ജീവനക്കാരുടെ കള്ളത്തരം കണ്ടുപിടിക്കാൻ വ്യാജപുരോഹിതനെ രംഗത്തിറക്കി കുമ്പസാരം, പിഴയൊടുക്കാന്‍ കോടതി

Published : Jun 22, 2023, 01:07 PM IST
ജീവനക്കാരുടെ കള്ളത്തരം കണ്ടുപിടിക്കാൻ വ്യാജപുരോഹിതനെ രംഗത്തിറക്കി കുമ്പസാരം, പിഴയൊടുക്കാന്‍ കോടതി

Synopsis

ആൾമാറാട്ടം പുറത്തായതോടെ ജീവനക്കാർ ഇയാൾക്കെതിരെ തൊഴിൽ വകുപ്പിൽ പരാതി നൽകി. തുടർന്ന് ഗരിബാൾഡിയോട് 5,000 ഡോളർ (4 ലക്ഷത്തിലധികം) സിവിൽ പെനാൽറ്റി ആയി അടയ്ക്കാനും ഇതു കൂടാതെ ജീവനക്കാർക്ക് 140,000 ഡോളർ (1 കോടിയിലധികം) നഷ്ടപരിഹാരം നൽകാനും യുഎസ് തൊഴിൽ വകുപ്പ് ഉത്തരവിട്ടു.

പലതരത്തിലുള്ള തൊഴിലാളി ചൂഷണങ്ങളുടെയും തട്ടിപ്പിന്റെയുമൊക്കെ കഥകൾ നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ, ഏറെ വിചിത്രമായ ഒരു തൊഴിലാളി ചൂഷണത്തിന്റെ വാർത്തയാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ കാലിഫോർണിയയിൽ നിന്ന് പുറത്ത് വന്നത്. 

സംഭവം ഇങ്ങനെയാണ്. കാലിഫോർണിയയിലെ ഒരു പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയുടെ ഉടമ തന്റെ ജീവനക്കാർ സ്ഥാപനത്തിനെതിരെ നടത്തുന്ന പ്രവർത്തനങ്ങൾ കണ്ടെത്താൻ ഒരു വ്യാജ പുരോഹിതനെ രംഗത്തിറക്കി. തൊഴിലാളികൾക്ക് ഈ പുരോഹിതനരികെ കുമ്പസരിക്കാൻ അവസരം ഒരുക്കിയ ഈ റെസ്റ്റോറന്റ് ഉടമയുടെ ലക്ഷ്യം അവർ പറയുന്ന തെറ്റുകളുടെ കൂട്ടത്തിൽ തന്റെ സ്ഥാപനത്തിനും തനിക്കും എതിരായി പ്രവർത്തിച്ച എന്തെങ്കിലും കാര്യങ്ങൾ ഉണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു. ഏതായാലും സംഭവം പുറത്തായതോടെ ജീവനക്കാർക്ക് ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരം നൽകാൻ റെസ്റ്റോറന്റ് ഉടമയോട് ഉത്തരവിട്ടിരിക്കുകയാണ് യുഎസ് തൊഴിൽ വകുപ്പ്.

കാലിഫോർണിയയിലെ‌ റെസ്റ്റോറന്റ് ശൃംഖല ഉടമയായ ചെ ഗരിബാൾഡിയാണ് ഇത്തരത്തിൽ ഇപ്പോൾ പുലിവാൽ പിടിച്ചിരിക്കുന്നത്. സാക്രമെന്റോയിൽ രണ്ട് റെസ്റ്റോറന്റുകളുടെ ഉടമയായ ഗരിബാൾഡി റോസ്‌വില്ലെയിൽ നിന്നുള്ള ഒരു വ്യാജ പുരോഹിതനെയാണ് കമ്പനിയ്‌ക്കെതിരായി ചെയ്ത കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യാൻ രംഗത്തിറക്കിയത്. എന്നാൽ, ആൾമാറാട്ടം പുറത്തായതോടെ ജീവനക്കാർ ഇയാൾക്കെതിരെ തൊഴിൽ വകുപ്പിൽ പരാതി നൽകി. തുടർന്ന് ഗരിബാൾഡിയോട് 5,000 ഡോളർ (4 ലക്ഷത്തിലധികം) സിവിൽ പെനാൽറ്റി ആയി അടയ്ക്കാനും ഇതു കൂടാതെ ജീവനക്കാർക്ക് 140,000 ഡോളർ (1 കോടിയിലധികം) നഷ്ടപരിഹാരം നൽകാനും യുഎസ് തൊഴിൽ വകുപ്പ് ഉത്തരവിട്ടു. കമ്പനിക്കെതിരെ രൂക്ഷ്ഷവിമർശനവും കോടതി നടത്തി.

തൊഴിൽ വകുപ്പിന്റെ അന്വേഷണത്തിൽ ഗാരിബാൾഡി നടത്തിയ ഒന്നിലധികം നിയമലംഘനങ്ങൾ പുറത്തുവന്നു. ഈ ലംഘനങ്ങളിൽ,  ജീവനക്കാരുടെ ടിപ്പുകൾ നിയമവിരുദ്ധമായി തട്ടിയെടുക്കൽ, ഓവർടൈം വേതനം നിഷേധിക്കൽ,  വ്യാജ വൈദികനെ നിയമിക്കൽ എന്നിവ ഉൾപ്പെടുന്നു. അതേസമയം വ്യാജ വൈദികന് തങ്ങളുടെ രൂപതയുമായി യാതൊരു ബന്ധവുമില്ലെന്ന് സാക്രമെന്റോയിലെ കത്തോലിക്കാ രൂപത സ്ഥിരീകരിച്ചു. 

PREV
Read more Articles on
click me!

Recommended Stories

28 വയസ്, അച്ഛന്റെയും അമ്മയുടെയും കൂടെ താമസിക്കുന്നതിന് കൂട്ടുകാർ കളിയാക്കുന്നു, ഇത് അസാധാരണമാണോ? പോസ്റ്റുമായി യുവാവ്
ഒരു റൊമാന്റിക് സിനിമ പോലെ; 10 -ാം വയസിൽ തന്നെ രക്ഷിച്ച സൈനികനെ 17 വർഷങ്ങൾക്കുശേഷം വിവാഹം ചെയ്ത് യുവതി