അയൽവീട്ടിലെ പൂവൻകോഴി പുലർച്ചെ അഞ്ചുമണിക്ക് കൂവുന്നു; പരാതിയുമായി ഡോക്ടർ പൊലീസ് സ്റ്റേഷനിൽ

By Web TeamFirst Published Nov 30, 2022, 3:39 PM IST
Highlights

തന്റെ വീടിന് സമീപം ഒരു സ്ത്രീ കോഴികളെയും നായ്ക്കളെയും വളർത്തുന്നുണ്ടെന്നും, എല്ലാ ദിവസവും പുലർച്ചെ അഞ്ച് മണിക്ക് കോഴി കൂകുമെന്നും ഇത് തനിക്ക് ഏറെ വിഷമമാണെന്നും ആണ് ഡോക്ടർ മോദി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

പൂവൻകോഴികൾ കൂകുന്നത് സാധാരണമാണ്. പക്ഷേ, പൂവൻകോഴി കൂകിയതിന്റെ പേരിൽ പരാതിയുമായി ഒരാൾ പൊലീസ് സ്റ്റേഷനിൽ എത്തുന്ന സംഭവം വിരളമായിരിക്കും. കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും സംഗതി സത്യമാണ്. മധ്യപ്രദേശിലെ ഇൻഡോറിൽ ആണ് സംഭവം. അയൽവീട്ടിലെ പൂവൻകോഴി കൂകുന്നതിനാൽ തനിക്ക് സ്വസ്ഥമായി കഴിയാൻ സാധിക്കുന്നില്ല എന്ന പരാതിയുമായാണ് ഒരു ഡോക്ടർ പൊലീസ് സ്റ്റേഷനിൽ എത്തിയിരിക്കുന്നത്. പൂവൻകോഴിയുടെ ഉടമസ്ഥയായ അയൽക്കാരിക്ക് എതിരെയാണ് ഇയാൾ പരാതി കൊടുത്തിരിക്കുന്നത്.

ഏതായാലും ഡോക്ടറുടെ പരാതി പൊലീസ് സ്വീകരിച്ചിട്ടുണ്ട്. ആദ്യം ഇരുകൂട്ടരെയും വിളിച്ചുവരുത്തി പരാതി രമ്യമായി പരിഹരിക്കാൻ ശ്രമിക്കുമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, ഇരുകൂട്ടരും പ്രശ്നം പരിഹരിക്കാൻ സഹകരിച്ചില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഇൻഡോറിലെ പലാസിയ എന്ന സ്ഥലത്താണ് ഈ പൂവൻ കോഴി പ്രശ്നം.

പലാസിയ ഏരിയയിലെ ഗ്രേറ്റർ കൈലാഷ് ആശുപത്രിക്ക് സമീപം താമസിക്കുന്ന ഡോക്ടർ അലോക് മോദി രേഖാമൂലം പരാതി നൽകിയതായി പലാസിയ പൊലീസ് സ്റ്റേഷൻ ഇൻചാർജ് സഞ്ജയ് സിംഗ് ബെയ്ൻസ് മാധ്യമങ്ങളോട് പറഞ്ഞു. ഇരുകൂട്ടരുമായി സംസാരിച്ച് രമ്യമായി പ്രശ്നം പരിഹരിക്കാനാണ് ആദ്യഘട്ടത്തിൽ പൊലീസ് ശ്രമിക്കുക എന്നും ഇത് ഫലം കണ്ടില്ലെങ്കിൽ ക്രിമിനൽ നടപടി ചട്ടത്തിന്റെ (സിആർപിസി) സെക്ഷൻ 133 പ്രകാരം നടപടിയെടുക്കും എന്നും പൊലീസ് വ്യക്തമാക്കി. ഒരു പൊതുസ്ഥലത്ത് നിന്ന്  നിയമവിരുദ്ധമായ തടസ്സം അല്ലെങ്കിൽ ശല്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വകുപ്പാണ് ഇത്.

തന്റെ വീടിന് സമീപം ഒരു സ്ത്രീ കോഴികളെയും നായ്ക്കളെയും വളർത്തുന്നുണ്ടെന്നും, എല്ലാ ദിവസവും പുലർച്ചെ അഞ്ച് മണിക്ക് കോഴി കൂകുമെന്നും ഇത് തനിക്ക് ഏറെ വിഷമമാണെന്നും ആണ് ഡോക്ടർ മോദി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ജോലി കഴിഞ്ഞ് രാത്രി ഏറെ വൈകിയാണ് താൻ വീട്ടിലേക്ക് മടങ്ങുന്നതെന്നും അതിരാവിലെ എഴുന്നേൽക്കുന്ന പൂവൻകോഴിയുടെ പുലർച്ചെ മുതൽ കൂവി തന്റെ സ്വസ്ഥതയും സമാധാനവും കളയുകയാണെന്നും ആണ് ഡോക്ടറുടെ പരാതി.

click me!