വായില്‍ക്കൊള്ളാത്ത വിധം നാവു വീര്‍ത്തു, ശ്വാസം മുട്ടി, പാമ്പിനെ വിഴുങ്ങിയപ്പോള്‍ സംഭവിച്ചത്

By Web TeamFirst Published Sep 27, 2021, 5:57 PM IST
Highlights

അല്‍പ്പം കഴിഞ്ഞപ്പോള്‍ കളി കാര്യമായി. നാവും തൊണ്ടയും നീരുവെച്ചു വീര്‍ത്തു. വായില്‍ ഒതുങ്ങാത്തത്ര വലുതായി നാവ്. അതോടെ ശ്വാസംമുട്ടി. പിന്നെ അധികസമയമൊന്നും ബാക്കി നിന്നില്ല. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 

കൂട്ടുകാരുടെ മുന്നില്‍ ആളാവണം. അത്രയേ ഉണ്ടായിരുന്നുള്ളൂ, റഷ്യക്കാരനായ ആ കര്‍ഷകന്.  എന്നാല്‍, അതിനു കണ്ടെത്തിയ വഴി അല്‍പ്പം ഓവറായിപ്പോയി. ഒരു വിഷപ്പാമ്പിനെ ജീവനോടെ വിഴുങ്ങാന്‍ ശ്രമിക്കുകയായിരുന്നു പുള്ളി. നാവില്‍ കടിയേറ്റ അയാള്‍ അധികം വൈകാതെ മരിച്ചു. 

വോള്‍ഗ നദിക്കരയിലെ ആസ്ത്രഖാന്‍ എന്ന ഗാമത്തിലാണ് സംഭവം. തണ്ണിമത്തന്‍ കൃഷി ചെയ്യുകയായിരുന്നു ഇയാള്‍. അതിനിടെ ഒരു പാമ്പിനെ കണ്ടു. തണ്ണിമത്തനുകള്‍ക്കിടയില്‍ സാധാരണ കാണുന്ന അണലി വിഭാഗത്തില്‍പ്പെട്ട സ്‌റ്റെപ് വൈപ്പര്‍ എന്ന പാമ്പ്. എന്നാല്‍ ശരി, ഞാനൊരു സൂത്രം കാണിക്കാം എന്ന് കൂട്ടുകാരോട് പറഞ്ഞ്  പാമ്പിനെ കൈയിലെടുത്തു. 

പിന്നെ നടന്നത് ആരോ പകര്‍ത്തിയ വീഡിയോയിലുണ്ട്. പാമ്പിനെ വിഴുങ്ങുന്നത് കാണിക്കാന്‍ കൂട്ടുകാരെ ചുറ്റും നിര്‍ത്തി. അതിനു ശേഷം പാമ്പിന്റെ തലഭാഗം കൂട്ടിപ്പിടിച്ചു. പിന്നെ വാ തുറന്ന് പാമ്പിനെ ജീവനോടെ വായിലേക്കിട്ടു. ആദ്യ രണ്ടു തവണയും നടന്നില്ല. മൂന്നാം വട്ടം വായിലേക്ക് കടന്നതും പാമ്പ് ഒറ്റ കടി. കടിയേറ്റത് നാവിലാണ്.  ഉടന്‍ തന്ന കര്‍ഷകന്‍ പാമ്പിനെ പുറത്തേക്ക് എടുത്തു. 

അന്നേരമൊന്നും കാര്യമായ പ്രശ്‌നങ്ങള്‍ തോന്നിയില്ല. പക്ഷേ, അല്‍പ്പം കഴിഞ്ഞപ്പോള്‍ കളി കാര്യമായി. നാവും തൊണ്ടയും നീരുവെച്ചു വീര്‍ത്തു. വായില്‍ ഒതുങ്ങാത്തത്ര വലുതായി നാവ്. അതോടെ ശ്വാസംമുട്ടി. പിന്നെ അധികസമയമൊന്നും ബാക്കി നിന്നില്ല. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 


പാമ്പുകളെ വിഴുങ്ങുന്നത് ഇവിടത്തെ കര്‍ഷകര്‍ക്കിടയില്‍ സാധാരണമാണെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

click me!