ജപ്പാനിലെ കുമേജിമയിൽ പവിഴപ്പുറ്റുകൾക്കിടയിൽ നിന്ന് സ്കൂബ ഡൈവർമാർ ഒരു പുതിയ കടൽജീവിയെ കണ്ടെത്തി. 'കടലിനടിയിലെ പാണ്ട' എന്ന് വിളിപ്പേരുള്ള ഈ ജീവി, കടൽക്കണവയുടെ ഇനത്തിൽപ്പെട്ട 'ക്ലാവലിന ഒസിപാണ്ടേ' ആണെന്ന് ഗവേഷകർ സ്ഥിരീകരിച്ചു.  

ഭൂമിയിലെ അത്ഭുതങ്ങൾക്ക് ഒരു അന്ത്യമില്ല. കരയിൽ മനുഷ്യൻ കണ്ടെത്താനുള്ള ജീവികളുടെ എത്രയോ ഇരട്ടിയാണ് കടലിൽ മനുഷ്യൻ കണ്ടെത്താനുള്ള ജീവികൾ. ഈ അത്ഭുതകരമായ ലോകത്ത് നിന്നും പുതിയൊരു ജീവി വ‍ർഗത്തെ കൂടി കണ്ടെത്തിയിരിക്കുകയാണ്. ഇത്തവണ അത് ജപ്പാനിലെ കുമേജിമയിലെ കടലിന് അടിയിൽ നിന്നാണ്. പവിഴപ്പുറ്റുകളിൽ വിശ്രമിക്കുന്ന ചെറിയൊരു കടൽജീവിയെ കണ്ടെത്തിയത് സ്കൂബ ഡൈവർമാരാണ്. തങ്ങൾ കണ്ടെത്തിയ ജീവിയുടെ ചിത്രങ്ങൾ അവ‍ർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നലെ സമൂഹ മാധ്യമ ഉപയോക്താക്കൾ അവയ്ക്ക് പേരുമിട്ടു, 'അണ്ടർവാട്ടർ പാണ്ട' (underwater panda).

കടൽക്കണവയുടെ ബന്ധു

പുതുതായി കണ്ടെത്തിയ ജീവി, കടൽക്കണവയുടെ (sea squirt) ഇനത്തിൽപ്പെട്ട 'ക്ലാവലിന ഒസിപാണ്ടേ' (Clavelina ossipandae) ആണെന്ന് പിന്നീട് ഗവേഷകർ സ്ഥിരീകരിച്ചു. ഇവ ട്യൂണിക്കേറ്റ്സ് എന്നറിയപ്പെടുന്ന സമുദ്ര അകശേരുക്കളുടെ കൂട്ടത്തിൽപ്പെടുന്നു. കൊഴുപ്പോടുകൂടിയ പശിമയുള്ള ഇവ ഏറെ ആക‍ർഷകമായ ഒരു ജീവിയാണ്. ട്യൂണിക്കേറ്റുകളെ കശേരുക്കളുടെ വിദൂര ബന്ധുക്കളായി ജീവശാസ്ത്ര ലോകം കണക്കാക്കുന്നു, അതായത്, പരിണാമ ചരിത്രത്തിൽ ഇവ നട്ടെല്ലുള്ള മൃഗങ്ങളുമായി ബന്ധം പങ്കിടുന്നെന്ന്. 2024 -ൽ ഈ ഇനത്തെ ഔപചാരികമായി ശാസ്ത്രലോകം തിരിച്ചറിഞ്ഞിരുന്നു. അതിനും ഏത്രയോ മുമ്പ് തന്നെ മുങ്ങൽ വിദഗ്ദർ ഇവയുടെ ചിത്രങ്ങൾ പകർത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

Scroll to load tweet…

അസ്ഥിയല്ല, രക്തക്കുഴലുകൾ

ക്ലാവലിന ഒസിപാണ്ടേയുടെ അർദ്ധസുതാര്യമായ ശരീരത്തിനുള്ളിലെ വെളുത്ത അസ്ഥി പോലെ കാണപ്പെടുന്ന പാടുകൾ യഥാർത്ഥത്തിൽ അതിന്‍റെ ഗിൽ ഘടനകളിലൂടെ കടന്നുപോകുന്ന മനുഷ്യന് കാണാൻ കഴിയുന്ന രക്തക്കുഴലുകളാണ്. പാണ്ടയുടെ കണ്ണുകളോട് സാമ്യമുള്ള അവയുടെ മുഖത്തുള്ള കറുത്ത പാടുകൾ കുടി ചേരുമ്പോൾ അവയ്ക്ക് പാണ്ടയോട് സാദൃശ്യമുള്ളതായി തോന്നുന്നു. വളരെ ചെറിയ ഈ സമുദ്രജീവിയ്ക്ക് ഒരു ഇഞ്ചിൽ താഴെ മാത്രമേ നീളമുണ്ടാകൂ. പവിഴപ്പുറ്റുകൾ അല്ലെങ്കിൽ പാറക്കെട്ടുകൾ പോലുള്ള കട്ടിയുള്ള പ്രതലങ്ങളിൽ ഇത് സ്വയം പറ്റിപ്പിടിച്ച് കടൽവെള്ളത്തിൽ ഒഴുകി നടക്കുന്ന പ്ലവകങ്ങളെ ഭക്ഷണമാക്കുന്നു.