മാതാപിതാക്കളുടെ കൂടെ താമസിക്കുന്നതിന് യുഎസ്സില്‍ നിന്നുള്ള സുഹൃത്തുക്കള്‍ വിളിക്കുമ്പോള്‍ കളിയാക്കുന്നു. പോസ്റ്റുമായി 28 -കാരന്‍. അച്ഛനമ്മമാരുടെ കൂടെ താമസിക്കുന്നത് സാധാരണമല്ലേ എന്ന് ചോദ്യം.

ഇന്ത്യയിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുക എന്നത് ഒരു സാധാരണ കാര്യമാണ്. എന്നാൽ, വി​ദേശ രാജ്യങ്ങളിൽ അത് അത്ര സാധാരണമായ ഒരു കാര്യമല്ല. ഒരു പ്രായം കഴിഞ്ഞാൽ ആൺമക്കളായാലും പെൺമക്കളായാലും മാതാപിതാക്കളുടെ വീട് വിട്ട് പോവുകയും തനിയെ താമസം തുടങ്ങുകയും ചെയ്യണമെന്നാണ് അവർ കരുതുന്നത്. ഇപ്പോഴിതാ, അച്ഛന്റെയും അമ്മയുടെയും കൂടെ താമസിക്കുന്നതിന് തന്നെ യുഎസ്സിൽ കൂട്ടുകാർ പരിഹസിക്കുന്നു എന്ന് വെളിപ്പെടുത്തുകയാണ് ഒരു 28 -കാരൻ. സിം​ഗപ്പൂരിൽ നിന്നുള്ള യുവാവാണ് റെഡ്ഡിറ്റിൽ പോസ്റ്റ് ഷെയർ ചെയ്തത്.

മുതിർന്ന ഒരാളെന്ന നിലയിൽ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് അത്ര അസാധാരണമാണോ എന്നാണ് യുവാവിന്റെ ചോദ്യം. ബില്ലുകൾ അടയ്ക്കാൻ താൻ മാതാപിതാക്കളെ സഹായിക്കുന്നു എന്നും മാതാപിതാക്കൾ തന്നെ അവരോടൊപ്പം താമസിപ്പിക്കുന്നു എന്നും യുവാവ് പറയുന്നു. 20 -കളുടെ അവസാനത്തിൽ വീട്ടിൽ നിന്നും മാറി താമസിക്കാൻ ഒരാൾക്ക് സാധിക്കുമെങ്കിലും മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് അസാധാരണമാണോ എന്നാണ് യുവാവിന്റെ ചോദ്യം.

'എനിക്ക് 28 വയസ്സായി, മാന്യമായ വരുമാനവുമുണ്ട്, എനിക്ക് വേണമെങ്കിൽ സുഖകരമായി ഒരു മുറി വാടകയ്‌ക്കെടുക്കാം. പക്ഷേ, ഞാൻ ഇപ്പോഴും എന്റെ മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത്, സത്യം പറഞ്ഞാൽ, ജീവിതം വളരെ സാധാരണമായി തന്നെയാണ് അവിടെ പോകുന്നത്, എനിക്ക് എന്റെ സ്പേസുണ്ട്, ആരും എന്നെ നിയന്ത്രിക്കുന്നില്ല, ഞങ്ങൾ എല്ലാവരും നന്നായി പോകുന്നു. ബില്ലുകൾ അടയ്ക്കാൻ ഞാനവരെ സഹായിക്കുന്നു, ഞാൻ സ്വതന്ത്രമായി വന്നുപോകുന്നു, അല്ലാതെ അത് കുട്ടിയെപ്പോലെ ആയതുകൊണ്ടാണ് എന്ന് തോന്നുന്നില്ല' എന്നാണ് യുവാവ് കുറിച്ചത്.

മാത്രമല്ല, യുഎസ്സിൽ നിന്നുള്ള സുഹൃത്തുക്കൾ വിളിക്കുമ്പോൾ അവർ തന്നെ കളിയാക്കുന്നു. 30 വയസ് ആവാറായില്ലേ? മാറിത്താമസിച്ചുകൂടേ എന്നാണ് ചോദ്യമെന്നാണ് യുവാവ് പറയുന്നത്. നിരവധിപ്പേർ പോസ്റ്റിന് കമന്റുകൾ നൽകി. ഇതിലുള്ളത് സാംസ്കാരികമായ വ്യത്യാസമാണ് എന്ന് പലരും കമന്റ് നൽകി. പല രാജ്യങ്ങളിലും മാതാപിതാക്കൾക്കൊപ്പം താമസിക്കുന്നത് അപക്വമായി കാണാറുണ്ട്. എന്നാൽ, നമുക്ക് തോന്നുന്നത് നമുക്ക് ചെയ്യാം എന്നാണ് അവർ അഭിപ്രായപ്പെട്ടത്.