സമ്പന്നരായ മാർവാഡി കുടുംബങ്ങളുടെ വിജയത്തിന് പിന്നിൽ മുൻതലമുറകളുടെ കഠിനാധ്വാനവും ത്യാഗവുമുണ്ടെന്ന് സംരംഭകൻ പ്രേം സോണി. തൊഴിൽ-ജീവിത സന്തുലിതാവസ്ഥയ്ക്ക് മുൻഗണന നൽകുന്ന മധ്യവർഗ മനോഭാവത്തെ അദ്ദേഹം വിമർശിച്ചു. ഈ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.

തലമുറകളായി സമ്പത്ത് കൈമാറുന്ന കുടുംബങ്ങളുടെ വിജയത്തിന് പിന്നിൽ വലിയ ത്യാഗങ്ങളുടെയും കഠിനാധ്വാനത്തിന്‍റെയും ചരിത്രമുണ്ടെന്ന് അഭിപ്രായപ്പെട്ട് സംരംഭകൻ പ്രേം സോണി. സമ്പന്നരായ മാർവാഡി ബിസിനസ് കുടുംബങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് പിന്നിൽ കുറഞ്ഞത് ഒരു തലമുറയെങ്കിലും സ്വന്തം വ്യക്തിജീവിതവും വിശ്രമവും ത്യജിച്ച് കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. തലമുറ സമ്പത്ത്, അധ്വാനം, തൊഴിൽ - ജീവിത സന്തുലിതാവസ്ഥ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

കുടുംബത്തിന് വേണ്ടിയുള്ള ത്യാഗം

താനൊരു മാർവാഡിയാണെന്ന് വ്യക്തമാക്കിയ പ്രേം സോണി എക്സിലൂടെയാണ് തന്‍റെ അഭിപ്രായം പങ്കുവെച്ചത്. സമ്പന്നമായ ഓരോ മാർവാഡി കുടുംബത്തിന്‍റെയും ചരിത്രത്തിൽ ഒരു 'ഇരുണ്ട രഹസ്യമുണ്ടെന്നാണ്' അദ്ദേഹത്തിന്‍റെ വാദം. അടുത്ത മൂന്ന് തലമുറകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയുന്നതിനായി കുടുംബത്തിലെ ഒരാൾ സ്വന്തം തൊഴിൽ - ജീവിത സന്തുലിതാവസ്ഥ പൂർണമായും ഉപേക്ഷിച്ചിട്ടുണ്ടാകുമെന്ന് അദ്ദേഹം കുറിച്ചു.

പ്രശസ്തമായ മാർവാഡി ബിസിനസ് കുടുംബങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ സോണി, അവരുടെ സമ്പത്തിന്‍റെ അടിത്തറ പാകിയത് പലപ്പോഴും അച്ഛന്മാരോ മുത്തച്ഛന്മാരോ ആയിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. ഇന്ന് 50 കോടി രൂപ വിലമതിക്കുന്ന ഏതെങ്കിലും മാർവാഡി ബിസിനസ്സ് സ്ഥാപനം നോക്കിയാൽ 30 വർഷം പിന്നോട്ട് പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുന്നു. പൊടിപിടിച്ച ഗോഡൗണിനുള്ളിൽ മെത്തയിൽ ഉറങ്ങുന്ന, 16 മണിക്കൂർ ദിവസം ജോലി ചെയ്യുന്ന, മേശയിലിരുന്ന് തണുത്ത റൊട്ടി കഴിക്കുന്ന, വാരാന്ത്യങ്ങളിൽ അവധിയെടുക്കാത്ത, 25 വർഷത്തേക്ക് അവധിക്കാലം എന്താണെന്ന് അറിയാത്ത ഒരു അച്ഛനെയോ മുത്തച്ഛനെയോ അവർ കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്രേം സോണിയുടെ അഭിപ്രായത്തിൽ, ആ മനുഷ്യൻ വലിയ വേദന സഹിച്ചു, പണം സ്വരൂപിച്ചു, കുടുംബത്തിന് സ്വാതന്ത്ര്യം വാങ്ങി നൽകി. തളർച്ചയെക്കുറിച്ച് അയാൾ പരാതിപ്പെട്ടില്ല, കാരണം ഇന്നത്തെ തന്‍റെ 23 വയസ്സുള്ള ചെറുമകന് ഒരിക്കലും ഒരു റെസ്യൂമെ എഴുതേണ്ടി വരാതിരിക്കാൻ അദ്ദേഹം രണ്ട് പതിറ്റാണ്ടുകളായി കഠിനാധ്വാനം ചെയ്തുവെന്ന് സോണി എഴുതി.

Scroll to load tweet…

സ്വന്തം സുഖം മാത്രം നോക്കുന്ന മധ്യവർഗം

സാമ്പത്തിക സുരക്ഷിതത്വത്തിനും നിശ്ചിത ജോലി സമയത്തിനും മുൻഗണന നൽകുന്ന ഇന്ത്യൻ മധ്യവർഗത്തിന്‍റെ സമീപനത്തെയും സോണി വിമർശിച്ചു. പാരമ്പര്യമായി സാമ്പത്തിക അടിത്തറ ലഭിക്കാത്ത യുവാക്കൾ പോലും മികച്ച തൊഴിൽ - ജീവിത സന്തുലിതാവസ്ഥ പ്രതീക്ഷിക്കുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ വിമർശനം. ഓരോ തലമുറയും സമ്പത്ത് കെട്ടിപ്പടുക്കുന്നതിനേക്കാൾ സ്വന്തം സുഖസൗകര്യങ്ങൾക്ക് മുൻഗണന നൽകിയാൽ അവരുടെ മക്കൾക്കും സമാനമായ സാമ്പത്തിക പരിമിതികൾ നേരിടേണ്ടിവരുമെന്നും സോണി വാദിച്ചു.

പല മുത്തച്ഛന്മാരും ഇത് സുരക്ഷിതമായി കളിച്ചു, പല പിതാക്കന്മാരും 9 മുതൽ 5 വരെ സുഖകരമായ ജോലി ചെയ്തു, ഞായറാഴ്ചകളിൽ അവധിയെടുത്തു, 7 ശതമാനം സ്ഥിര നിക്ഷേപത്തിൽ സമ്പാദ്യം സൂക്ഷിച്ചു. ആരും റിസ്ക് എടുത്തില്ലെന്നും ആരും ശക്തമായ ഒരു ആസ്തി അടിത്തറ കെട്ടിപ്പടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 24 വയസ്സുള്ള ഇന്നത്തെ പല യുവാക്കൾക്കും, കുടുംബത്തിൽ സമ്പത്തൊന്നുമില്ലെങ്കിലും, അഞ്ച് ദിവസത്തെ ജോലി ആഴ്ച, എട്ട് മണിക്കൂർ ഉറക്കം, മാനസികാരോഗ്യ ദിനങ്ങൾ, 50,000 രൂപ ശമ്പളത്തിൽ യൂറോപ്യൻ രീതിയിലുള്ള ജോലി-ജീവിത സന്തുലിതാവസ്ഥ എന്നിവ വേണമെന്ന് ആഗ്രഹിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഒരു തലമുറ അതിന്‍റെ വില കൊടുക്കേണ്ടിവരുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന വാദം. മുത്തച്ഛൻ ഒരു ബിസിനസ്സ് കെട്ടിപ്പടുക്കാൻ കഷ്ടപ്പെട്ടില്ലെങ്കിൽ, അച്ഛൻ കഷ്ടപ്പെട്ടില്ലെങ്കിൽ, ഇന്നത്തെ തലമുറ വിഷലിപ്തമായ തിരക്കേറിയ സംസ്കാരമെന്ന് പറഞ്ഞ് 14 മണിക്കൂർ ജോലി ചെയ്യാൻ വിസമ്മതിച്ചാൽ, അടുത്ത തലമുറ അത് അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

സമ്മിശ്ര പ്രതികരണം

സോണിയുടെ അഭിപ്രായത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്. തലമുറ സമ്പത്ത് കെട്ടിപ്പടുക്കുന്നതിന് മുൻതലമുറകൾ നടത്തിയ ത്യാഗങ്ങളും എടുത്ത സാമ്പത്തിക തീരുമാനങ്ങളും നിർണായകമാണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. എന്നാൽ, സോണിയുടെ വാദത്തോട് ശക്തമായി വിയോജിച്ചവരുമുണ്ട്. സ്വന്തം ബിസിനസിനായി ദീർഘനേരം അധ്വാനിക്കുന്നതും മറ്റൊരാളുടെ സ്ഥാപനത്തിൽ ശമ്പളത്തിന് ജോലി ചെയ്യുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് നിരവധിപേർ ചൂണ്ടിക്കാട്ടി.