വോട്ടിങ് മെഷീനുമായി ‘മരവേര്’ പാലത്തിലൂടെ ഒരു യാത്ര; ആ വൈറൽ ചിത്രം പറഞ്ഞത് മേഘാലയയുടെ കഥ

By Web TeamFirst Published Apr 26, 2024, 10:54 AM IST
Highlights

സാധാരണ നാം നിർമ്മിക്കുന്ന പാലങ്ങൾ കാലപ്പഴക്കം ചെല്ലുംതോറും ബലക്ഷയം സംഭവിക്കുകയാണ് ചെയ്യുന്നതെങ്കിൽ ഈ പാലങ്ങൾക്ക് ബലം കൂടുകയാണ് ചെയ്യുന്നത്.

കേരളത്തിലെ 20 ലോകസഭാ മണ്ഡലങ്ങൾ ഉൾപ്പ‌ടെ രാജ്യത്തെ 88 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ഈ ദിവസങ്ങളിലൊക്കെയും തെരഞ്ഞെടുപ്പ് സാമ​ഗ്രികളുമായി പോളിം​ഗ് സ്റ്റേഷനുകളിലേക്ക് പോകുന്ന ഉദ്യോ​ഗസ്ഥരുടെ ചിത്രങ്ങൾ നമ്മുടെ ശ്രദ്ധയിൽപ്പെട്ടിരിക്കാം. എന്നാൽ, ഈ ചിത്രങ്ങളിൽ നിന്നെല്ലാം അൽപ്പം വ്യത്യസ്തമായ ഒരു പോളിം​ഗ് സ്റ്റേഷൻ യാത്ര സാമൂഹിക മാധ്യമങ്ങളിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 

ഏപ്രിൽ 19 -ന് നടന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ ഭാ​ഗമായ മേഘാലയയിൽ നിന്നുള്ളതായിരുന്നു ആ ചിത്രം.  മേഘാലയയിലെ ഷില്ലോങ്ങിൽ മരങ്ങളുടെ വേരുകൾ വഴിയുണ്ടാക്കിയ പാലത്തിലൂടെ തിരഞ്ഞെടുപ്പു സാമഗ്രികളുമായി പോകുന്ന പോർട്ടറുടെ ചിത്രമായിരുന്നു അത്. വൈറലായ ആ ചിത്രം പറഞ്ഞത് യഥാർത്ഥത്തിൽ മേഘാലയയുടെ കഥ തന്നെയായിരുന്നു.

മരവേരുകളാൽ  രൂപപ്പെടുന്ന ഇത്തരം പാലങ്ങളുടെ പേര് 'റൂട്ട് ബ്രിഡ്ജുകൾ' എന്നാണ്. മേഘാലയയിൽ കിഴക്കൻ മേഖലയിൽ ജീവിക്കുന്ന ഖാസി ഗോത്രക്കാരാണ് വേരുപാലങ്ങളുണ്ടാക്കുന്ന രീതികൾ വികസിപ്പിച്ചത്. മേഖലയിൽ കാണുന്ന ഫിഗ് ഇനത്തിൽ പെട്ട ചില മരങ്ങളുടെ വേരുകളാണ് ഇവർ കൂട്ടിയോജിപ്പിച്ച് പാലങ്ങളാക്കിയത്. ആൽമരങ്ങൾക്ക് സമാനമായി ശിഖരങ്ങളിൽ നിന്നും തടിയിൽ നിന്നും താഴേക്കുണ്ടാകുന്ന ഏരിയൽ റൂട്ടുകൾ എന്ന വേരുകളാണ് ഇതിനായി ഉപയോഗിക്കപ്പെട്ടത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ അടയാളം കൂടിയായ ഈ റൂട്ട്ബ്രിഡ്ജുകൾ ലോകപ്രശസ്തമാണ്. 

സാധാരണ നാം നിർമ്മിക്കുന്ന പാലങ്ങൾ കാലപ്പഴക്കം ചെല്ലുംതോറും ബലക്ഷയം സംഭവിക്കുകയാണ് ചെയ്യുന്നതെങ്കിൽ ഈ പാലങ്ങൾക്ക് ബലം കൂടുകയാണ് ചെയ്യുന്നത്. ഏകദേശം 15 മുതൽ 30 വർഷങ്ങളാകുമ്പോഴേക്ക് ഈ പാലങ്ങൾ മികച്ച ബലം കൈവരിക്കും. ഇവയുടെ നിർമ്മാണ രീതിയും ഏറെ കൗതുകകരമാണ്. ഫിഗ് മരങ്ങളുടെ വേരുകൾ പൊള്ളയായ പനത്തടികൾക്കുള്ളിലേക്ക് കടത്തിവിട്ടാണ് ഇത്തരം പാലങ്ങളുടെ നിർമാണം തുടങ്ങുന്നത്. വേരുകൾ ആ പൊള്ളത്തടിക്കുള്ളിൽ പടർന്നു വ്യാപിച്ച് പാലം പോലെയാകും. ഇടയ്ക്കുള്ള വിള്ളലുകളിലേക്ക് കല്ലുകളും തടി അവശിഷ്ടങ്ങളും ഇലകളും മണ്ണുമെല്ലാം ഇട്ടു നൽകുകയും ചെയ്യും. 

മേഘാലയയിലെ ഈസ്റ്റ് ഖാസി കുന്നുകളിൽ ഇത്തരം വേരുപാലങ്ങൾ ധാരാളം കാണാം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!