
ചൈനക്കാർ യീസ്റ്റ് ഉപയോഗിച്ച് മദ്യം നിർമ്മിച്ചതിന്റെ ആദ്യ തെളിവുകൾ കണ്ടെത്തിയതായി പുരാവസ്തു ഗവേഷകർ. ഡിസംബർ 17 -നാണ് 8,000 വർഷം പഴക്കമുള്ള മദ്യം നിർമിക്കാൻ ഉപയോഗിച്ചുവെന്ന് കരുതുന്ന കളിമൺ പാത്രങ്ങൾ ഗവേഷകർ കണ്ടെത്തിയത്. ഹെനാൻ പ്രവിശ്യയിലെ പെലിഗാംങ് സാംസ്കാരിക സൈറ്റിൽ നിന്ന് കണ്ടെത്തിയ രണ്ട് കളിമൺ പാത്രങ്ങളിൽ പുരാവസ്തു ഗവേഷകർ അരിയിൽ നിന്ന് ഉണ്ടാക്കിയ വലിയ അളവിലുള്ള പുളിപ്പിച്ച അന്നജം കണ്ടെത്തി.
അതിന് പുറമേ, മൊണാസ്കസ് ഹൈഫയും (പുളിച്ച ഭക്ഷണങ്ങളിലെ ഒരു തരം പൂപ്പൽ), ക്ലിസ്റ്റോതെസിയയും (ഒരു തരം ഫംഗസ്) എന്നിവയും കണ്ടെത്തി. ഒരു കാലത്ത് മദ്യം ഉണ്ടാക്കുന്നതിനും സംഭരിക്കുന്നതിനും ഈ പാത്രങ്ങൾ ഉപയോഗിച്ചിരുന്നതായി ചൈനീസ് അക്കാദമി ഓഫ് സോഷ്യൽ സയൻസസിന്റെ കീഴിലുള്ള പുരാവസ്തു ഇൻസ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റന്റ് ഗവേഷകനായ ലി യോങ്കിയാങ് പറഞ്ഞു. ഏകദേശം 8,000 വർഷം പഴക്കമുള്ള ചൈനയിലെ ആദ്യകാല ഗ്രാമങ്ങളിൽ ഒന്നാണ് പെയ്ലിഗാങ്. പുരാതന കാലത്തെ കൃഷി, മൺപാത്ര നിർമ്മാണം, തുണി വ്യവസായം, മദ്യം നിർമ്മാണ വിദ്യകൾ എന്നിവയുടെ ഉത്ഭവത്തെയും വികാസത്തെയും കുറിച്ചുള്ള പഠനങ്ങൾക്ക് ഇത് പ്രധാന വഴിത്തിരിവായിരിക്കും.
2017 -ൽ, ഇതേ ഹെനാൻ പ്രവിശ്യയിലെ ജിയാഹു നിയോലിത്തിക്ക് വില്ലേജിൽ നിന്ന് സമാനമായ മറ്റൊരു പുരാവസ്തുവും ഗവേഷകർ കണ്ടെത്തുകയുണ്ടായി. അവിടെ ബിസി 7000 -ത്തിലേതെന്ന് കരുതുന്ന ഒരു ലഹരിപാനീയത്തിന്റെ ആദ്യ തെളിവുകൾ ഗവേഷകർ കണ്ടെത്തി.