
ഒരേ ദിവസം രണ്ട് വിമാനാപകടം, അത്ഭുതകരമായി രക്ഷപ്പെട്ട് ദമ്പതികൾ. ഇറ്റലിയിലാണ് ദമ്പതികൾ സഞ്ചരിച്ചിരുന്ന രണ്ട് വ്യത്യസ്ത വിമാനങ്ങൾ ഒരേ ദിവസം തന്നെ അപകടത്തിൽ പെട്ടത്. 30 വയസ്സുള്ള സ്റ്റെഫാനോ പിറെല്ലിയും പങ്കാളിയായ 22 -കാരി അന്റോണിയറ്റ ഡെമാസിയുമാണ് ഒരേ ദിവസം തന്നെ വ്യത്യസ്തമായ വിമാനാപകടങ്ങളിൽ പെട്ടത്.
രണ്ട് വ്യത്യസ്ത വിമാനങ്ങളിലായി സവോണയിലേക്ക് പോവുകയായിരുന്നു ദമ്പതികൾ. അവിടെ ലഞ്ച് ഡേറ്റും പ്ലാൻ ചെയ്തിരുന്നു. ഭക്ഷണത്തിനു ശേഷം, ഇറ്റാലിയൻ നഗരമായ ടൂറിനിലേക്ക് പോകാനും ഇരുവരും തീരുമാനിച്ചിരുന്നു. ഈ യാത്രയ്ക്കിടെയാണ് രണ്ട് വിമാനങ്ങളും ചില തകരാറുകൾ കാരണം തകർന്നു വീണത്. രണ്ട് സീറ്റുകളുള്ള ടെക്‌നാം പി92 എക്കോ സൂപ്പർ എന്ന വിമാനത്തിലായിരുന്നു സ്റ്റെഫാനോ ഉണ്ടായിരുന്നത്. സാങ്കേതിക തകരാറുകൾ കാരണമാണ് ഇത് അപകടത്തിൽ പെട്ടത്.
ബുസാനോയിൽ നിന്നും 25 മൈൽ അകലെയുള്ള അന്റോണിയറ്റയുടെ വിമാനവും തകരാറിലായതിനെ തുടർന്ന് തകർന്ന് വീഴുകയായിരുന്നു. സ്റ്റെഫാനോയ്ക്ക് അപകടത്തിൽ പരിക്കുകളൊന്നും പറ്റിയിട്ടില്ല. എന്നാൽ, അതേസമയം അന്റോണിയറ്റയ്ക്ക് ചെറിയ പരിക്കുകളുണ്ട്. ഇരുവരെയും അഗ്നിശമന സേനാംഗങ്ങൾ പെട്ടെന്ന് തന്നെ രക്ഷപ്പെടുത്തിയിരുന്നു. പിന്നീട്, അപകത്തിൽ പെട്ട വിമാനങ്ങളുടെ പൈലറ്റുമാർക്കൊപ്പം ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്റോണിയറ്റയുടെ ആദ്യത്തെ വിമാനയാത്രയാണ് ഇതെന്നും അത് ഇങ്ങനെ കലാശിച്ചതിൽ വലിയ സങ്കടമുണ്ട് എന്നും സ്റ്റെഫാനോ പറയുന്നു.
പരിക്കേറ്റ പൈലറ്റിനെയും കാമുകിയേയും ആ ആഘാതത്തിൽ നിന്നും വേദനയിൽ നിന്നും മോചിപ്പിക്കുക എന്നതിന് മാത്രമാണ് താനിപ്പോൾ പ്രാധാന്യം നൽകുന്നത് എന്ന് സ്റ്റെഫാനോ പറയുന്നു. അതൊരു നിർഭാഗ്യകരമായ ഞായറാഴ്ചയായിരുന്നു. തെളിഞ്ഞ ആകാശമുള്ള ആ ദിവസം എന്തുകൊണ്ടും ഒരു ആകാശയാത്രയ്ക്ക് അനുയോജ്യമായിരുന്നു. എന്നാൽ, പെട്ടെന്ന് മൂടൽമഞ്ഞ് വരികയും ഒന്നും കാണാനാവാതെ വരികയുമായിരുന്നു. അങ്ങനെയാണ് ആ യാത്ര അപകടത്തിൽ കലാശിച്ചത് എന്നും സ്റ്റെഫാനോ പറയുന്നു.
അപകടത്തിൽ പെട്ട ശേഷം സ്റ്റെഫാനോ എങ്ങനെയൊക്കെയോ വിമാനാവശിഷ്ടങ്ങളിൽ നിന്ന് പുറത്ത് കടക്കുകയും പൈലറ്റിനെ പുറത്ത് കടക്കാൻ സഹായിക്കുകയും ചെയ്യുകയായിരുന്നു. ഏതായാലും ഒരേ ദിവസം തന്നെ ഒരു വലിയ അപകടത്തിൽ പെട്ടതിന്റെ ആഘാതത്തിൽ നിന്നും മുക്തരാവാൻ ശ്രമിക്കുകയാണ് സ്റ്റെഫാനോയും അന്റോണിയറ്റയും.
വായിക്കാം: കിടക്കാൻ ട്രെയിനിൽ തൊട്ടിൽ കെട്ടി, എല്ലാം കൂടി പൊട്ടിപ്പൊളിഞ്ഞ് താഴെ; വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം