ഗർഭിണിയാണെന്നറിയിച്ചതിന് പിന്നാലെ വാടക 71% കൂട്ടി; ഉടമയ്‍ക്കെതിരെ കേസുമായി ദമ്പതികൾ

Published : Jun 30, 2026, 01:02 PM IST
home , key

Synopsis

ഗർഭിണിയാണെന്ന് അറിയിച്ചതിന് പിന്നാലെ 71% വാടക കൂട്ടി. തങ്ങളെ വീട്ടിൽ നിന്ന് ഒഴിപ്പിച്ച് എളുപ്പത്തിൽ വീട് വിൽക്കാനുള്ള ഉടമയുടെ തന്ത്രം. ഉടമകള്‍ക്കെതിരെ കേസുമായി സാൻ ഫ്രാൻസിസ്കോയിലെ ദമ്പതികൾ. 

വീടിന്റെ വാടക ഒറ്റയടിക്ക് 71 % കൂട്ടി, ഉടമകൾക്കെതിരെ നിയമനടപടിയുമായി സാൻ ഫ്രാൻസിസ്കോയിലെ ദമ്പതികൾ. വീട്ടിൽ നിന്ന് തങ്ങളെ നിർബന്ധിതമായി ഇറക്കിവിടാൻ വേണ്ടിയാണ് ഭൂവുടമകൾ വാടക ഇത്രയധികം കൂട്ടിയത് എന്നാണ് സബാഹ്, ഗോക്സൽ ഒനെ എന്നീ ദമ്പതികളുടെ പരാതി. വീടിന്റെ ലീസ് പുതുക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് രണ്ടാമത്തെ കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം ദമ്പതികൾ വീട്ടുടമകളായ ജാമി, ആൻഡ്രൂ പാറ്റൺ എന്നിവരെ അറിയിച്ചത്.

കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരമറിഞ്ഞ ജാമി പാറ്റൺ ആദ്യം ദമ്പതികളെ അഭിനന്ദിച്ചു. തങ്ങൾക്ക് സാൻ ഫ്രാൻസിസ്കോയിലേക്ക് ഉടൻ മടങ്ങിവരാൻ പദ്ധതിയൊന്നുമില്ല, എന്നാൽ വീട് വിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അവർ മറുപടി നൽകി. നിങ്ങൾക്ക് ഇത് വാങ്ങാൻ താല്പര്യമുണ്ടോ എന്നും എത്ര കാലം വാടകയ്ക്ക് തുടരാനാണ് പദ്ധതിയെന്നും അവർ ചോദിച്ചു. തങ്ങൾക്ക് മറ്റ് പ്ലാനുകളൊന്നുമില്ലെന്നും ജാമി പറഞ്ഞിരുന്നു.

എന്നാൽ, മണിക്കൂറുകൾക്ക് ശേഷം ഭർത്താവ് ആൻഡ്രൂവുമായി സംസാരിച്ച് ജാമി നിലപാട് മാറ്റി. വീട്ടിൽ നിന്നും വലിയ തുകയൊന്നും കിട്ടുന്നില്ലെങ്കിൽ വീട് വിൽക്കാനാണ് പദ്ധതിയെന്ന് അവർ സബാഹിനെയും ഗോക്സലിനെയും അറിയിച്ചു. ഏതാനും ആഴ്ചകൾക്ക് ശേഷം ദമ്പതികൾക്ക് പുതിയ വാടകയുടെ നിർദ്ദേശവും ലഭിച്ചു. അടുത്ത ഒരു വർഷത്തേക്ക് കൂടി അവിടെ താമസിക്കണമെങ്കിൽ വാടക 14,000 ഡോളറിൽ നിന്ന് 24,000 ഡോളറായി ഉയർത്തുമെന്നായിരുന്നു പറഞ്ഞത്. ജനുവരി വരെ താൽക്കാലികമായി തുടരാൻ പ്രതിമാസം 18,000 ഡോളർ നൽകണമെന്നും ആവശ്യപ്പെട്ടു.

ഈ പെട്ടെന്നുള്ള വാടക വർദ്ധനവ് തങ്ങളെ ഞെട്ടിച്ചുവെന്ന് ദമ്പതികൾ പറയുന്നു. തങ്ങളുടെ മൂന്ന് വയസ്സുള്ള മകനെ അടുത്തുള്ള പ്രീ സ്കൂളിൽ ചേർത്തതിനാലും വീട് ഫർണിഷ് ചെയ്യാൻ മാസങ്ങൾ ചിലവഴിച്ചതിനാലും വാടക ഒറ്റയടിക്ക് കൂട്ടിയത് ദമ്പതികളെ പ്രതിസന്ധിയിലാക്കി. മകൾ ജനിക്കാൻ ആഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോൾ മറ്റൊരു വീട് അന്വേഷിക്കേണ്ടിയും വന്നു. ഇത് വലിയ മാനസിക സമ്മർദ്ദവും ആശങ്കയും ഉണ്ടാക്കിയതായി ഗോക്സൽ പറഞ്ഞു.

ഒടുവിൽ അവർ അതേ സ്ഥലത്ത് തന്നെ മറ്റൊരു വീട് വാങ്ങി. അത് ചെറിയ വീടായിരുന്നു. പുതിയ വീട്ടിൽ സ്ഥലമില്ലാത്തതിനാൽ മുൻപത്തെ വീടിനായി വാങ്ങിയ ഫർണിച്ചറുകൾ ഇവർക്ക് വിൽക്കേണ്ടിയും വന്നു. പിന്നാലെ, ദമ്പതികൾ മുൻ വീട്ടുടമകൾക്കെതിരെ കോടതിയെ സമീപിച്ചു. ഉയർന്ന വാടക ഈടാക്കുക എന്നതായിരുന്നില്ല ഉടമകളുടെ ലക്ഷ്യമെന്നും, മറിച്ച് വാടകക്കാരില്ലാതെ വീട് എളുപ്പത്തിൽ വിൽക്കാൻ വേണ്ടി തങ്ങളെ ഒഴിപ്പിക്കാൻ അതിനെ ആയുധമാക്കുകയായിരുന്നു എന്നുമാണ് ദമ്പതികളുടെ ആരോപണം.

നവംബറിൽ ലീസ് അവസാനിക്കുന്നത് വരെ കുടുംബം ആ വീട്ടിൽ തുടർന്നിരുന്നു. ആ സമയത്ത് തന്നെ വീട്ടിൽ നവീകരണ ജോലികൾക്കായി തൊഴിലാളികൾ വന്നിരുന്നതായി അവർ പറഞ്ഞു. ഒക്ടോബർ അവസാനത്തോടെ വീട് വിൽപ്പനയ്ക്കായി ലിസ്റ്റ് ചെയ്തു. തങ്ങൾ പ്രതികരിക്കാൻ മടിച്ചതുകൊണ്ടാണ് ഉടമകൾ ഇത്രയും ധിക്കാരപരമായി പെരുമാറിയതെന്ന് സബാഹ് പറഞ്ഞു. തങ്ങളെപ്പോലെയുള്ള കുടുംബങ്ങളെ ഇത്തരം പെട്ടെന്നുള്ള വാടക വർദ്ധനവ് എങ്ങനെ ബാധിക്കുന്നു എന്ന് മറ്റുള്ളവർ അറിയാൻ കൂടിയാണ് ഈ നിയമപോരാട്ടമെന്ന് ദമ്പതികൾ വ്യക്തമാക്കി. രേഖകൾ പ്രകാരം പാറ്റൺ ദമ്പതികൾ 2021-ൽ 4.1 മില്യൺ ഡോളറിന് വാങ്ങിയ ഈ വീട് പിന്നീട് 4.35 മില്യൺ ഡോളറിനാണ് വിറ്റത്.

PREV
Read more Articles on
click me!

Recommended Stories

'26-ാം വയസ്സിൽ ശമ്പളം 26,000 രൂപ, മറ്റുള്ളവരുമായി താരതമ്യം ചെയ്ത് ഒരുപാട് വിഷമിച്ചു, ഒടുവിൽ... '; ഉള്ളുലയ്ക്കും കുറിപ്പ്
'സഹയാത്രികൻ പാകിസ്ഥാനി, ഭക്ഷണം പങ്കിടാൻ താൻ തയ്യാറായില്ല, പോയി ചാകെ'ന്ന് ഇന്ത്യൻ നോവലിസ്റ്റ്; എന്തൊരു സ്ത്രീയെന്ന് നെറ്റിസെൺസ്