ചുവന്ന് തിളങ്ങുന്ന കണ്ണുകള്‍, ചെവിടുപൊട്ടുന്ന ശബ്‍ദം, ഒരു പ്രദേശത്തെ സംരക്ഷിക്കാനിറക്കിയ രാക്ഷസച്ചെന്നായകള്‍

Published : Nov 12, 2020, 02:28 PM IST
ചുവന്ന് തിളങ്ങുന്ന കണ്ണുകള്‍, ചെവിടുപൊട്ടുന്ന ശബ്‍ദം, ഒരു പ്രദേശത്തെ സംരക്ഷിക്കാനിറക്കിയ രാക്ഷസച്ചെന്നായകള്‍

Synopsis

സപ്‍തംബറിലാണ് കരടികള്‍ വീടിനടുത്തേക്ക് വരുന്നത് കണ്ട പ്രദേശവാസികള്‍ ഈ യന്ത്രച്ചെന്നായകളെ വയ്ക്കാന്‍ തീരുമാനിച്ചത്. നവംബര്‍ മാസത്തോടെ കരടികള്‍ ഭക്ഷണം തേടി കൂടുതല്‍ ജനവാസകേന്ദ്രങ്ങളിലേക്ക് വരികയും അവ കൂടുതല്‍ അപകടകാരികളായി മാറുകയും ചെയ്‍തുവെന്ന് അധികൃതര്‍ പറയുന്നു.

ജപ്പാനിലെ വടക്കേ ദ്വീപായ ഹോക്കൈഡോയിലെ ഒരു പട്ടണം, കരടികള്‍ അതിക്രമിച്ച് കടക്കുന്നതിൽ നിന്ന് താമസക്കാരെ സംരക്ഷിക്കുന്നതിനായി രാക്ഷസ ചെന്നായകളെ സ്ഥാപിച്ചിരിക്കുകയാണ്. ചുവന്ന കണ്ണുകളും ഭയപ്പെടുത്തുന്ന ശബ്‍ദവുമുള്ള ഈ യന്ത്രച്ചെന്നായ പ്രദേശത്ത് മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളില്ലാതെയാക്കാനുപകരിക്കുന്നു എന്നാണ് അധികൃതരും പ്രദേശവാസികളും പറയുന്നത്. 

ഹോക്കൈഡോ ആസ്ഥാനമായുള്ള ഓഹ്ത സെയ്‍കി, ഹോക്കൈഡോ യൂണിവേഴ്സിറ്റി, ടോക്കിയോ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി എന്നിവയുടെ സംയുക്ത പദ്ധതിയായാണ് ഈ ചെന്നായകളെ സൃഷ്ടിച്ചതെന്ന്  Mainichi റിപ്പോർട്ട് ചെയ്യുന്നു. കന്നുകാലികളെ ചെന്നായ്ക്കളില്‍ നിന്നും മറ്റ് വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷിക്കാനായി 2016 -ലാണ് ഹോക്കൈഡോ കൃഷിസ്ഥലത്ത് ആദ്യമായി റോബോട്ടുകൾ സ്ഥാപിച്ചത്. ഇപ്പോൾ ജപ്പാനിലുടനീളം 62 -ലധികം രാക്ഷസ ചെന്നായ്ക്കൾ ഉണ്ട്. എന്നാല്‍, സമീപകാലത്തായി ഇവയെ സ്ഥാപിച്ചിരിക്കുന്നത് മനുഷ്യരെക്കൂടി സംരക്ഷിക്കുന്നതിനായിട്ടാണ്. ആദ്യമായിട്ടാവും ഒരുപക്ഷേ മനുഷ്യരുടെ സംരക്ഷണത്തിനായി ഇത്തരം യന്ത്രച്ചെന്നായകളെ സ്ഥാപിക്കുന്നത്. 

സപ്‍തംബറിലാണ് കരടികള്‍ വീടിനടുത്തേക്ക് വരുന്നത് കണ്ട പ്രദേശവാസികള്‍ ഈ യന്ത്രച്ചെന്നായകളെ വയ്ക്കാന്‍ തീരുമാനിച്ചത്. നവംബര്‍ മാസത്തോടെ കരടികള്‍ ഭക്ഷണം തേടി കൂടുതല്‍ ജനവാസകേന്ദ്രങ്ങളിലേക്ക് വരികയും അവ കൂടുതല്‍ അപകടകാരികളായി മാറുകയും ചെയ്‍തുവെന്ന് അധികൃതര്‍ പറയുന്നു. ഈ വർഷം കാട്ടിൽ അവയ്ക്കുള്ള ഭക്ഷണസാധനങ്ങള്‍ കുറഞ്ഞത് പകരം ഭക്ഷണം തേടി ജനവാസകേന്ദ്രങ്ങള്‍ക്കരികിലെത്താന്‍ കരടികളെ പ്രേരിപ്പിച്ചിട്ടുണ്ടാവണമെന്നാണ് കരുതുന്നത്. 

ഇവയെ ഭയപ്പെടുത്താന്‍ വെച്ച യന്ത്രച്ചെന്നായകള്‍ക്ക് 65 സെന്‍റിമീറ്റര്‍ നീളമുണ്ട്. അതുപോലെ യഥാര്‍ത്ഥ ചെന്നായകളെപ്പോലെ ശരീരത്തില്‍ രോമങ്ങളും കാണാം. കൂടാതെ അവയിലെ സെന്‍സറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ കണ്ണില്‍ ചുവന്ന വെളിച്ചം മിന്നിത്തുടങ്ങും. ഒപ്പം തന്നെ വലിയ ശബ്‍ദവും ഇത് പുറപ്പെടുവിക്കും. വിവിധ മൃഗങ്ങളുടെ ശബ്‍ദമാണ് ഇവ പുറപ്പെടുവിക്കുന്നത്. ഒരേശബ്‍ദം കേട്ട് പഴകുമ്പോള്‍ കരടികള്‍ ഭയക്കാതെയായാലോ എന്ന് കരുതിയാണ് ഇതില്‍ വിവിധ മൃഗങ്ങളുടെ ശബ്‍ദങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരിക്കുന്നത്. സോളാര്‍ പവറിലാണ് ഈ ചെന്നായകള്‍ പ്രവര്‍ത്തിക്കുന്നത്.

ഈ യന്ത്രച്ചെന്നായകളെ നിര്‍മ്മിച്ചിരിക്കുന്ന കമ്പനിയുടെ പ്രസിഡണ്ട് യുജി ഓഹ്‍ത പറയുന്നത്, 'ഇത് കരടികളുടെ ജീവനും ഭീഷണിയല്ല, ആളുകള്‍ക്കും ഭീഷണിയല്ല. അതുകൊണ്ട് ഇരുകൂട്ടര്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നു' എന്നാണ്. ഈ രാക്ഷസച്ചെന്നായകള്‍ക്ക് ആവശ്യക്കാരും ഏറെയുണ്ട്. 41,000 ആളുകളുള്ള ഈ പ്രദേശത്ത് നേരത്തെ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടലുണ്ടായിട്ടുണ്ടെങ്കിലും ഈ യന്ത്രച്ചെന്നായകള്‍ വച്ചശേഷം അങ്ങനെയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. 

PREV
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു