
ഉടമസ്ഥനോടുള്ള നായകളുടെ സ്നേഹത്തെ കുറിച്ച് മുമ്പും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇതും അത്തരമൊരു വാര്‍ത്തയാണ്. ലോകത്ത് കരയില്‍ ജീവിച്ചിരിക്കുന്ന പാമ്പുകളില്‍ ഏറ്റവും വേഗവും ഏറ്റവും വിഷവുമുള്ള ബ്ലാക്ക് മാമ്പ എന്ന പാമ്പില്‍ നിന്നും തന്‍റെ യജമാനനെ രക്ഷിച്ച് റോട്ട്‍വീലറിനെ കുറിച്ച്. അവന്‍റെ ജീവന്‍ രക്ഷിച്ച യജമാനനെ കുറിച്ച്. വളര്‍ത്ത് നായകള്‍ പാമ്പുകളെ കണ്ടെത്തി വിവരം തന്നാല്‍ അവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് കൂടിയാണ് ഈ വാര്‍ത്ത. അങ്ങ് ദക്ഷിണാഫ്രിക്കയിലാണ് സംഭവം. ബെഡ്റൂമിലെ സോഫയിക്ക് സമീപത്ത് നിന്ന് റോട്ട്‍വീലറിന്‍റെ നിര്‍ത്താതെയുള്ള കുരയ്ക്കേട്ടാണ് ഉടമസ്ഥന്‍ എത്തി പരിശോധിച്ചത്. സോഫയുടെ കാലിനിടയില്‍ ഒത്ത ഒരു ബ്ലാക്ക് മാമ്പ ചുരുണ്ടിരിക്കുന്നു.
തുടര്‍ന്ന് പാമ്പ് പിടിത്തക്കാരനായ നിക്ക് ഇവാന്‍സിനെ വിളിച്ച് വരുത്തിയപ്പോഴാണ് വീട്ടുടമയ്ക്ക് ശ്വാസം നേരെ വീണത്. നിക്ക് ഇവാന്‍സ് തന്‍റെ സാമൂഹിക മാധ്യമം വഴി സംഭവം വിവരിച്ചപ്പോള്‍, അത് പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധനേടുകയും മണിക്കൂറുകള്‍ക്കില്‍ ആ കുറിപ്പ് സാമൂഹിക മാധ്യമത്തില്‍ വൈറലാവുകയും ചെയ്തു.
ബ്ലാക്ക് മാമ്പകളെ കണ്ടാല്‍ എന്ത് ചെയ്യണമെന്ന് കുറിച്ചുകൊണ്ട് നിക്ക് തന്‍റെ സമൂഹിക മാധ്യമത്തില്‍ സംഭവം വിവരിച്ചു. ക്വീൻസ്‌ബർഗിലെ എസ്‌കോംബെയിലുള്ള ഒരാൾ, എല്ലാ ദിവസവും ഉച്ചതിരിഞ്ഞ് താനിരിക്കുന്ന സോഫയ്ക്ക് അരികില്‍ നിന്ന് കഴിഞ്ഞ രണ്ട് ദിവസമായി തന്‍റെ റോട്ട്‌വീലർ വലിയ ശബ്ദം ഉണ്ടാക്കി തന്നെ സോഫയില്‍ ഇരിക്കാന്‍ അനുവദിക്കാത്തത് വിചിത്രമായി തോന്നി. രണ്ട് ദിവസത്തെ അസാധാരണ പെരുമാറ്റത്തിന് ശേഷം മൂന്നാം ദിവസം കട്ടിലിന് പിന്നില്‍ നിന്ന് നായ നിര്‍ത്താതെ കുരയ്ക്കാന്‍ തുടങ്ങി. കുര അസഹ്യമായപ്പോള്‍ സോഫ നീക്കി അദ്ദേഹം പരിശോധിച്ചു. അവിടെ ചുമരിനിടയില്‍ സോഫയുടെ കാലിന് സമീപത്തായി ഒരു ബ്ലാക്ക് മാമ്പ. പാമ്പിന്‍റെ നേരിട്ട് കാണാന്‍ പറ്റിയതോടെ റോട്ട്‍വീലര്‍ അവനെ അക്രമിക്കാന്‍ തയ്യാറെടുത്തു. എന്നാല്‍ വീട്ടുടമസ്ഥന്‍ അവനെ പിടികൂടി മാറ്റി നിര്‍ത്തി. ഇതിനിടെ ബ്ലാക്ക് മാമ്പ സുരക്ഷിത സ്ഥാനം നേടി. അയാളുടെ പ്രവര്‍ത്തി അഭിനന്ദിക്കേണ്ടതാണെന്ന് നിക്ക് എഴുതുന്നു. കാരണം ബ്ലാക്ക് മാമ്പകളെ പോലുള്ള പാമ്പുകള്‍ ഏറെ വിഷമുള്ളവയാണ്. കരയിലൂടെ വളരെ വേഗം സഞ്ചരിക്കാന്‍ കഴിയുന്ന അവയെ സുരക്ഷിതമായി തന്നെ പിടിക്കൂടണം. നായ അതിനെ അക്രമിക്കാന്‍ ശ്രമിച്ചാല്‍ ഒരു കടിയെങ്കിലും തിരിച്ച് കൊടുക്കാതെ പാമ്പ് കീഴടങ്ങില്ല. അങ്ങനെ സംഭവിച്ചാല്‍ പാമ്പും പിന്നാലെ അദ്ദേഹത്തിന്‍റെ വളര്‍ത്ത് നായയും മരിക്കും. എന്നാല്‍ ഇവിടെ നായുടെ ആക്രമണത്തെ തടയുക വഴി അതിന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. ബ്ലാക്ക് മാമ്പയെ കുറിച്ച് രണ്ട് ദിവസമായി മുന്നറിയിപ്പ് നല്‍കുന്ന ആ ജീവിയുടെ ജീവന്‍ തിരിച്ച് നല്‍കാന്‍ അതിന്‍റെ ഉടമയ്ക്ക് കഴിഞ്ഞെന്നും നിക്ക് എഴുതി.
ബ്ലാക്ക് മാമ്പകള്‍ മെലിഞ്ഞതും തവിട്ട് നിറത്തിലുള്ളതും ഉഗ്രവിഷമുള്ളതുമായ പാമ്പുകളാണ്, ആക്രമിക്കപ്പെടുമ്പോൾ, തിരിച്ച് അവ വലിയ ആക്രമണം സ്വഭാവം പ്രകടിപ്പിക്കുന്നു. നാഷണൽ ജിയോഗ്രാഫികിന്‍റെ കണക്കനുസരിച്ച് ഒരു ബ്ലാക്ക് മാമ്പ കടിച്ചാൽ ഉടനടി ചികിത്സിച്ചില്ലെങ്കിൽ 20 മിനിറ്റിനുള്ളിൽ കടിയേറ്റയാള്‍ക്ക് മരണം സംഭവിച്ചേക്കാം. അത്രയ്ക്ക് വിഷമുള്ളവയാണ് ബ്ലാക്ക് മാമ്പകള്‍. കരയിൽ ജീവിക്കുന്ന പാമ്പുകളില്‍ ഏറ്റവും വേഗത കൂടിയ പാമ്പാണ് ഇവ. രാജവെമ്പാല കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ വിഷപാമ്പാണ് ഇവ. ആഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ വിഷപാമ്പും ഇവയാണ്.