
സ്വന്തം സുരക്ഷയെ കുറിച്ച് ഓര്‍ക്കാതെ, കൊറോണ വൈറസിന്റെ കെടുതിയില്‍ ഉഴലുന്ന രാജ്യത്തിനായി നാവിക സേനാംഗങ്ങള്‍ കൈയും മെയ്യും മറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. പല സൈനികരുടെയും കുടുംബാംഗങ്ങള്‍ കൊവിഡ് പോസിറ്റീവ് ആയി ദുര്‍ഘടാവസ്ഥകള്‍ പിന്നിടുന്ന നേരത്തായിരുന്നു വീടുകളില്‍ പോവാതെ, ആശങ്കകള്‍ അടക്കിപ്പിടിച്ച് അവര്‍ മഹാദൗത്യത്തിന്റെ ഭാഗമായത്.
നമ്മുടെ സമുദ്രാതിര്‍ത്തികള്‍ കാക്കുന്ന നാവികസേന പലപ്പോഴും, അതിനപ്പുറമുള്ള കാര്യങ്ങളും രാജ്യത്തിനുവേണ്ടി ചെയ്യാറുണ്ട്. എന്നാല്‍, വായടക്കൂ, പണിയെടുക്കൂ എന്ന മന്ത്രത്തില്‍ വിശ്വസിക്കുന്നതിനാല്‍, സേനയുടെ പല വ്യത്യസ്ത ദൗത്യങ്ങളും അധികമൊന്നും പുറത്തറിയാറില്ല. നിശ്ശബ്ദ സേവനങ്ങളില്‍ വിശ്വസിക്കുന്ന നാവികസേന ഈ കൊവിഡ് കാലത്ത് ചെയ്ത മഹത്തായ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ പെടുന്നു. ആവശ്യത്തിന് ഓക്‌സിജന്‍ സിലിണ്ടറുകളില്ലാതെ രാജ്യം ശ്വാസംമുട്ടുന്ന സമയത്താണ്, 'ഓപ്പറേഷന്‍ സമുദ്രസേതു 2' എന്ന പേരില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ആവശ്യത്തിന് ഓക്‌സിജന്‍ എത്തിക്കാന്‍ നാവിക സേന കൈമെയ് മറന്ന് രംഗത്തിറങ്ങിയത്.
വിവിധ ഇന്തോ-പസഫിക് രാജ്യങ്ങളില്‍ നിന്ന് ദ്രാവക മെഡിക്കല്‍ ഓക്‌സിജനും, കാലി സിലിണ്ടറുകളും രാജ്യത്ത് എത്തിക്കുകയായിരുന്നു 'ഓപ്പറേഷന്‍ സമുദ്രസേതു 2' ലക്ഷ്യം വെച്ചത്. മൂന്ന് നാവിക കമാന്‍ഡുകളില്‍ നിന്നുള്ള പത്ത് യുദ്ധക്കപ്പലുകള്‍ പടിഞ്ഞാറന്‍, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ദ്രാവക മെഡിക്കല്‍ ഓക്‌സിജന്‍, കോണ്‍സെന്‍ട്രേറ്ററുകള്‍, പിപിഇ, കോവിഡ് ടെസ്റ്റ് കിറ്റുകള്‍, വെന്റിലേറ്ററുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ അതിവേഗം നമ്മുടെ രാജ്യത്ത് എത്തിക്കാന്‍ കര്‍മനിരതരായി. ശ്വാസംകിട്ടാതെ പിടയുന്ന എത്രയോ ജീവനുകള്‍, നാവിക സേനയുടെ നിശ്ശബ്ദ ദൗത്യത്തിലൂടെ ജീവിതം തിരിച്ചുപിടിച്ചു.
ഇക്കഴിഞ്ഞ മെയ് അഞ്ചിന് ഐഎന്‍എസ് തല്‍വാര്‍ ബഹ്റൈനില്‍ നിന്ന് 55 മെട്രിക് ടണ്‍ ദ്രാവക ഓക്‌സിജനാണ് മംഗലാപുരത്ത് എത്തിച്ചത്. കര്‍ണാടകയില്‍ കൊവിഡ് പ്രതിസന്ധി രൂക്മായ സമയമായിരുന്നു അത്. കടല്‍ക്കൊള്ളക്കാരില്‍ നിന്ന് വ്യാപാര കപ്പലുകളെ സംരക്ഷിക്കാന്‍ യതഎനിക്കുന്നതിനിടയിലാണ് ഐഎന്‍എസ് തല്‍വാര്‍ കടലുകള്‍ മുറിച്ചുകടന്ന് ജനങ്ങളുടെ രക്ഷയ്ക്ക് എത്തിയത്.
ഐഎന്‍എസ് തല്‍വാറിലെ ഒരു യുവ നാവിക ഉദ്യോഗസ്ഥന്‍ ആ സാഹസിക യാത്രയെ കുറിച്ച് വിവരിക്കുന്നത് ഇങ്ങനെയാണ്: ''പരുക്കന്‍ കാലാവസ്ഥയില്‍ കപ്പല്‍ ഇളകി മറിയുമ്പോഴും, മെഡിക്കല്‍ ഉപകരണങ്ങള്‍ ഒന്നും തകര്‍ന്നിട്ടില്ലല്ലോ എന്ന് ഞാന്‍ തുടര്‍ച്ചയായി പരിശോധിക്കുകയായിരുന്നു ഞങ്ങളെല്ലാം. ശക്തമായ കാറ്റിലും, മഴയിലും കണ്ടെയ്‌നറിന് മുകളില്‍ കയറി അതിന്റെ കെട്ടുകള്‍ അഴിഞ്ഞിട്ടില്ല എന്ന് ഉറപ്പ് വരുത്തികൊണ്ടേയിരുന്നു. വെല്ലുവിളി നിറഞ്ഞ ജോലി തന്നെയായിരുന്നു അത്. പക്ഷേ നമ്മുടെ രാജ്യത്തിന് ഇത് എത്ര പ്രധാനമാണെന്ന് അറിയാവുന്നതിനാല്‍, ഒട്ടും ഭയം തോന്നിയില്ല.'
അടുത്ത ദിവസങ്ങളില്‍ വീണ്ടും വന്നു നാലു കപ്പലുകള്‍. ഒമ്പത് കണ്ടെയ്‌നറുകളിലായി ഖത്തറില്‍ നിന്നും കുവൈത്തില്‍ നിന്നുമുള്ള 250 ഓളം മെഡിക്കല്‍ ഓക്‌സിജനും 2000 സിലിണ്ടറുകളും മറ്റ് മെഡിക്കല്‍ സാമഗ്രികളുണ് സേന മുംബൈയിലും മംഗലാപുരത്തും എത്തിച്ചത്. ചരക്കുകള്‍ എളുപ്പത്തില്‍ ഇറക്കിയ കപ്പലുകള്‍ സൗദി അറേബ്യ, ഒമാന്‍, യുഎഇ എന്നിവിടങ്ങളിലേയ്ക്ക് , അടുത്ത ബാച്ചിനായി പെട്ടെന്ന് തന്നെ പുറപ്പെട്ടു. അതേസമയം, കിഴക്കന്‍ കടല്‍ത്തീരത്ത്, നാവികസേനയുടെ കപ്പലുകള്‍ ബ്രൂണൈ, സിംഗപ്പൂര്‍, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ള സഹായം എത്തിക്കുകയായിരുന്നു. അതിവേഗത്തില്‍ അവ ചെന്നൈയിലും വിശാഖപട്ടണത്തിലും എത്തിച്ചേര്‍ന്നു.
സമുദ്ര സേതു 2 ദൗത്യത്തില്‍ ഏഴ് ആഴ്ചകളോളം നീണ്ടു. ഇതിനിടെ, 14 യാത്രകളിലായി 90, 000 കിലോമീറ്ററോളം സഞ്ചരിച്ചു. അടിയന്തിര വൈദ്യസഹായങ്ങള്‍ക്ക് പുറമേ 1050 ടണ്‍ ദ്രാവക മെഡിക്കല്‍ ഓക്‌സിജനും 13,800 ഓക്‌സിജന്‍ സിലിണ്ടറുകളും രാജ്യത്ത് എത്തിക്കാന്‍ സേനയ്ക്ക് കഴിഞ്ഞു. ഇതിന് പുറമേ കാര്‍വാറിലെയും കൊച്ചിയിലെയും നാവിക താവളങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ ലക്ഷദ്വീപ്, മിനിക്കോയ് ദ്വീപുകളിലെ ജനങ്ങള്‍ക്കായി ഒരു ഓക്‌സിജന്‍ എക്‌സ്പ്രസ് സ്ഥാപിച്ചു. ഇത് വഴി ഓക്‌സിജന്‍ ഉള്‍പ്പെടെ വൈദ്യസഹായം പതിവായി ദ്വീപുകളിലേക്ക് എത്തിച്ചു കൊടുത്തു. ഇത് കൂടാതെ, ടൗട്ടേ ചുഴലിക്കാറ്റ് ആഞ്ഞുവീശിയപ്പോള്‍, സംസ്ഥാനങ്ങള്‍ക്ക് എല്ലാ അവശ്യസാധനങ്ങളും എത്തിച്ചുകൊടുത്തത് സേനയാണ്.
സ്വന്തം സുരക്ഷയെ കുറിച്ച് ഓര്‍ക്കാതെ, കൊറോണ വൈറസിന്റെ കെടുതിയില്‍ ഉഴലുന്ന രാജ്യത്തിനായി നാവിക സേനാംഗങ്ങള്‍ കൈയും മെയ്യും മറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. പല സൈനികരുടെയും കുടുംബാംഗങ്ങള്‍ കൊവിഡ് പോസിറ്റീവ് ആയി ദുര്‍ഘടാവസ്ഥകള്‍ പിന്നിടുന്ന നേരത്തായിരുന്നു വീടുകളില്‍ പോവാതെ, ആശങ്കകള്‍ അടക്കിപ്പിടിച്ച് അവര്‍ മഹാദൗത്യത്തിന്റെ ഭാഗമായത്.