നൂറിലധികം ദാസികളെ പീഡിപ്പിച്ചുകൊന്ന 'സാൽത്തിച്ച്ക'; റഷ്യ കണ്ട ഏറ്റവും ദുഷ്ടയായ സ്ത്രീ...

By Web TeamFirst Published Jul 17, 2020, 11:15 AM IST
Highlights

സാൽത്തിച്ച്ക കൊന്നുകളഞ്ഞ പെണ്ണുങ്ങളിൽ ഭൂരിഭാഗവും അവരുടെ മാളികയിലെ ദാസികൾ തന്നെയായിരുന്നു. അന്ന്, റഷ്യയിൽ ദാസിപെണ്ണുങ്ങളെ തല്ലിയാലും കൊന്നാലുമൊന്നും ആരും ചോദിയ്ക്കാൻ വരില്ലായിരുന്നു.

സീരിയൽ കില്ലർ എന്നൊക്കെ പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരിക നല്ല സൈക്കോ ലുക്കൊക്കെ ഉള്ള പുരുഷരൂപങ്ങളാണ്. ജാക്ക് ദ റിപ്പർ, സയനൈഡ് മോഹൻ, ടെഡ് ബണ്ടി എന്നിങ്ങനെ നമ്മൾ കേട്ടിട്ടുള്ള പേരുകളിൽ പലതും പുരുഷന്മാരുടേതാണ്. എന്നാൽ, സീരിയൽ കില്ലിങിന്റെ ചരിത്രത്തിൽ സ്ത്രീനാമങ്ങൾക്കും കുറവില്ല. അക്കൂട്ടത്തിൽ ഏറ്റവും കുപ്രസിദ്ധമായ ഒരു പേരാണ് സാൽത്തിച്ച്കയുടേത്. 

പതിനെട്ടാം നൂറ്റാണ്ടിൽ റഷ്യയിൽ ജീവിച്ചിരുന്ന ഒരു കുലീനകുടുംബാംഗമായിരുന്നു, കുടുംബക്കാർ ബഹുമാനപൂർവ്വം 'സാൽത്തിച്ച്ക'  എന്നുവിളിച്ചിരുന്ന 'ദാരിയ നിക്കോളാവ്ന സാൽത്ത്‌കോവ' എന്ന സ്ത്രീ. റഷ്യൻ പ്രാദേശിക ലെജൻഡുകളിൽ ഈ സ്ത്രീയുടെ ക്രൂരകൃത്യങ്ങളെപ്പറ്റിയുള്ള നിരവധി കഥകൾ പ്രചാരത്തിലുണ്ട്. 

 

 

1756 -1762 കാലയളവിൽ ഇവർ ചുരുങ്ങിയത് 38 ദാസിപ്പെണ്ണുങ്ങളെയെങ്കിലും കൊന്നുകളഞ്ഞിട്ടുണ്ട് എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ, ദൃക്‌സാക്ഷികൾ പറയുന്നത് ചുരുങ്ങിയത് 138 കൊലകളെങ്കിലും ഇവർ നേരിട്ട് ചെയ്തിട്ടുണ്ട് എന്നാണ്. ഇരകളിൽ അധികവും ചെറുപ്പം പെൺകുട്ടികളാണ്. സാൽത്തിച്ച്കയുടെ മാളികയിൽ ദാസികളായി വന്നെത്തിയ ദൗർഭാഗ്യവതികൾ. അവരെ തന്റെ കോപം ശമിപ്പിക്കാൻ വേണ്ടി ചാട്ടവാറുകൊണ്ടും ചൂരലുകൊണ്ടും മരത്തടികൾകൊണ്ടും ബാറ്റുകൾ കൊണ്ടും ഒക്കെ അടിച്ചും, മുടികൾ പറിച്ചെടുത്തും, ഇരുമ്പ് പഴുപ്പിച്ചുവെച്ചും, പച്ചവെള്ളം പോലും കൊടുക്കാതെ പട്ടിണിക്കിട്ടും, മരംകോച്ചുന്ന തണുപ്പിൽ വിവസ്ത്രരായി ഇരുത്തിച്ചും, വെള്ളത്തിൽ തള്ളിയിട്ടും ഒക്കെ കൊന്നുകളയുകയായിരുന്നു സാൽത്തിച്ച്ക. 

ഈ ദുഷ്ട ജീവിച്ചിരുന്ന കാലത്ത് അവരെക്കുറിച്ച് കുറേക്കൂടി ഭയാനകമായ വാമൊഴിക്കഥകൾ പ്രചാരത്തിലുണ്ടായിരുന്നു റഷ്യൻ ഗ്രാമങ്ങളിൽ. ഇരകളുടെ രക്തത്തിൽ നീരാട്ടുനടത്തിയിരുന്ന, ഗർഭിണികളുടെ വയറുപിളർന്നു കുഞ്ഞുങ്ങളെ തിന്നുകളഞ്ഞിരുന്ന പല യക്ഷിക്കഥകളും അക്കാലത്ത് സാൽത്തിച്ച്കയെക്കുറിച്ച് നിലവിലുണ്ടായിരുന്നു.  

 

 

അപ്പോൾ ഉയരുന്ന ചോദ്യം ഇതാണ്. ആരാണ് ഈ ദുഷ്ട? അന്ന് റഷ്യ ഭരിച്ചിരുന്ന അധികാരികൾ എന്തുകൊണ്ട് ഇങ്ങനെയുള്ള തുടർച്ചയായ കുറ്റകൃത്യങ്ങൾ കണ്ടിട്ടും നടപടിയെടുക്കാതെ അത് നിർബാധം തുടരാൻ അനുവദിച്ചു? അതിനേക്കാൾ ഉപരിയായി, കൊല്ലാനും അംഗഭംഗം വരുത്താനുമൊക്കെ സാൽത്തിച്ച്കയെ പ്രേരിപ്പിച്ചിരുന്ന വികാരം എന്താണ് ?

എണ്ണൂറോളം ദാസികളുടെ കൊച്ചമ്മ 

1730 -ൽ റഷ്യയിലെ കുലീന കുടുംബാംഗങ്ങളായ 'നിക്കോളായി-അന്ന' ദമ്പതികളുടെ മകളായി മോസ്‌കൊയിലാണ്  സാൽത്തിച്ച്ക ജനിക്കുന്നത്. സമ്പന്നമായ സാൽത്ത്‌കോവ കുടുംബത്തിലേക്ക് വിവാഹം കഴിച്ചെത്തുന്നതോടെയാണ് സത്യത്തിൽ 'സാൽത്തിച്ച്ക' എന്ന വിളിപ്പേര് അവരുടെ പേരിനോടൊപ്പം ചേരുന്നത്. എന്നാൽ, സമ്പന്നനായ ഭർത്താവിനോടൊപ്പം. എണ്ണൂറോളം ദാസിപ്പെണ്ണുങ്ങളുടെ കൊച്ചമ്മയായി, പത്തഞ്ഞൂറ് ഏക്കർ വരുന്ന എസ്റ്റേറ്റിന് നടുവിലെ ബംഗ്ലാവിലെ സാൽത്തിച്ച്കയുടെ സംതൃപ്ത ജീവിതം, അവിചാരിതമായുണ്ടായ ഭർത്താവിന്റെ അകലമരണത്തോടെ തകരുന്നു. ഭർത്താവിന്റെ മരണശേഷം എസ്റ്റേറ്റിന്റെ ചുമതലയും, പത്തെണ്ണൂറോളം ദാസിപ്പെണ്ണുങ്ങളുടെ നോക്കിനടത്തിപ്പും ഒക്കെ സാൽത്തിച്ച്കയുടെ തലയിൽ ആകുന്നു.

ഭർത്താവിന്റെ മരണം ഏൽപ്പിച്ച മാനസികമായ ആഘാതമാണ് സാൽത്തിച്ച്കയെ ഇത്രക്ക് ക്രൂരയാക്കി മാറ്റിയത് എന്ന് ചിലർ പറയുന്നു. വളരെ ചെറിയ തെറ്റുകൾക്കുപോലും തന്റെ ദാസികളെ ക്രൂരമായ ശിക്ഷാനടപടികൾക്ക് അവർ വിധേയരാക്കുമായിരുന്നു. ആ ശിക്ഷകൾ അവരിൽ അടിച്ചേൽപ്പിച്ചിരുന്നതും സാൽത്തിച്ച്ക നേരിട്ടുതന്നെ ആയിരുന്നു. തന്റെ കണ്മുന്നിൽ കിടന്നു വേദനകൊണ്ടു പുളയുന്ന ദാസികൾ അവരുടെ കണ്ണുകൾക്ക് ആനന്ദം പകർന്നിരുന്നു. 

ആദ്യമാദ്യം ദാസികളെ തല്ലിയിരുന്നത് നേരിട്ടായിരുന്നു എങ്കിൽ, തല്ലി ക്ഷീണിച്ചപ്പോൾ ആ പണി അവർ തന്റെ പുരുഷഭൃത്യരെ ഏൽപ്പിച്ച്, കണ്ടു രസിക്കുക മാത്രം ചെയ്യാൻ തുടങ്ങി. ആദ്യ റൗണ്ട് മർദ്ദനം മാളികയ്ക്കുള്ളിൽ വെച്ചാണെങ്കിൽ, ജീവനെടുക്കാനുള്ള അവസാന റൗണ്ട് മർദ്ദനം എസ്റ്റേറ്റിലെ കുതിരലായത്തിനുള്ളിൽ വെച്ചായിരുന്നു. ശിക്ഷ ഏറ്റുവാങ്ങുന്ന ദാസികളുടെ അവസാന മിടിപ്പും നിലയ്ക്കുന്ന വരെയും അവർ ആ ക്രൂരമർദ്ദനങ്ങൾ കണ്ടു രസിക്കുന്ന സ്വഭാവം സാൽത്തിച്ച്കക്കുണ്ടായിരുന്നു.

 

 

 

ഒരിക്കൽ ഒരു ഗർഭിണിയായ ദാസിപ്പെണ്ണിനെ ഇതുപോലെ എന്തോ ചെറിയ കുറ്റത്തിന്റെ ശിക്ഷയായി ക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് വിധേയരാക്കിക്കൊണ്ടിരിക്കെ, അവിചാരിതമായി അവർക്ക് പേറ്റുനോവിളക്കി. പ്രസവാനന്തരം അമ്മ മരിച്ചെങ്കിലും കുഞ്ഞിന് അപ്പോഴും ജീവനുണ്ടായിരുന്നു. നിർത്താതെ കരഞ്ഞുകൊണ്ടിരുന്ന ആ പിഞ്ചുകുഞ്ഞിനെ അമ്മയുടെ മൃതദേഹത്തിന് മുകളിൽ പുറത്തെ മരംകോച്ചുന്ന കുളിരിൽ ഒരു രാത്രി മുഴുവൻ ഒറ്റയ്ക്ക് കിടത്തിയാണ് സാൽത്തിച്ച്കയുടെ ഭൃത്യർ കൊന്നുകളഞ്ഞത്. കുഞ്ഞും മരിച്ചു എന്നുറപ്പിച്ചു ശേഷം അമ്മയെയും കുഞ്ഞിനേയും ഒരേ കുഴിയിൽ വെട്ടി മൂടി എന്നിട്ടവർ അടുത്ത പ്രഭാതത്തിൽ. 

മറ്റൊരു ദാസിപ്പെണ്ണിനെ വടികൊണ്ട് അടിച്ചടിച്ച് എസ്റ്റേറ്റിലെ കുളക്കര വരെ കൊണ്ടുപോയി. അതിനു ശേഷം കഴുത്തറ്റം വെള്ളത്തിൽ ആ തണുത്തുറഞ്ഞ കുളത്തിൽ ഏറെ നേരം നിർത്തിച്ചു അവർ അവളെ. ഒടുവിൽ തളർന്നു വീണുപോയ ആ പെൺകുട്ടി മുങ്ങിയാണ് മരിച്ചത്. എന്നാൽ, അബദ്ധവശാൽ ദാസിപ്പെണ്ണുങ്ങളെ തല്ലിയാലോ, കൊന്നാലോ ഒന്നും അതിൽ കോടതികൾ ഇടപെട്ടിരുന്നില്ല അന്നൊന്നും റഷ്യയിൽ. പല മരണങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ആ എസ്റ്റേറ്റ് വളപ്പ് വിട്ടു പുറത്ത് പോയിരുന്നുമില്ല. 

മറ്റൊരു കുടുംബത്തിലെ ധനിക യുവാവുമായി സാൽത്തിച്ച്കക്ക് പ്രേമബന്ധമുണ്ടായിരുന്നു. എന്നാൽ, കുറച്ചുനാളത്തെ ബന്ധത്തിന് ശേഷം അയാൾ അവരെ ഉപേക്ഷിച്ച് മറ്റൊരു യുവതിയെ വിവാഹം ചെയ്യാൻ പോകുന്നു എന്ന വിവരം കിട്ടിയപ്പോൾ, തന്റെ ഭൃത്യരെക്കൊണ്ട് അയാളുടെ വീട്ടിൽ ബോംബുവെപ്പിക്കാൻ സാൽത്തിച്ച്ക ശ്രമിച്ചു. എന്നാൽ, അങ്ങനെ ഒരു കടുംകൈ ചെയ്യാനുള്ള ധൈര്യമില്ലാതിരുന്ന ഭൃത്യർ തങ്ങളുടെ കൊച്ചമ്മയുടെ പ്ലാനിനെക്കുറിച്ചുള്ള വിവരം കൊല്ലേണ്ടയാളിനെത്തന്നെ അറിയിച്ചതോടെ ആദ്യ പ്ലാൻ പാളുകയായിരുന്നു. പിന്നീട് വിവാഹ ശേഷവും നവദമ്പതികൾ സഞ്ചരിച്ചുകൊണ്ടിരുന്ന കുതിരവണ്ടി ആക്രമിക്കാനും അവർ പ്ലാനിട്ടു. അതും, മുൻ‌കൂർ വിവരം അങ്ങ് ചെന്നതിന്റെ പേരിൽ പരാജയപ്പെടുകയാണുണ്ടായത്.

 

 

സാൽത്തിച്ച്ക എന്ന യുവവിധവയെ ക്രൂരകൃത്യങ്ങളിലേക്ക് നയിച്ചിരുന്ന അടിസ്ഥാനവികാരം 'അസൂയ' ആയിരുന്നു എന്ന് പലരും കരുതുന്നു. എന്നാൽ, അവർ ഒരു സൈക്കോപാത്ത് ആണെന്നും, അവർ ചെയ്ത കൊലകൾ അവരുടെ മാനസികരോഗത്തിന്റെ ലക്ഷണങ്ങൾ മാത്രമാണെന്നും ചിലർ പറയുന്നു. ദാസിപ്പെണ്ണുങ്ങളെ മാത്രം പീഡിപ്പിച്ചിരുന്നത് അവരുടെ സ്വവർഗാനുരാഗത്തിന്റെ ലക്ഷണമായി കാണുന്നവരും ചുരുക്കമല്ല. 

1762 വരെ ആ എസ്റ്റേറ്റിലെ ദാസിപ്പെണ്ണുങ്ങളിൽ നിന്ന് 21 പരാതികൾ റഷ്യൻ പൊലീസിൽ ചെന്നിട്ടും നടപടിയൊന്നും ഉണ്ടായില്ല. ഇത്രയധികം പെൺകുട്ടികളെ കൊന്നുകുഴിച്ചുമൂടിയിട്ടും ഒരു കേസുപോലും ഈ കാലയളവിൽ അവർക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടില്ല. 'കാതറിൻ ദ ഗ്രേറ്റ്' എന്നറിയപ്പെട്ടിരുന്ന കാതറിൻ II റഷ്യയുടെ ചക്രവർത്തിനി ആയി വാഴിക്കപ്പെട്ടതോടെയാണ് സാൽത്തിച്ച്കയുടെ അക്രമങ്ങൾക്ക് അറുതിവരുന്നത്.  സാൽത്തിച്ച്കയുടെ രണ്ടു ദാസികൾ അയച്ച ഒരു കത്ത് കാതറിന്റെ സവിധത്തിൽ എത്തിച്ചേരുന്നതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. അതോടെ ചക്രവർത്തിനി കേസിൽ നേരിട്ട് ഇടപെട്ടു. 1762 -ൽ സാൽത്തിച്ച്ക അറസ്റ്റു ചെയ്യപ്പെട്ടു. ആറുവർഷം നീണ്ട വിചാരണയ്ക്ക് ശേഷം കോടതി അവരെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു.

 

 

1768 -ൽ കാതറിൻ ചക്രവർത്തിനി നേരിട്ടാണ് ശിക്ഷ വിധിച്ചത്. "മനുഷ്യകുലത്തിൽ പിറന്ന ചെകുത്താന്റെ സന്തതി' എന്നാണ് ശിക്ഷാവിധിയിൽ ചക്രവർത്തിനി സാൽത്തിച്ച്കയെ വിശേഷിപ്പിച്ചത്. സാൽത്തിച്ച്കയുടെ സ്വത്തുക്കൾ എല്ലാം കണ്ടുകെട്ടിയ ചക്രവർത്തിനി അവരുടെ അവരെ ഇനിമേൽ 'അവൾ എന്നോ അവർ' എന്നോ ആരും വിളിച്ചുകൂടാ, പകരം 'അയാൾ' എന്ന് വിളിച്ചുകൊള്ളണം എന്നുത്തരവിട്ടു. 'പെണ്ണായിപ്പിറന്ന ആരും ചെയ്യാത്ത' ഒരു കൊടുംക്രൂരകൃത്യം ചെയ്തതിനുള്ള ശിക്ഷയായിരുന്നു ആ വിശേഷണത്തിലെ ആ ലിംഗമാറ്റം. 

അതിനും പുറമെ, മറ്റൊരു വിചിത്ര ശിക്ഷയും സാൽത്തിച്ച്കക്ക് ചക്രവർത്തിനി വിധിച്ചു. മോസ്കോയിലെ ആൾത്തിരക്കേറിയ റെഡ് സ്‌ക്വയറിൽ " ഞാൻ ഒരു പീഡകയും കൊലപാതകിയുമാണ് " എന്നെഴുതിയ പ്ലക്കാർഡും പിടിച്ചുകൊണ്ട് ദിവസേന ഒരു മണിക്കൂർ വീതം നിൽക്കണം.  അങ്ങനെ ആഴ്ചകളോളം നിർത്തിയ ശേഷമാണ് അവരെ പിന്നീടുള്ള ശിക്ഷക്കാലം ചെലവിടാൻ വേണ്ടി  മോസ്കോയിലെ ഇവാനോവ്സ്കി കോൺവെന്റിലെ തടവറയിലേക്ക് മാറ്റിയത്. അവിടെയും സുദീർഘകാലം പൂർണ്ണാരോഗ്യവതിയായി കഴിഞ്ഞ ശേഷം, തന്റെ എഴുപത്തൊന്നാം വയസ്സിൽ വാർധക്യസഹജമായ അസുഖങ്ങൾ കാരണമാണ് സാൽത്തിച്ച്ക മരണപ്പെട്ടത്. 

സാൽത്തിച്ച്കയുടെ ജീവിതം പ്രമേയമായി റഷ്യ 1 ചാനലിൽ എയർ ചെയ്ത 'ബ്ലഡി ലേഡി' എന്ന ടെലി സീരീസ് ഏറെ ജനപ്രിയമായിരുന്നു. 

 

 

click me!