Latest Videos

കടൽ തീരത്ത് കുഴികൾ കുത്തി കളിക്കുന്നതിനിടെയെത്തിയ ദുരന്തം 7 വയസുകാരിയുടെ ജീവനെടുത്തു, മുന്നറിയിപ്പ്

By Web TeamFirst Published Mar 16, 2024, 11:39 AM IST
Highlights

സ്ലോൻ എന്ന 7 വയസുകാരിയെ രക്ഷിതാക്കളും ബീച്ചിലെത്തിയ ആളുകളും പൊലീസും ചേർന്ന് 20 മിനിറ്റുകൾക്കുള്ളിൽ പുറത്തെടുത്തെങ്കിലും ഏറെ വൈകിയിരുന്നു. വലിയ ആഹ്ളാദത്തോടെ കുട്ടികൾക്കൊപ്പം ബീച്ചിലേക്കെത്തിയ കുടുംബം 7 വയസുകാരിയുടെ മൃതദേഹവുമായാണ് വീട്ടിലേക്ക് മടങ്ങിയത്.

ഫ്ലോറിഡ: അവധിക്കാലത്ത് പല വിധ കളികളിലും കുട്ടികൾ ഏർപ്പെടാറുണ്ട്. കടൽത്തീരത്ത് അവധി ആഘോഷത്തിന് പോകുന്ന കുടുംബത്തിലെ ചെറിയ കുട്ടികൾ പോലും തിരമാലകളിൽ ഉല്ലസിക്കുകയും നനഞ്ഞ മണലിൽ കുഴികളുണ്ടാക്കിയും കൊട്ടാരങ്ങളുണ്ടാക്കിയും കളിക്കുന്നതും പതിവാണ്. എന്നാൽ ഇത്തരമൊരു അവധി ആഘോഷം നിമിഷങ്ങൾക്കുള്ളിൽ മകളുടെ ജീവനെടുത്തതിലെ  ഭീകരത പങ്കുവയ്ക്കുകയാണ് ഒരു കുടുംബം. ഫ്ലോറിഡയിലാണ് സംഭവം. തണുപ്പ് കാലത്തിന് പിന്നാലെ വന്ന വേനൽ ആഘോഷത്തിനായി ഫെബ്രുവരി അവസാന വാരത്തിൽ സൌത്ത് ഫ്ലോറിഡയിൽ എത്തിയതായിരുന്നു നാലംഗ കുടുംബം. 

ജേസൻ, തെരേസ ദമ്പതികൾ മക്കളായ മാഡോക്സിനും സ്ലോനിനും ഒന്നിച്ചാണ് ബീച്ചിലേക്കെത്തിയത്. 7വയസുള്ള മകളും 9 കാരനായ മകനും മണലിൽ കളിക്കുന്ന സമയത്താണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടാവുന്നത്. ചെറിയ തുരങ്കം ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു കുട്ടികൾ. എന്നാൽ അഞ്ചടിയോളം ആഴത്തിൽ കുഴിയെത്തിയതിന് പിന്നാലെ കുട്ടികളുടെ മേലേയ്ക്ക് മണൽ തുരങ്കം ഇടിഞ്ഞ് വീഴുകയായിരുന്നു. 9കാരന്റെ കഴുത്ത് വരെ മണൽ വന്ന് മൂടിയപ്പോൾ 7 വയസുകാരി പൂർണമായും കുഴിയിൽ മണലിന് അടിയിലായിപ്പോവുകയായിരുന്നു. സ്ലോൻ എന്ന 7 വയസുകാരിയെ രക്ഷിതാക്കളും ബീച്ചിലെത്തിയ ആളുകളും പൊലീസും ചേർന്ന് 20 മിനിറ്റുകൾക്കുള്ളിൽ പുറത്തെടുത്തെങ്കിലും ഏറെ വൈകിയിരുന്നു. വലിയ ആഹ്ളാദത്തോടെ കുട്ടികൾക്കൊപ്പം ബീച്ചിലേക്കെത്തിയ കുടുംബം 7 വയസുകാരിയുടെ മൃതദേഹവുമായാണ് വീട്ടിലേക്ക് മടങ്ങിയത്.

കുട്ടികൾ ബീച്ചിൽ കളിക്കുമ്പോൾ ഇത്തരം ചെറുകുഴികൾ നിർമ്മിക്കുന്നത് പതിവാണ്.  ഇത്തരം അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതകളിലേക്കാണ് സംഭവം വിരൽ ചൂണ്ടുന്നത്. ഒറ്റയ്ക്കോ സംഘമായോ മണലിൽ കുഴികളുണ്ടാക്കി കളിക്കുമ്പോൾ കൂട്ടത്തിലെ ഏറ്റവും ചെറിയ ആളുടെ മുട്ടിന് താഴെ നിൽക്കുന്ന രീതിയിൽ മാത്രമേ കുഴികളുണ്ടാക്കൂവെന്നാണ് സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത്. കുട്ടികളെ കുഴിയിൽ നിന്ന് പുറത്തെടുക്കാൻ സഹായിച്ച എല്ലാവരോടും നന്ദി പറയുമ്പോഴും ഇത്തരം അപകടങ്ങൾ സംഭവിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മാതാപിതാക്കളേയും അധികൃതരേയും ഓർമ്മിപ്പിക്കുകയാണ് ജേസനും തെരേസും. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!