പതിപ്പിച്ചിരിക്കുന്നത് 50,907 വജ്രങ്ങൾ, ലോക റെക്കോർഡ് നേടി മുംബൈ ജ്വല്ലറിയുടെ മോതിരം

Published : Apr 30, 2023, 03:31 PM IST
പതിപ്പിച്ചിരിക്കുന്നത് 50,907 വജ്രങ്ങൾ, ലോക റെക്കോർഡ് നേടി മുംബൈ ജ്വല്ലറിയുടെ മോതിരം

Synopsis

ഒരു സൂര്യകാന്തി പൂവിനു മുകളിൽ ഇരിക്കുന്ന ചിത്രശലഭത്തിന്റെ ഡിസൈനിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

പലവിധത്തിലുള്ള കഴിവുകൾ പ്രകടിപ്പിച്ചും വ്യത്യസ്തങ്ങളായ നിർമ്മിതികളിലൂടെയും ഒക്കെ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ പലരും ഇടം പിടിക്കാറുണ്ട്. എന്നാൽ, അടുത്തിടെ മുംബൈ ആസ്ഥാനമായുള്ള ഒരു ജ്വല്ലറി ഗ്രൂപ്പ് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ചത് ലോകത്തിലെ ഏറ്റവും അധികം വജ്രങ്ങൾ പതിപ്പിച്ച മോതിരം നിർമ്മിച്ചു കൊണ്ടായിരുന്നു. അൻപതിനായിരത്തിലധികം വജ്രങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ഇവർ ഈ വലിയ നേട്ടം സ്വന്തമാക്കാനായി ഒരു മോതിരം നിർമ്മിച്ചത്.

ഗിന്നസ് വേൾഡ് റെക്കോർഡ്സ് വാർത്താക്കുറിപ്പ് പ്രകാരം വജ്ര നിർമ്മാതാക്കളുടെ ആസ്ഥാനമായ മുംബൈയിൽ നിന്നുള്ള ഹരി കൃഷ്ണ എക്‌സ്‌പോർട്ട്‌സും എച്ച്‌കെ ഡിസൈനും ആണ് വജ്രങ്ങളിൽ പൊതിഞ്ഞ ഈ മോതിരം സൃഷ്ടിച്ച് ലോക റെക്കോർഡ് സ്വന്തമാക്കിയത്. കൃത്യമായി പറഞ്ഞാൽ 50,907 വജ്രങ്ങൾ ആണ് ഇവർ ഈ മോതിര നിർമ്മാണത്തിനായി ഉപയോഗിച്ചത്. ഏറ്റവും കൂടുതൽ വജ്രങ്ങൾ ഉള്ള ഒറ്റ മോതിരം എന്ന പദവിയാണ് ഇവർ ഇപ്പോൾ കരസ്ഥമാക്കിയിരിക്കുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് അധികൃതർ കഴിഞ്ഞ മാസമാണ് ഇവരുടെ ആഭരണം വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയത്. 

ഉപഭോക്താക്കൾ തിരികെ വിറ്റ സ്വർണ്ണവും വജ്രങ്ങളും ഉപയോഗിച്ചാണ് ഈ മോതിരം പൂർണമായും നിർമ്മിച്ചിരിക്കുന്നത് എന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ് വെബ്സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട നൽകിയിരിക്കുന്ന വിവരണം. ഉപഭോക്താക്കൾ തിരികെ ഏൽപ്പിച്ച വജ്രങ്ങളും സ്വർണ്ണവും റീസൈക്കിൾ ചെയ്ത് ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.

മോതിരത്തിന് ആകെ 8 ഭാഗങ്ങളാണുള്ളത്, അതിൽ 4 പാളി ദളങ്ങൾ, ശങ്ക്, 2 ഡയമണ്ട് ഡിസ്കുകൾ, ചിത്രശലഭം എന്നിവ ഉൾപ്പെടുന്നു. ഓരോ വജ്രവും വിദഗ്ധരുടെ ഒരു സംഘം കൈകൊണ്ട് നിർമ്മിച്ചതാണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് മോതിരത്തിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത് 785,645 ഡോളർ ആണ്, അതായത് 6,42,22,943.35 ഇന്ത്യൻ രൂപ. 

ഒരു സൂര്യകാന്തി പൂവിനു മുകളിൽ ഇരിക്കുന്ന ചിത്രശലഭത്തിന്റെ ഡിസൈനിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പ്രകൃതിയുമായി ഒന്നാകുക എന്നർത്ഥമുള്ള യൂട്ടിയേരിയ എന്നാണ് മോതിരത്തിന് പേര് നൽകിയിരിക്കുന്നത്. 9 മാസം കൊണ്ടാണ് ഈ മോതിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!