്തുകൊണ്ട്  കമ്യു പറയുന്ന ഒരു ഭാഗമുള്ളത് അദ്ദേഹത്തിന്റെ 'ദ റിബൽ ' എന്ന നോവലിലാണ്. അതിൽ അദ്ദേഹം പറഞ്ഞുപോകുന്ന ഭാഗമിതാണ്, " നമ്മൾ ഇന്ന് ജീവിക്കുന്നത് ഗൂഢാലോചനകളുടെയും, തികവുള്ള കുറ്റകൃത്യങ്ങളുടെയും കാലത്താണ്. സ്നേഹത്തിന്റെ പുറത്ത് ചെയ്തതാണ് എന്ന ന്യായവും കൊണ്ടുവരാവുന്ന കുഞ്ഞുങ്ങളല്ല ഇന്നത്തെക്കാലത്ത് കുറ്റങ്ങൾ ചെയ്യുന്നത്. അവർ തികഞ്ഞ ബോധ്യമുള്ള മുതിർന്നവരാണ്. അവർക്ക് പറയാൻ കൃത്യമായ ഒരു ന്യായമുണ്ട് - തത്വശാസ്ത്രം. അത് ഏതാവശ്യത്തിനു വേണ്ടിയും വളച്ചൊടിക്കാവുന്ന ഒന്നാണ്, കൊലപാതകികളെ ന്യായാധിപരാക്കി മാറ്റുവാൻ പോലും പോന്നത് ..! " 

മാവോയിസ്റ്റുകൾക്ക് മനുഷ്യാവകാശങ്ങൾ അനുവദിച്ചു കൊടുക്കാവുന്നതല്ല എന്ന് തന്റെ ലേഖനത്തിലൂടെ സമർത്ഥിക്കുകയും  അതിന് ഉപോൽബലകമായി കമ്യുവിന്റെ പേരിൽ ഒരു ഉദ്ധരണിയെടുത്ത് വീശുകയുമാണ് ചീഫ് സെക്രട്ടറി ചെയ്യുന്നത്.  എന്നാൽ, യഥാർത്ഥത്തിൽ കമ്യു തന്റെ ജീവിതത്തിൽ എന്നും ശബ്ദമുയർത്തിയിട്ടുള്ളത്  മനുഷ്വത്വത്തിനുവേണ്ടിയാണ്. മനുഷ്യന്റെ ജീവിതസാഹചര്യങ്ങൾക്ക് പുല്ലുവില നൽകാത്ത അടിച്ചമർത്തലുകൾക്കും, അനീതിക്കും എതിരെയാണ് അദ്ദേഹം എന്നും ശക്തമായി എഴുതിയിട്ടുള്ളത്. വിപ്ലവങ്ങൾക്ക് അതിരുകൾ കല്പിച്ചുകൊണ്ട് ഏറെ അവധാനതയോടുകൂടിയാണ് അദ്ദേഹമത് ചെയ്തത് എന്നുമാത്രം. കലാപങ്ങളും വിപ്ലവങ്ങളും തമ്മിൽ  അദ്ദേഹം വേർതിരിച്ചുതന്നെ കാണുന്നുണ്ട്.  അതേസമയം, വിപ്ലവകാരിയുടെ പ്രക്ഷോഭം വളരെയെളുപ്പത്തിൽ തന്നെ സ്വേച്ഛാധിപതിയുടെ തേർവാഴ്ചയായി മാറുന്ന  ചരിത്രത്തിലെ ഉദാഹരണങ്ങളും  കമ്യു നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിപ്ലവത്തെ തെളിഞ്ഞ പ്രജ്ഞയും തത്വസംഹിതകളും അനുധാവനം ചെയ്യേണ്ടതിന്റെ ആവശ്യത്തെപ്പറ്റിയും അദ്ദേഹം ഊന്നിപ്പറയുന്നുണ്ട്. 

'സ്വാതന്ത്ര്യമെന്നത് കൊടുങ്കാറ്റിന്റെ രഥത്തിൽ ആലേഖനം ചെയ്യപ്പെട്ട ഏറെ ദുഷ്കരമായ ഒരു വാക്കാണെന്ന് ' കമ്യു 'ദ റിബലി'ൽ നിരീക്ഷിക്കുണ്ട്. എല്ലാ വിപ്ലവങ്ങൾക്ക് പിന്നിലുമുള്ള പ്രേരണ സ്വാതന്ത്ര്യേച്ഛ ഒന്നുമാത്രമാണെന്നും അദ്ദേഹം പറയുന്നു. അതില്ലാതെ വിപ്ലവകാരിയുടെ നീതിസങ്കല്പം സാക്ഷാത്കരിക്കപ്പെടുന്നില്ല. പക്ഷേ, നീതിന്യായ വ്യവസ്ഥയിൽ സ്വാതന്ത്ര്യം താത്കാലികമായെങ്കിലും റദ്ദാക്കപ്പെടുന്ന ഒരു കാലം വരും. അപ്പോഴാണ്, നന്നേ കുറഞ്ഞ തോതിലോ അല്ലെങ്കിൽ വമ്പിച്ച തോതിൽ തന്നെയോ ഭീകരത വിപ്ലവത്തെ ആവേശിക്കുന്നത്. അത് വിപ്ലവത്തെ അപ്പാടെ വിഴുങ്ങാൻ പോന്നതാണ്. വിപ്ലവത്തിന്റെ പാതയിലുള്ള ഓരോ പ്രവൃത്തിയും നിഷ്കളങ്കതയിലേക്ക് വിരൽ ചൂണ്ടുന്ന ഒരു ഗൃഹാതുരതയാണ് എന്നാണ് കമ്യു പറഞ്ഞിട്ടുള്ളത്. അത് മനുഷ്യന്റെ അസ്തിത്വത്തിലേക്കുതന്നെയുള്ള സൂചകമാണ്. പക്ഷെ, ഏറെനാൾ ആ നിഷ്കളങ്കാവസ്ഥയിൽ തുടർന്ന ശേഷം ഒരുനാൾ ഗൃഹാതുരത സായുധമാകും. അന്ന് വിപ്ലവത്തിന് അന്നോളം അതിനുമേൽ ആക്ഷേപിക്കപ്പെട്ട കൊലകളും, അക്രമങ്ങളും അടക്കമുള്ള സകല കുറ്റങ്ങളും മുൻകാല പ്രാബല്യത്തോടെ ഏറ്റെടുക്കേണ്ടി വരും എന്നും കമ്യു പറയുന്നുണ്ട്. എന്നിട്ടും, ആൽബേർ കമ്യു, " നമ്മുടെ നിലനിൽപ്പുതന്നെ എന്റെയീ എതിർപ്പിലാണ്" ( " I  revolt, therefore we exist" )  എന്ന പ്രസ്താവനയിലാണ്  'ദ റിബലി'ന്റെ ആമുഖം പോലും അടിവരയിട്ടു പറഞ്ഞു നിർത്തുന്നത്. 

click me!