
അമേരിക്കയിൽ തോക്ക് ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ വർധിച്ചു വരികയാണ്. വളരെ അധികം ദാരുണമായ സംഭവമാണ് കഴിഞ്ഞ ദിവസം സമാനമായി കൻസാസ് സിറ്റിയിൽ നടന്നത്. വീട് മാറി കോളിംഗ് ബെൽ അടിച്ചതിന് 16 വയസ് മാത്രം പ്രായമുള്ള ആഫ്രിക്കൻ വംശജനായ ആൺകുട്ടിക്ക് നേരെ വീട്ടുടമ വെടിയുതിർത്തു. പിന്നാലെ ആശുപത്രിയിലെത്തിച്ച 16 -കാരൻ അപകടനില തരണം ചെയ്തു എന്നാണ് ഡോക്ടർമാർ പറയുന്നത്.
റാൾഫ് യാൾ എന്ന 16 -കാരനാണ് 84 -കാരനായ വീട്ടുടമസ്ഥന്റെ വെടിയേറ്റത്. ഏപ്രിൽ 13 -ന് വൈകുന്നേരമാണ് യാളിന് വെടിയേറ്റത് എന്ന് കൻസാസ് സിറ്റി പൊലീസ് പറഞ്ഞു. യാളിന്റെ സഹോദരന്മാർ സുഹൃത്തിന്റെ വീട്ടിലായിരുന്നു. അവരെ കൂട്ടിക്കൊണ്ടു പോകാൻ എത്തിയതായിരുന്നു അവൻ. എന്നാൽ, സഹോദരന്മാരുടെ സുഹൃത്തിന്റെ വീടാണ് എന്ന് തെറ്റിദ്ധരിച്ച് യാൾ ചെന്നത് മറ്റൊരു വീട്ടിലേക്കായിരുന്നു. എത്തിയ ഉടനെ അവൻ കോളിംഗ് ബെൽ അടിക്കുകയും ചെയ്തു. എന്നാൽ, വീട്ടുടമ പിന്നാലെ യാളിന് നേരെ വെടിയുതിർത്തു. പ്രകോപിതനായ വീട്ടുടമ ഗ്ലാസ് വാതിലിലൂടെയായിരുന്നു വെടിയുതിർത്തത്.
സംഭവത്തിന് പിന്നാലെ, യാളിനെ ആശുപത്രിയിലെത്തിച്ചു. വീടിന് മുന്നിൽ ആളുകൾ കൂടുകയും പ്രതിഷേധിക്കുകയും ചെയ്തു. ജസ്റ്റിസ് ഫോർ റാൾഫ്, ഡോർബെൽ അടിക്കുന്നത് കുറ്റമല്ല, ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന മുദ്രാവാക്യം ഉയർത്തിയുമായിരുന്നു പ്രതിഷേധം. വീട്ടുടമസ്ഥനെ കസ്റ്റഡിയിൽ എടുത്ത ശേഷം പിന്നീട് വിട്ടയച്ചു. അതേസമയം സംഭവത്തിന് പിന്നിൽ വംശീയമായ കാരണങ്ങളില്ല എന്നും തെറ്റ് സംഭവിച്ചതാണ് എന്നുമാണ് പൊലീസ് പറയുന്നത്. എങ്കിലും യാളിന്റെ വീട്ടുകാരടക്കം ആളുകൾ ഇത് കറുത്ത വർഗക്കാരായ ആളുകളുടെ നേർക്ക് നടക്കുന്ന അക്രമണങ്ങളുടെ സാക്ഷ്യമാണ് എന്നാണ് പറഞ്ഞത്.