
നടക്കാനിരിക്കുന്ന കാര്യങ്ങള്‍ പ്രവചിച്ചുകൊണ്ട് വാര്‍ത്തകള്‍ നേരത്തെ തയ്യാറാക്കി വെക്കുന്ന പതിവ് മാധ്യമങ്ങള്‍ക്കിടയില്‍ സാധാരണമാണ്. ആദ്യം വാര്‍ത്ത നല്‍കാനുള്ള മല്‍സരത്തിന്റെ ഭാഗമായും വളരെ മികച്ച രീതിയില്‍ കവറേജ് നല്‍കുന്നതിന്റ ഭാഗമായുമാണ് നേരത്തെ തന്നെ വാര്‍ത്തകള്‍ തയ്യാറാക്കി വെക്കാറുള്ളത്. എന്നാല്‍, സംഭവങ്ങള്‍ നടക്കുംമുമ്പ് മുമ്പ് തയ്യാറാക്കുന്ന ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് കൃത്യമായ സമയം മാധ്യമങ്ങള്‍ കണക്കാക്കാറുണ്ട്. എങ്കിലും അബദ്ധത്തില്‍ ഇത്തരം വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്ന ചരിത്രവും ഏറെയുണ്ട്.
അത്തരമൊരു അബദ്ധത്തിന്റെ കഥയാണ് റഷ്യയില്‍നിന്നും ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യയ്ക്ക് വിജയമെന്ന വാര്‍ത്തയുടെ അവലോകനമാണ് യുദ്ധം തീരുന്നതിന് മുമ്പേ റഷ്യന്‍ ഒൗദ്യോഗിക മാധ്യമം അബദ്ധത്തില്‍ പ്രസിദ്ധീകരിച്ചത്. അവലോകനം പുറത്തുവന്ന് അധികം വൈകാതെ പിന്‍വലിച്ചുവെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
യുക്രൈനിന്റെ കനത്ത പ്രത്യാക്രമണത്തിനു മുന്നില്‍ റഷ്യന്‍ സൈന്യം അമ്പരന്നു നില്‍ക്കുന്ന സമയത്താണ് റഷ്യയിലെ സര്‍ക്കാര്‍ മാധ്യമമായ റിയാ നൊവോസ്തി യുക്രൈന്‍ പരാജയപ്പെട്ടുവെന്ന വാര്‍ത്താവലോകനം പ്രസിദ്ധീകരിച്ചത്. 'യുക്രൈന്‍ ഇനി റഷ്യയുടേത്' എന്ന തലക്കെട്ടിലാണ് വാര്‍ത്ത പുറത്തുവന്നത്.
'യൂറോപ്പിലെ പഴയ അതിര്‍ത്തികളിലേക്ക് റഷ്യ തിരിച്ചുവരുന്നതാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്' എന്നാണ് ഈ അവലോകനത്തില്‍പറയുന്നത്. ''റഷ്യയുടെ ഭാഗമാണ് യുക്രൈന്‍. അതിന്റെ യഥാര്‍ത്ഥ ഇടത്തിലേക്ക് അത് തിരിച്ചു വന്നിരിക്കുന്നു.''എന്നാണ് മറ്റൊരു വാചകം. ''റഷ്യന്‍ ജനത പരസ്പരം വേര്‍പിരിഞ്ഞുപോയ കാലഘട്ടത്തിന് ഇതാ അവസാനമായിരിക്കുന്നു. കീവിനെ റഷ്യ ഉപേക്ഷിക്കുമെന്ന് പഴയ യൂറോപ്യന്‍ രാജ്യങ്ങള്‍ ആരെങ്കിലും ശരിക്കും വിശ്വസിച്ചിരുന്നോ? റഷ്യക്കാര്‍ എന്നും വിഭജിക്കപ്പെട്ട് കഴിയുമെന്നാണോ യൂറോപ്യന്‍മാര്‍ കരുതിയിരുന്നത്'' എന്നും അവലോകനം ചോദിക്കുന്നു.
യുക്രൈനിനെ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് കഴിഞ്ഞ ആഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. യുക്രൈന്‍ എല്ലാ കാലത്തും റഷ്യയുടെ ഭാഗമായി തുടരുമെന്നും മത, ഭാഷാ, രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് റഷ്യയുടെ ഭാഗമായി മാറുമെന്നും അതോടൊപ്പം പുടിന്‍ പ്രസംഗിച്ചിരുന്നു. ഇതേ കാര്യം തന്നെയാണ്, റഷ്യന്‍ സേനയുടെ വിജയം ഉറപ്പിച്ചുകൊണ്ട് നേരത്തെ തയ്യാറാക്കിയ വാര്‍ത്തയില്‍ റഷ്യന്‍ ഔദ്യോഗിക മാധ്യമം പറയുന്നത്.
രണ്ട് ദിവസങ്ങള്‍ കൊണ്ട് യുക്രൈനെ സമ്പൂര്‍ണ്ണമായി കീഴടക്കുമെന്ന് വീമ്പടിച്ചാണ് റഷ്യ ആക്രമണം ആരംഭിച്ചത്. എന്നാല്‍, സാധാരണ മനുഷ്യര്‍ അടക്കം കൈയില്‍ കിട്ടിയതെടുത്ത് റഷ്യയ്ക്ക് എതിരെ പൊരുതുന്ന കാഴ്ചയ്ക്കാണ് യുക്രൈന്‍ സാക്ഷ്യം വഹിക്കുന്നത്. ഇതില്‍ വിറളി പൂണ്ട് പരിഭ്രാന്തരായ റഷ്യ മാരകായുധങ്ങളുമായി സിവിലിയന്‍മാര്‍ക്കും ആശുപത്രികള്‍ അടക്കമുള്ള ഇടങ്ങള്‍ക്കും നേരെ കടുത്ത ആക്രമണം അഴിച്ചുവിടുകയാണിപ്പോള്‍. രണ്ട് ദിവസം കൊണ്ട് കീഴടങ്ങുമെന്ന് കരുതിയ യുക്രൈന്റെ പോരാട്ടവീര്യത്തിനു മുന്നില്‍ റഷ്യ അമ്പരക്കുന്ന കാഴ്ചയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ്, യുക്രൈന്‍ വീണെന്ന് ആഹ്ലാദിക്കുന്ന വാര്‍ത്ത റഷ്യന്‍ മാധ്യമം പ്രസിദ്ധീകരിച്ചത്.
വെബ്‌സൈറ്റുകളിലെ ഉള്ളടങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ പകര്‍ത്തുന്ന വേബാക്ക് മെഷീനില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള വാര്‍ത്തയില്‍ പുടിന്റെ തീരുമാനങ്ങളെ വാഴ്ത്തുന്നുണ്ട്. റഷ്യ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നുവെന്നും ലോകത്തിനു മുന്നില്‍ പുതുയുഗപ്പിറവി നടന്നിരിക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നു.
യുക്രൈനിനെ എന്നും തങ്ങളുടെ സ്വാധീന വലയത്തില്‍ നിര്‍ത്താനാവുമെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളും പ്രത്യേകിച്ച് യൂറോപ്പും കരുതേണ്ടതില്ല. അങ്ങനെ ഇപ്പോഴും കരുതുന്നവര്‍ ഭൗമരാഷ്ട്രീയ ഗതി മനസ്സിലാവാത്ത പമ്പര വിഡ്ഡികളാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി 26-ന് എട്ടു മണിക്ക് പ്രസിദ്ധീകരിക്കുന്ന വിധത്തില്‍ അബദ്ധത്തില്‍ ഷെഡ്യൂള്‍ ചെയ്തു വെച്ച വാര്‍ത്തയാണ് അപ്രതീക്ഷിതമായി പുറത്തുവന്നത്.