കാൾ മാർക്സ് : ദുർബലമായ നെഞ്ച്, എങ്ങുമെത്താതെ പോയ ജീവിതം, അനശ്വരമായ ദർശനം

By Web TeamFirst Published Mar 14, 2020, 4:14 PM IST
Highlights

ഏംഗൽസിനെഴുതിയ ഒരു കത്തിൽ മാർക്സ് തന്റെ അമ്മയുടെ പരിഭവം പങ്കുവെച്ചിട്ടുണ്ട് ഒരിക്കൽ, " മൂലധനത്തെപ്പറ്റി ചവറുപോലെ എഴുതുന്ന നേരം കൊണ്ട്, അതുണ്ടാക്കാനുള്ള ബുദ്ധി എന്റെ മോനുണ്ടായിരുന്നെങ്കിൽ...." 

കാള്‍ മാര്‍ക്സ് ജനിച്ചത് 1818 മെയ് അഞ്ചിനായിരുന്നു മരിച്ചത് 1883 മാര്‍ച്ച് 14 -നും. 1818 നും 1883 -നും ഇടക്കുള്ള അറുപത്തഞ്ചു വർഷക്കാലം ഈ ഭൂമുഖത്ത് ജീവിച്ചിരുന്ന ആ മനുഷ്യനല്ല കമ്യൂണിസം കണ്ടുപിടിച്ചത്. ജീവിതത്തിൽ ഒരിക്കലും വിജയിച്ച ഒരാളുമല്ല കാൾ മാര്‍‌ക്‌സ്. സ്വന്തം കുടുംബത്തെ പട്ടിണിയറിയാതെ പോറ്റാൻപോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. തന്റെ ജീവിതത്തിന്റെ അവസാനകാലത്ത് ഫ്രാൻസിൽ പ്രചരിച്ച 'മാർക്സിസം' എന്ന പ്രത്യയശാസ്ത്രത്തെപ്പറ്റി അദ്ദേഹം തന്നെ പറഞ്ഞത്, " ഭാഗ്യത്തിന് ഞാനൊരു മാര്‍ക്‌സിസ്റ്റ് അല്ല" എന്നാണ്. അതൊക്കെ ശരിയാണ് എന്നിരിക്കിലും, ലോകം ഇന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ചിന്തകരിൽ ഒരാളാണ് കാൾ മാര്‍‌ക്‌സ് എന്നതിൽ യാതൊരു സംശയത്തിനും ഇടയില്ല. മാര്‍ക്‌സിന്റെ നൂറ്റി മുപ്പത്തേഴാം ചരമവാർഷികദിനത്തിൽ അത്ര പരിചിതമല്ലാത്ത അദ്ദേഹത്തിന്റെ സ്വകാര്യജീവിതത്തിലൂടെ. 

ആറാം വയസ്സിലെ മാമ്മോദീസ, നിലനില്പിന്റെ രാഷ്ട്രീയം 

പരമ്പരാഗതമായി ജൂത പുരോഹിതന്മാരായിരുന്നു മാര്‍ക്‌സിന്റെ പൂർവികർ. അദ്ദേഹത്തിന്റെ മുത്തച്ഛനും ഒരു റബ്ബി ആയിരുന്നു. നെപ്പോളിയന്റെ യുദ്ധങ്ങൾക്ക് ശേഷം ഫ്രഞ്ച് അധിനിവേശക്കാർ പ്രഷ്യയിൽ നിന്ന് പിന്മടങ്ങി അവിടെ പുതിയൊരു ഗവണ്മെന്റുണ്ടായപ്പോൾ ആ സർക്കാർ ജൂതർക്ക് ഗവണ്മെന്റ് ലാവണങ്ങളിലേക്ക് പ്രവേശനം നിഷേധിച്ചു കൊണ്ട് നിയമമുണ്ടാക്കി. ആ നിയമത്തെ മറികടക്കാൻ വേണ്ടിയാണ് മാര്‍ക്‌സിന്റെ പിതാവും അറിയപ്പെടുന്ന ഒരു അഭിഭാഷകനുമായിരുന്ന ഹെൻറിച്ച് മാര്‍‌ക്‌സ് ക്രിസ്തുമതത്തിലേക്ക് മതം മാറിയത്. മാർക്‌സും സഹോദരങ്ങളും 1824 -ൽ മാമ്മോദീസ മുക്കപ്പെട്ടു. 

സ്‌കൂളിൽ നടന്ന പൊലീസ് റെയ്‌ഡുകൾ 

1830 വരെ മാര്‍ക്‌സിനെ അച്ഛൻ വീട്ടിലിരുത്തി പഠിപ്പിക്കുകയായിരുന്നു. അക്കാലത്താണ് മാര്‍‌ക്‌സ് വോൾട്ടയറിനെയും മറ്റും വായിക്കുന്നത്. പിന്നീട്, 'ഫ്രഡറിച്ച് വിൽഹെം ജിംനേഷ്യം' എന്ന സ്‌കൂളിൽ പഠനം. തികഞ്ഞ ഉത്പതിഷ്ണുവായിരുന്ന അവിടത്തെ ഹെഡ്മാസ്റ്റർ യോഹാൻ ഹ്യൂഗോ വിറ്റൻബാക്ക് സ്വതന്ത്ര ചിന്താഗതിക്കാരായ അധ്യാപകരെക്കൊണ്ട് വിദ്യാർത്ഥികൾക്ക് അറിവുപകർന്നു നൽകി. സ്വതന്ത്ര ചിന്തയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഒക്കെ പ്രോത്സാഹനമേകി. അക്കാലത്ത് വിപ്ലവകാരികൾക്ക് അഭയം നൽകി എന്നതിന്റെ പേരിൽ 1832 -ൽ മാര്‍‌ക്‌സ് മെട്രിക്കുലേഷന് പഠിക്കുന്നകാലത്ത് പൊലീസ് പ്രസ്തുത സ്ഥാപനം റെയ്‌ഡുചെയ്യുന്നുണ്ട്. 

ദുർബലമായ ശാരീരികാവസ്ഥ കാരണം നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു അന്ന് മാര്‍‌ക്‌സ്. അക്കാലത്ത്, രാത്രി വൈകും വരെ പാർട്ടികളിൽ പങ്കുചേർന്നും, മദ്യപിച്ചും, ഇടതടവില്ലാതെ സിഗരറ്റുകൾ പുകച്ചു തള്ളിയും ഒക്കെ യൗവ്വനം ആഘോഷിക്കുന്നതിനിടെ ശരീരം ആകെ ശുഷ്കിച്ചു പോയിട്ടുണ്ടായിരുന്നു മാര്‍ക്‌സിന്റെ. 'ദുർബലമായ നെഞ്ച്' എന്നതായിരുന്നു മാര്‍ക്‌സിനെ പട്ടാളത്തിലെടുക്കാതിരിക്കാൻ പറഞ്ഞ കാരണം. 

കോളേജ് കാലത്തെ അങ്കങ്ങൾ, ജയിൽ വാസം 

1835 മുതൽ ബോൺ യൂണിവേഴ്സിറ്റിയിൽ ബിരുദപഠനത്തിലായിരുന്നു മാര്‍‌ക്‌സ്. എന്നാൽ ക്യാമ്പസിനുള്ളിലോ ക്‌ളാസ് മുറിയിലോ ഒന്നും അധികം കയറുക പതിവിലായിരുന്നു. കുത്തഴിഞ്ഞ ഒരു ജീവിതമായിരുന്നു. സദാ മദ്യപാനം, പുകവലി ഒക്കെയായിരുന്നു ശീലം. അന്ന് 'പോയറ്റ്സ് ക്ലബ്' എന്നൊരു വിപ്ലവ സംഘടനയിൽ ചേർന്ന് പ്രവർത്തിച്ചിരുന്നു അദ്ദേഹം. അതിനു പുറമെ പ്രദേശത്തെ പ്രധാന മദ്യപരുടെ സംഘമായ 'ടൈയേർസ് ടാവേൺ ക്ലബ്ബി'ന്റെ വൈസ് പ്രസിഡന്റും മാര്‍‌ക്‌സ് ആയിരുന്നു. ക്യാമ്പസ്സിനുള്ളിലെ ആഭിജാത്യത്തെ തൂത്തെറിഞ്ഞ് അരാജകത്വത്തെ കുടിയിരുത്തുക എന്ന ലക്‌ഷ്യം വെച്ച് നടത്തിയ പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹത്തിന് ഒരു ദിവസം ജയിലിൽ കഴിച്ചു കൂട്ടേണ്ടി വന്നിട്ടുണ്ട്. ഭരണകൂടത്തോട് വിധേയത്വമുണ്ടായിരുന്ന 'ബൊറൂസിയ കോർപ്സ്' എന്ന സംഘടനയുടെ പ്രവർത്തകരോട് നിത്യം വഴക്ക് പതിവായിരുന്നു. അന്നൊക്കെ സ്ഥിരമായി ഒരു റിവോൾവർ അരയിൽ കൊണ്ടുനടക്കുന്ന പതിവുമുണ്ടായിരുന്നു മാര്‍ക്‌സിന്. അതിന്റെ പേരിലും പലവട്ടം പൊലീസുമായി ഇടയേണ്ടി വന്നിട്ടുണ്ട്. ഒടുവിൽ ഒരു ബൊറൂസിയ കോർപ്സ് അംഗവുമായി അങ്കം കുറിച്ച് പൊരിഞ്ഞ മല്ലയുദ്ധം നടത്തി കണ്ണിനുമുകളിലായി ഒരു മുറിവും സമ്പാദിക്കുന്നുണ്ട് മാര്‍‌ക്‌സ്. ഒരു വർഷമേ ആകെ ബോണിൽ നിന്നുള്ളൂ, അതിനു ശേഷം കുറേക്കൂടി കർശനമായ സാഹചര്യങ്ങൾ ഉള്ള ബെർലിൻ യൂണിവേഴ്സിറ്റിയിലായി തുടർപഠനം. 

ബാല്യകാല സഖിയുമായുള്ള വിവാദവിവാഹം 

മാര്‍‌ക്‌സ് ജനിക്കുന്നതിനു രണ്ടു വർഷം മുമ്പേതന്നെ, ലുഡ്വിഗ് വോൻ വെസ്റ്റ്ഫാല്ലെൻ എന്നൊരു പ്രഷ്യൻ പ്രമാണിയുമായി സൗഹൃദമുണ്ടായിരുന്നു അച്ഛൻ ഹെൻറിച്ചിന്. അയാളുടെ മകൾ ജെന്നി തന്റെ അഞ്ചാം വയസ്സിലാണ്, അന്ന് ഒരു വയസ്സുള്ള കാൾ മാര്‍ക്‌സിനെ കണ്ടുമുട്ടുന്നത്. അവൾക്ക് 29 വയസ്സുതികഞ്ഞ വർഷം, ജെന്നിയും മാർക്‌സും തമ്മിലുള്ള വിവാഹം നിശ്ചയിക്കപ്പെട്ടു. ഒരു കുലീന പ്രഷ്യൻ കുടുംബത്തിലുള്ള മാന്യനുമായി നിശ്ചയിച്ചുറപ്പിച്ച വിവാഹം വേണ്ടെന്നു വെച്ചാണ് ജെന്നി മാര്‍ക്‌സിനെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. അന്ന് രണ്ടു സാമ്പത്തിക നിലവാരത്തിലുള്ള, വ്യത്യസ്ത സമുദായങ്ങളിൽ നിന്നുള്ളവർ തമ്മിലുള്ള വിവാഹങ്ങൾ അത്രക്ക് സാധാരണമല്ല പ്രഷ്യൻ സമൂഹത്തിൽ. പോരാത്തതിന് ജെന്നി മാർക്‌സിനേക്കാൾ നാലുവയസ്സിനു മൂത്തതും. അതുകൊണ്ട് ഏറെ വിവാദങ്ങൾക്ക് കാരണമായ ഒരു വിവാഹമായിരുന്നു അവരുടേത്.

 

 

അച്ഛന്റെ ശവമടക്കിൽ പങ്കെടുക്കാതിരുന്ന മകൻ 

കോളേജ് കാലത്തെ വന്യമായ ജീവിതം മാര്‍ക്‌സിനെ തന്റെ കുടുംബത്തിൽ നിന്ന് ഇനി എടുക്കാനാവാത്ത വിധത്തിൽ അകറ്റി. താൻ ജീവിച്ചിരുന്ന സമൂഹത്തിന്റെ പെറ്റി ബൂർഷ്വാ സ്വഭാവത്തോടുള്ള മാര്‍ക്‌സിന്റെ പ്രതിഷേധമായിരുന്നു ആ അരാജകത്വം. ബെർലിൻ സർവ്വകലാശാലയിലേക്ക് പറിച്ചു നട്ട ശേഷം മാര്‍‌ക്‌സ് ഒരിക്കൽ പോലും തന്റെ വീട്ടിലേക്ക് തിരികെപ്പോയിട്ടില്ല. മകൻ അന്നത്തെ ജർമൻ അധികാരവ്യവസ്ഥയെ അംഗീകരിക്കാത്തതും, അവരെ പ്രീണിപ്പിച്ച് നല്ല സ്ഥാനം നേടിയെടുക്കാൻ ശ്രമിക്കാത്തതും ഒക്കെ ഹെൻറിച്ചിനെ മരണം വരെയും അലട്ടിയിരുന്നു. ഒടുവിൽ 1838 -ൽ അച്ഛൻ മരിച്ചപ്പോഴും, മാര്‍‌ക്‌സ് ബെർലിനിൽ നിന്ന് വീട്ടിലേക്ക് പോകാൻ മിനക്കെട്ടില്ല. 

 ഏംഗൽസ്  എന്ന സാമ്പത്തിക സ്രോതസ്സ് 

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പാതിയിൽ മാര്‍‌ക്‌സ് രണ്ടു വർഷം മാത്രം പാരീസിൽ കഴിഞ്ഞിട്ടുണ്ട്. ആ സമയത്താണ് അദ്ദേഹം ഫ്രെഡ്റിച്ച് ഏംഗൽസ് എന്ന തത്വചിന്തകനെ പരിചയപ്പെടുന്നത്. 'കഫെ ഡി ലാ റീജൻസി'ൽ വെച്ച് നടന്ന ആ സന്ദർശനം മാര്‍ക്‌സിന്റെ ജീവിതത്തെ മാറ്റിമറിച്ച ഒന്നായിരുന്നു. ഒരു തുണിമില്ലുടമയുടെ മകനായിരുന്ന ഏംഗൽസിന് തൊഴിലാളികളുടെ സംഘർഷങ്ങളെപ്പറ്റി നേരിട്ടുള്ള ഉൾക്കാഴ്ചകൾ ഉണ്ടായിരുന്നു. പ്രോലിറ്റേറിയറ്റിനെപ്പറ്റിയുള്ള മാര്‍ക്‌സിന്റെ ധാരണകളെ പരുവപ്പെടുത്തുന്നത് ഏംഗൽസ് ആണ്. അവർ ഒന്നിച്ച് നിരവധി പ്രബന്ധങ്ങൾ അക്കാലത്ത് എഴുതുകയുണ്ടായി.

 

 

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന ചരിത്രപ്രധാനമായ രചനയ്ക്ക് പിന്നിലും ഇവർ ഇരുവരുമാണ്. ദാസ് കാപ്പിറ്റൽ അഥവാ മൂലധനം എന്ന കാൾ മാർക്സിന്റെ പ്രസിദ്ധകൃതി അച്ചടിക്കാൻ വേണ്ട മുതൽമുടക്കുന്നത് ഏംഗൽസ് ആണ്. എന്നുമാത്രമല്ല, മാര്‍ക്‌സിന്റെ വീട്ടിൽ അടുപ്പുപുകയാൻ വേണ്ട പണം പോലും ഇടയ്ക്കിടെ നൽകി സഹായിച്ചിരുന്നത് അദ്ദേഹമായിരുന്നു. 1865 മുതൽ 1869 വരെ മാത്രം ഏംഗൽസ് മാര്‍ക്‌സിന് കൈവായ്പയായി നൽകിയത് ഏകദേശം 36,000 ഡോളറോളമാണ്. വ്യവസായിയായ ഏംഗൽസ് ഒരർത്ഥത്തിൽ സ്വന്തം തൊഴിലാളികളെ തനിക്കുനേരെത്തന്നെ സംഘടിപ്പിക്കാൻ വേണ്ടിയുള്ള ബൗദ്ധികാധ്വാനത്തിന് വേണ്ട അർത്ഥം നൽകി മാർക്സിനെ സഹായിക്കുകയായിരുന്നു എന്നുപറഞ്ഞാലും തെറ്റില്ല. 

ചെല്ലുന്നിടത്തെല്ലാം കാത്തിരുന്ന നിരോധനം 

'ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ രാജ്യം വിട്ടു പുറത്തുപോയ്ക്കൊള്ളണം' ഇങ്ങനെ ഒരുത്തരവ് പലവട്ടം മാര്‍ക്‌സിന്റെ ജീവചരിത്രത്തിൽ നമുക്ക് കാണാം. പ്രഷ്യയിൽ നിന്ന് 1843 -ൽ പുറത്താക്കപ്പെട്ടതാണ് ആദ്യത്തെ അനുഭവം. അന്ന് സാർ നിക്കോളാസ് ഒന്നാമനാണ് ആദ്യമായി മാര്‍ക്‌സിന്റെ പത്രം(The Rheinische Zeitung) നിരോധിക്കാൻ ഉത്തരവിറക്കുന്നത്. അന്ന് അവിടം വിട്ട മാർക്സ് നേരെ ചെല്ലുന്നത് ഫ്രാൻസിലേക്ക്, Vorwarts! എന്ന ഇടതു തീവ്രവിപ്ലവാഭിമുഖ്യമുള്ള പത്രത്തിന്റെ സഹ പത്രാധിപരായിട്ടാണ്. 1845 -ൽ അത് നിരോധിച്ചുകൊണ്ട് ഫ്രഞ്ച് ഗവണ്മെന്റിന്റെ ഉത്തരവിറങ്ങുന്നു. ഫ്രാൻസിൽ നിന്ന് ആട്ടിപ്പായിക്കപ്പെട്ട മാര്‍‌ക്‌സ് അടുത്തതായി ചെന്നെത്തുന്നത് ബെൽജിയത്തിലാണ്. അവിടെയും തൊഴിലാളികളെ സായുധസമരങ്ങൾക്ക് പ്രേരിപ്പിച്ചു എന്ന ആരോപണത്തിന്മേൽ അദ്ദേഹം അറസ്റ്റിലാകുന്നു.

 

 

അവിടെ നിന്ന് ജാമ്യത്തിലിറങ്ങിയ അദ്ദേഹം തിരിച്ച് പ്രഷ്യയിലേക്ക് ചെന്ന് പുതിയൊരു പത്രം തുടങ്ങുന്നു. Neue Rheinische Zeitung. 1849 മെയിൽ ആ പത്രവും അടച്ചുപൂട്ടി സീലുവെച്ച പ്രഷ്യൻ സർക്കാർ മാര്‍ക്‌സിനോട് പ്രഷ്യ വിടാൻ ആവശ്യപ്പെടുന്നു. അന്ന് വീണ്ടും ഫ്രാൻസിലേക്ക് പോയ മാര്‍‌ക്‌സ് അവിടെ നിന്നും ആട്ടിയോടിക്കപ്പെട്ട ഒടുവിൽ ലണ്ടനിൽ അഭയം തേടുന്നു. അവിടെ അദ്ദേഹം കമ്യൂണിസ്റ്റ് ലീഗിന് ഇംഗ്ലണ്ടിൽ ഒരു ഘടകമുണ്ടാക്കുന്നു. അവിടെ വെച്ചാണ് ഓഗസ്റ്റ് വില്ലിച്ച് എന്ന സഹകമ്യൂണിസ്റ്റുകാരൻ, 'വേണ്ടത്ര കമ്യൂണിസ്റ്റല്ല' എന്ന ദേഷ്യത്തിന്റെ പുറത്ത് മാര്‍ക്‌സിനെ വധിക്കാനൊക്കെ ശ്രമിക്കുന്നത്.  ആ നെട്ടോട്ടങ്ങളുടെ സമയത്ത് ജെന്നി നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്ന സമയമാണ്. മാര്‍ക്‌സിന്റെ ദാരിദ്ര്യം അതിന്റെ പരമകാഷ്ഠയിൽ എത്തിനിൽക്കുന്ന കാലവും. ഇംഗ്ലണ്ടിൽ കിടന്നാണ് അദ്ദേഹം ഒടുവിൽ മരണപ്പെടുന്നത്. 

സദാ രോഗഗ്രസ്തമായ ശരീരം 

'അസ്തിത്വദുരിതം' എന്നാണ് മാര്‍‌ക്‌സ് തന്റെ ആരോഗ്യപ്രശ്നങ്ങളെപ്പറ്റി പറഞ്ഞിരുന്നത്. വെർണർ ബ്ലുംബർഗ് എന്ന മാർക്സിന്റെ ജീവചരിത്രകാരൻ അദ്ദേഹത്തിന്റെ രോഗങ്ങളെപ്പറ്റി വിശദമായി പറഞ്ഞിട്ടുണ്ട് തന്റെ കൃതിയിൽ. തലവേദന, കണ്ണുകളുടെ വീക്കം, സന്ധിവേദന, നിദ്രാവിഹീനത, കരൾ-പിത്താശയ സംബന്ധിയായ രോഗങ്ങൾ, വിഷാദം തുടങ്ങിയ പല വിഷമങ്ങളും നിരന്തരം മാര്‍ക്‌സിനെ അലട്ടിയിരുന്നു. വല്ലാത്തൊരു ജീവിതശൈലിയായിരുന്നു മാര്‍ക്‌സിന്റേത്. രാത്രി നേരത്തും കാലത്തും കിടന്നുറങ്ങില്ല. കരളിന് ദോഷം ചെയ്യുന്ന പലതും ആഹരിക്കും, നിർത്താതെ സിഗരറ്റു വലിച്ച് തള്ളും, ഒരു നിയന്ത്രണവും കൂടാതെ നിരന്തരം മദ്യപിക്കും, നേരത്തെ ഉണ്ടായിരുന്ന രോഗങ്ങളൊക്കെ അദ്ദേഹത്തിന്റെ കുത്തഴിഞ്ഞ ജീവിതശൈലികൊണ്ട് ഒന്നുകൂടി ഏറി എന്നുവേണം പറയാൻ.  പതിനെട്ടാം വയസ്സിൽ പട്ടാളത്തിൽ എടുക്കാതിരിക്കാൻ ഡോക്ടർ പറഞ്ഞ കാരണം, 'ദുർബലമായ നെഞ്ച്' യഥാർത്ഥത്തിൽ ശ്വാസകോശവും നെഞ്ചും വീങ്ങുന്ന പ്ലൂറസി എന്ന ഒരു രോഗമായിരുന്നു. അറുപത്തിനാലാം വയസ്സിൽ മാര്‍ക്‌സിന്റെ ജീവനെടുത്തതും അതുതന്നെ.

ലോകമറിയാതെ പോയ കാല്പനികനായ മാർക്സ് 

രാഷ്ട്രീയ തത്വശാസ്ത്രങ്ങൾക്കും സാമ്പത്തിക ചിന്താപദ്ധതികൾക്കും അപ്പുറത്ത് ലോകം അറിയാതെ പോയ ഒരു മാർക്സുണ്ടായിരുന്നു. അതായിരുന്നു ജെന്നി എന്ന, തന്നെക്കാൾ നാലുവയസ്സുമൂത്ത യുവതിയെ പ്രണയിച്ച മാര്‍‌ക്‌സ് എന്ന കാല്പനിക യൗവ്വനം. അദ്ദേഹം തന്റെ കാമുകിക്കുവേണ്ടി കാവ്യഭംഗി തുളുമ്പുന്ന നിരവധി പ്രണയ ഗീതകങ്ങൾ കുറിച്ചിരുന്നു. ഇറ്റലിയിലെ ഒരു മലയോഗഗ്രാമത്തിന്റെ കഥ പറഞ്ഞ ഒരു നാടകവും മാര്‍‌ക്‌സ് എഴുതി. അതിനു പുറമെ 'സ്കോർപിയൻ ആൻഡ് ഫെലിക്സ്' എന്ന പേരിൽ ഒരു ഹാസ്യനോവലും. അതൊന്നും തന്റെ ആയുഷ്കാലത്തിനിടെ പ്രസിദ്ധപ്പെടുത്തിക്കാണാനോ, സാമ്പത്തികലാഭമുണ്ടാക്കി അതുകൊണ്ട് ജീവിക്കാനോ മാര്‍ക്‌സിന് കഴിഞ്ഞില്ല.

 

 

ഇംഗ്ലണ്ടിലേക്ക് വന്ന അന്നുതൊട്ട് മരിക്കും വരെ മാർക്‌സും കുടുംബവും കൊടിയ ദാരിദ്ര്യത്തിലാണ് കഴിഞ്ഞത്. മാര്‍ക്‌സിന്റെ കളസം പണയം വെച്ച് കുഞ്ഞുങ്ങളുടെ പട്ടിണി മാറ്റേണ്ട ഗതികേടുവരെ ജെന്നിക്കുണ്ടായി. ഏംഗൽസിനെഴുതിയ ഒരു കത്തിൽ മാര്‍‌ക്‌സ് തന്റെ അമ്മയുടെ പരിഭവം പങ്കുവെച്ചിട്ടുണ്ട് ഒരിക്കൽ, " മൂലധനത്തെപ്പറ്റി ചവറുപോലെ എഴുതുന്ന നേരം കൊണ്ട്, അതുണ്ടാക്കാനുള്ള ബുദ്ധി എന്റെ മോനുണ്ടായിരുന്നെങ്കിൽ...." 

ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നരകിച്ചു നരകിച്ച് മൂന്നുമക്കൾ പോഷകക്കുറവുകൊണ്ട് മരിക്കുന്നതിന്, സ്വന്തം ഭാര്യ പട്ടിണികിടന്നു വലയുന്നതിന് ഒക്കെ സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടും തന്റെ തത്വചിന്തകളിൽ നിന്ന് കടുകിടെ വ്യതിചലിക്കാനോ മുതലാളിത്തത്തോട് വിട്ടുവീഴ്ച ചെയ്ത് അവരുടെ പിണിയാളായി പണം സമ്പാദിക്കാനോ ഒന്നും മാര്‍‌ക്‌സ് തയ്യാറായില്ല. ഒടുവിൽ 1883 മാർച്ച് 14 -ന് ആ വലിയ മനുഷ്യൻ അന്തരിച്ചപ്പോൾ നടന്ന ശവമടക്കിൽ സംബന്ധിക്കാൻ ആകെ വന്നെത്തിയത് 11 പേർ മാത്രമായിരുന്നു. 

 

 

മാര്‍ക്‌സിന്റെ മരണത്തിനും ഏഴുവർഷങ്ങൾക്കപ്പുറം വ്ലാദിമിർ ലെനിൻ എന്ന റഷ്യൻ വിപ്ലവകാരിയുടെ മുന്നിലേക്ക് ദാസ് കാപ്പിറ്റൽ എന്ന കൃതി ആകസ്മികമായി വന്നെത്തിയിരുന്നില്ല എങ്കിൽ, മാര്‍ക്‌സിനോടൊപ്പം തന്നെ വിസ്മരിക്കപ്പെടുമായിരുന്നു അദ്ദേഹത്തിന്റെ ചിന്താപദ്ധതികളും. എന്നാൽ, മൂലധനം വായിച്ച് അതിൽ ആകൃഷ്ടനായ ലെനിൻ തന്റെ സ്നേഹിതരുടെയും അണികളുടെയും മുന്നിൽ ചെന്നുനിന്ന് താനൊരു 'മാർക്സിസ്റ്റ്' ആണെന്ന് പ്രഖ്യാപിച്ചതോടെയാണ് കാൾ മാര്‍‌ക്‌സ് എന്ന പേര് വീണ്ടും ജനങ്ങളുടെ ഓർമ്മയിലേക്ക് വന്നത്. ലെനിൻ പിന്നീട് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ചതും, ബോൾഷെവിക്ക് വിപ്ലവം നയിച്ചതുമൊക്കെ ചരിത്രത്തിന്റെ ഭാഗം. 

തന്റെ എഴുത്തുകളിൽ എവിടെയോ 'മുതലാളിത്തം പഴുത്തില പോലെ നിൽക്കുന്ന ഇംഗ്ലണ്ടിൽ...' എന്നെഴുതിയിട്ടുണ്ട് കാൾ മാര്‍‌ക്‌സ് ഒരിക്കൽ. മുതലാളിത്തത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ ആ പ്രവചനങ്ങൾ ഫലിക്കാതെ പോയി എങ്കിലും, അതേ മുതലാളിത്തത്തെക്കൊണ്ട് പ്രോലിറ്റേറിയറ്റിന്റെ ക്ഷേമത്തെപ്പറ്റികൂടി ചിന്തിപ്പിക്കാനായി എന്നിടത്താണ് മാര്‍‌ക്‌സ് എന്ന മനുഷ്യന്റെ ചിന്തകളുടെ പ്രസക്തി. ആ അർത്ഥത്തിൽ, അത് ഒരിക്കലും മായാതെ നിലനിൽക്കുന്ന ഒന്നാണ്. 

click me!