
നമ്മൾ എവിടേക്കെങ്കിലും യാത്ര പോകുമ്പോൾ ബജറ്റിൽ ഒതുങ്ങുന്ന ഒരു താമസസ്ഥലം തിരയുക പതിവാണ്. സ്പാനിഷ് ദ്വീപായ ഐബിസയിൽ അതിഥികൾക്ക് സൗജന്യമായി താമസിക്കാൻ കഴിയുന്ന ഒരു ഹോട്ടൽ മുറിയുണ്ട്. പാരഡിസോ ആർട്ട് ഹോട്ടലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാൽ, അതിലൊരു പ്രശ്നമുള്ളത് മുറികൾക്ക് ചുവരുകളില്ല എന്നതാണ്. ചുവരുകൾക്ക് പകരം മൂന്ന് വശങ്ങളിലും ഗ്ലാസാണ്. മാത്രവുമല്ല, ഹോട്ടലിന്റെ ലോബിയിലാണ് മുറി സ്ഥിതി ചെയ്യുന്നത്.
അതായത് ഹോട്ടലിലേക്ക് വരുന്ന സകലമാന ആളുകൾക്ക് നിങ്ങളെ കാണാം. നിങ്ങൾ ഇരിക്കുന്നതും, കിടക്കുന്നതും ഒക്കെ നല്ല വ്യക്തമായി തന്നെ കാണാം. നമ്മിൽ ഭൂരിഭാഗം ആളുകളും സ്വകാര്യത ആഗ്രഹിക്കുന്നവരാണ്. നമ്മുടെ സ്വകാര്യ ഇടങ്ങളിൽ മറ്റുള്ളവർ ഉറ്റുനോക്കുന്നത് ആർക്കും രസിക്കില്ല. നമ്മൾ ഏറ്റവും ഫ്രീ ആയി ഇരിക്കുന്നത് നമ്മുടെ സ്വന്തം മുറികളിലായിരിക്കും. മുറിയുടെ കതകടച്ചാൽ അത് പിന്നെ നമ്മുടെ മാത്രം ലോകമാണ്. അത് അന്യരുടെ മുന്നിൽ തുറന്ന് കാണിക്കാൻ നമുക്ക് സാധിച്ചുവെന്ന് വരില്ല. അതുകൊണ്ട് തന്നെ ഇത് കേൾക്കുമ്പോൾ പലർക്കും ബുദ്ധിമുട്ടുണ്ടാകും. പക്ഷേ, മറ്റൊരു തരത്തിൽ നോക്കിയാൽ ഇത് തീർത്തും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും എന്നതിൽ സംശയമില്ല. നിങ്ങളായിരിക്കും അവിടത്തെ ആകർഷണ കേന്ദ്രം.
"പാരഡിസോ ആർട്ട് ഹോട്ടൽ ലോബിയുടെ നടുവിലുള്ള ഗ്ലാസ് ഭിത്തികളുള്ള ഒരു മുറിയിൽ നിങ്ങൾക്ക് ഒരു രാത്രി സൗജന്യമായി ഉറങ്ങാം. കലാപരിപാടികൾക്കും റേഡിയോ പ്രക്ഷേപണങ്ങൾക്കും ഡിജെ സെറ്റുകൾക്കും ഈ മുറി ലഭ്യമാണ്. നിങ്ങൾ ശ്രദ്ധാകേന്ദ്രമാകാൻ ഇഷ്ടപ്പെടുന്നിടത്തോളം കാലം, സാധ്യതകൾക്ക് അവസാനമില്ല" പാരഡിസോ വെബ്‌സൈറ്റ് പറയുന്നു. ടിക് ടോകിൽ ഒളിമ്പിയ ആൻലി എന്ന യുവതിയാണ് ഹോട്ടലിനെ പറ്റിയുള്ള വിവരങ്ങൾ അടുത്തിടെ പങ്കിട്ടിരിക്കുന്നത്. അതിന്റെ വിശദമായ അവലോകനവും ഒരു വീഡിയോയും അതിനൊപ്പം തന്നെ അവൾ ചേർത്തിട്ടുമുണ്ട്.
അവൾ ആ മുറിയിൽ താമസിച്ച അനുഭവമാണ് അവൾ അതിലൂടെ പങ്ക് വച്ചിരിക്കുന്നത്. "ഈ രാത്രി എനിക്ക് ധാരാളം സുഹൃത്തുക്കളെ ലഭിച്ചു" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ അവൾ പങ്കിട്ടിരിക്കുന്നത്. മറ്റൊരു പോസ്റ്റിൽ, "ആളുകൾ ഗ്ലാസ്സ് ഭിത്തിയിൽ പിടിച്ച് നിന്നു. അവർക്ക് നിങ്ങളെ കാണാൻ കഴിയും. അതെ, അവർക്ക് കാണാൻ കഴിയും. കാരണം അതിന് ഗ്ലാസ് ചുവരുകളാണ്. എന്നാൽ, അതിനകത്ത് ഒരു ബാത്ത്റൂം ഉണ്ട്. അതിന് കട്ടിയുള്ള ഒരു വാതിലും, അകത്തേയ്ക്ക് കാണാൻ സാധികാത്ത തരത്തിലുള്ള ചുമരുകളുമുണ്ട്" അവൾ എഴുതി. സംഭവം വൈറലായതോടെ ആളുകൾ രസകരമായ കമന്റുകളാണ് ഓൺലൈനിൽ പങ്കുവച്ചത്.
"ഇത് ഒരു പേടിസ്വപ്നമായിട്ടാണ് എനിക്ക് തോന്നുന്നതെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. "എന്തിനാണ് ഇങ്ങനെ ഒന്ന് എന്നതാണ് എന്റെ ചോദ്യം" എന്നതായിരുന്നു മറ്റൊരാളുടെ കമന്റ്. പാരഡിസോ ആർട്ട് ഹോട്ടലിലെ എല്ലാ മുറികളിലും ഗ്ലാസ്സ് ഭിത്തികളില്ല. ബാക്കി മുറികളിൽ കഴിയാൻ നിങ്ങൾക്ക് പണം നൽകണമെങ്കിൽ, ഇവിടെ ഒരു രാത്രി നിങ്ങൾക്ക് പണമടക്കാതെ സൗജന്യമായി കഴിയാം.