ഇന്ത്യയിലെ സമ്പന്നരുടെ ​ഗ്രാമം, ന​ഗരങ്ങളിലെ ജനങ്ങളേക്കാൾ സമ്പന്നരായവർ, കാരണം

By Web TeamFirst Published Aug 10, 2021, 2:00 PM IST
Highlights

വെളിയിൽ ജോലി ചെയ്താലും, സ്വന്തം നാടിനായി പണം ചിലവഴിക്കാൻ ശ്രമിക്കുന്നവരാണ് ഇവർ. ഇത് കൂടാതെ 1968 -ൽ ലണ്ടനിൽ മധാപർ വില്ലേജ് അസോസിയേഷൻ എന്നറിയപ്പെടുന്ന ഒരു സംഘടന ആരംഭിക്കുകയുണ്ടായി. 

ലോകത്തിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഇന്ത്യയിലാണോ? ആണെന്ന് വാദിച്ചാലും തെറ്റില്ല. ഈ ഗ്രാമത്തിലെ ജനങ്ങൾ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ പകുതിയിലധികം ആളുകളെക്കാളും സമ്പന്നരാണ്. സമ്പന്നർ താമസിക്കുന്ന ആ ഗ്രാമത്തിന്റെ പേര് മധാപർ എന്നാണ്. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് മധാപർ സ്ഥിതി ചെയ്യുന്നത്. കച്ചിലെ മിസ്ട്രിസ് സ്ഥാപിച്ച 18 ഗ്രാമങ്ങളിൽ ഒന്നാണ് ഇത്. കണക്കുകൾ പ്രകാരം ഗ്രാമത്തിലെ ശരാശരി ആളോഹരി നിക്ഷേപം ഏകദേശം 15 ലക്ഷമാണ്. ഏകദേശം 7,600 വീടുകളുള്ള ഗ്രാമത്തിൽ പതിനേഴ് ബാങ്കുകളാണുള്ളത്. ജനങ്ങൾക്ക് ഈ ബാങ്കുകളിൽ 5,000 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇതിന് പുറമെ ഗ്രാമത്തിൽ സ്കൂളുകൾ, കോളേജുകൾ, അണക്കെട്ടുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയുമുണ്ട്. കൂടാതെ ഗ്രാമത്തിൽ ഒരു അത്യാധുനിക ഗോശാലയുമുണ്ട്.

ഈ ഗ്രാമം മറ്റ് ഗ്രാമങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ്. എന്തായിരിക്കാം അതിന് കാരണം?  കാരണം, ഗ്രാമീണരുടെ മിക്ക കുടുംബാംഗങ്ങളും ബന്ധുക്കളും താമസിക്കുന്നത് യുണൈറ്റഡ് കിംഗ്ഡം, അമേരിക്ക, ആഫ്രിക്ക, ഗൾഫ് തുടങ്ങിയ വിദേശ രാജ്യങ്ങളിലാണ്. ഇവിടെയുള്ള 65 ശതമാനത്തിലധികം ആളുകളും രാജ്യത്തിന് പുറത്ത് ജോലി ചെയ്യുന്നവരാണ്. അവരൊക്കെ നാട്ടിലുള്ള അവരുടെ കുടുംബങ്ങൾക്ക് മാസം തോറും നല്ലൊരു തുക അയച്ചുകൊടുക്കുന്നു. വലിയ പണക്കാരായ ശേഷം, ഇന്ത്യയിൽ തിരിച്ചെത്തിയ ഈ പ്രവാസികളിൽ പലരും അവരുടെ ഗ്രാമത്തിൽ തന്നെ പുതിയ സംരംഭങ്ങൾ ആരംഭിക്കുകയാണ് ചെയ്തത്. ഗ്രാമവാസികളിൽ കൂടുതലും പട്ടേൽമാരാണ്.    

വെളിയിൽ ജോലി ചെയ്താലും, സ്വന്തം നാടിനായി പണം ചിലവഴിക്കാൻ ശ്രമിക്കുന്നവരാണ് ഇവർ. ഇത് കൂടാതെ 1968 -ൽ ലണ്ടനിൽ മധാപർ വില്ലേജ് അസോസിയേഷൻ എന്നറിയപ്പെടുന്ന ഒരു സംഘടന ആരംഭിക്കുകയുണ്ടായി. വിദേശത്ത് താമസിക്കുന്ന മധാപർ നിവാസികളെ തമ്മിൽ അടുപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ഇത് തുടങ്ങിയത്. ഗ്രാമവാസികൾക്കിടയിലുള്ള ബന്ധം നിലനിർത്താനും, അവർ തമ്മിലുള്ള കൂടിക്കാഴ്ച സുഗമമാക്കാനും ഗ്രാമത്തിലും ഒരു ഓഫീസ് തുറക്കുകയുണ്ടായി. 

നിരവധി ഗ്രാമീണർ വിദേശത്ത് താമസിച്ച് ജോലി ചെയ്യുന്നുണ്ടെങ്കിലും, അവർ ഒരിക്കലും സ്വന്തം വേരുകൾ മറന്നില്ല, സ്വന്തം നാടിനെ മറന്നില്ല. ജോലി ചെയ്യുന്ന രാജ്യത്തിനുപകരം അവരുടെ ഗ്രാമത്തിലെ ബാങ്കുകളിൽ പണം നിക്ഷേപിക്കാനാണ് അവർ താല്പര്യപ്പെടുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും, ഗ്രാമത്തിലെ പ്രധാന തൊഴിൽ ഇപ്പോഴും കൃഷി തന്നെയാണ്.  

click me!