കാണാതായി 35 വർഷത്തിനുശേഷം യാത്രക്കാരുടെ അസ്ഥികൂടങ്ങളുമായി ലാൻഡ് ചെയ്ത വിമാനം, നേരും നുണയും

By Web TeamFirst Published Jun 2, 2021, 2:19 PM IST
Highlights

ഒടുവിൽ വിമാനം അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചതായും വിമാനത്തിലുണ്ടായിരുന്ന 92 പേരും കൊല്ലപ്പെട്ടതായും പ്രഖ്യാപിക്കപ്പെട്ടു. 

വളരെ അവിശ്വസനീയമായ പല കഥകളും നമ്മൾ പലപ്പോഴായി കേൾക്കാറുണ്ട്. ഇന്റർനെറ്റിലും മറ്റും കാണുന്ന പല കഥകളും നമ്മൾ പലപ്പോഴും സത്യമാണെന്ന് വിശ്വസിച്ച് പോകാറുമുണ്ട്. എന്നാൽ, പിന്നീടാണ് അതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുന്നത്. കേവലം കിംവദന്തികൾ ആണെങ്കിലും, അത്തരം കഥകൾ വിശ്വസനീയമായ റിപ്പോർട്ടുകളോടെ പ്രചരിക്കുമ്പോൾ നമ്മൾ അറിയാതെ വിശ്വസിച്ചു പോകും. 

അത്തരത്തിൽ പ്രചരിച്ച ഒരു കഥയാണ് സാന്റിയാഗോ ഫ്ലൈറ്റ് 513 -ന്റേത്. 1989 -ൽ ടാബ്ലോയിഡ് വീക്ക്‌ലി വേൾഡ് ന്യൂസ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലൂടെയാണ് ഈ കഥയെക്കുറിച്ച് ആദ്യമായി ലോകമറിഞ്ഞത്. എന്നാൽ, ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നതിൽ കുപ്രസിദ്ധി നേടിയ ആ പത്രത്തിൽ വന്ന വാർത്തയായത്‌ കൊണ്ട് തന്നെ അതിൽ എത്രത്തോളം സത്യമുണ്ടെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. എന്നാൽ, ഇന്റർനെറ്റ് പിന്നീട് ആ കഥ ഏറ്റെടുക്കുകയും, നടന്നുവെന്ന പേരിൽ ഇപ്പോഴും പല സൈറ്റുകളും അത് പ്രസിദ്ധീകരിക്കുകയും ചെയ്‌തു. ആ കഥ ഇങ്ങനെ:    

1954 സെപ്റ്റംബർ 4 -ന്, സാന്റിയാഗോ എയർലൈൻസ് ഫ്ലൈറ്റ് 513, പശ്ചിമ ജർമ്മനിയിലെ ആച്ചെനിൽ നിന്ന് ബ്രസീലിലെ പോർട്ടോ അലെഗ്രെയിലേക്ക് പുറപ്പെട്ടു. 88 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമായാണ് വിമാനം പറന്നുയർന്നത്. അതൊരു പതിനെട്ട് മണിക്കൂർ യാത്രയായിരുന്നു. എന്നാൽ, പതിനെട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും അത് എത്തിച്ചേരേണ്ടിടത്ത് എത്തിയില്ല. അന്നും, പിറ്റേദിവസവും എത്തിയില്ല. ഇടയ്ക്ക് വച്ച് കാണാതായ വിമാനത്തിന് എടിസിയുമായുള്ള (എയർ ട്രാഫിക് കൺട്രോൾ) ബന്ധം നഷ്ടപ്പെട്ടു. തുടർന്ന് ജർമ്മനിയും, ബ്രസീലും വിമാനം കണ്ടെത്താനുള്ള ശ്രമത്തിലായി.

എന്നാൽ, നിരാശയായിരുന്നു ഫലം. ഒടുവിൽ വിമാനം അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചതായും വിമാനത്തിലുണ്ടായിരുന്ന 92 പേരും കൊല്ലപ്പെട്ടതായും പ്രഖ്യാപിക്കപ്പെട്ടു. 1989 ഒക്ടോബർ 12 -ന് അലെഗ്രെ വിമാനത്താവളത്തിന് മുകളിൽ ഒരു വിമാനം ഇറങ്ങാൻ കഴിയാതെ ചുറ്റിത്തിരിയുന്നത് എടിസിയുടെ സ്‌ക്രീനിലൂടെ ജീവനക്കാർ കണ്ടു. വിമാനത്തിന്റെ പൈലറ്റുമായി ബന്ധപ്പെടാൻ എടിസി ശ്രമിച്ചെങ്കിലും വിമാനത്തിന്റെ പൈലറ്റിൽ നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ല. എന്നാൽ ആ വിമാനം ലാൻഡ് ചെയ്തു. പ്രതീക്ഷിക്കാതെ വന്നിറങ്ങിയ വിമാനം കണ്ട് എയർപോർട്ട് അധികൃതർ ഞെട്ടി. അവർ വിമാനത്തിടുത്തേയ്ക്ക് ഓടിക്കൂടി. 35 വർഷത്തിന് മുൻപ് കാണാതായ വിമാനമാണ് ഇതെന്ന് അവർക്ക് ബോധ്യപ്പെട്ടു.

അവർ വിമാനത്തിന്റെ അകത്തേയ്ക്ക് നടന്നു. എന്നാൽ, അതിനകത്ത് ജീവനക്കാർ കണ്ടത് 92 യാത്രക്കാരുടെയും അസ്ഥികൂടമായിരുന്നു. പൈലറ്റിന്റെ സീറ്റിൽ ക്യാപ്റ്റൻ മിഗുവൽ വിക്ടർ ക്യൂറിയുടെ അസ്ഥികൂടവുമുണ്ടായിരുന്നു. അപ്പോഴും അദ്ദേഹത്തിന്റെ കൈകൾ വിമാനത്തിന്റെ ഹാൻഡിലിലായിരുന്നു. വിമാനത്തിന്റെ എഞ്ചിൻ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു. ഇത്രയുമാണ് പ്രചരിച്ച കഥ. 

ഇതിൽ കുറച്ചുകൂടി കടന്ന് ചില സൈറ്റുകളെല്ലാം ബ്രസീൽ ഇതേക്കുറിച്ച് അന്വേഷണം നടത്തി. വിവരങ്ങൾ പുറത്ത് വിടാൻ ഒരുക്കമായിരുന്നില്ല തുടങ്ങി പല വാർത്തകളും പ്രസിദ്ധീകരിച്ചു. ഈ സംഭവത്തിന് പല വ്യാഖ്യാനങ്ങളും ജനങ്ങൾ നൽകി. ചിലർ പ്രേതമാണ് എന്ന് പറയുമ്പോൾ മറ്റ് ചിലർ ടൈം ട്രാവൽ എന്ന നിലയിൽ അതിനെ കണ്ടു. എന്നാൽ, ചിലർ ബെർമുഡ ട്രയാംഗിൾ പോലെ കാന്തിക ശക്തിയുള്ള ഏതെങ്കിലും പ്രദേശത്ത് അകപ്പെട്ടതാകാം എന്നും വിശ്വസിച്ചു. ഇങ്ങനെ ഒരു ഫ്ലൈറ്റ് തന്നെ ഉണ്ടായിരുന്നോ എന്നതിന് തെളിവില്ലാതിരുന്നിട്ടും, വെറും കെട്ടുകഥയായിരുന്നിട്ട് കൂടിയും ഇപ്പോഴും സാന്റിയാ​ഗോ ഫ്ലൈറ്റ് ഒരു ചൂടുള്ള വിഷയം തന്നെയാണ് ഇന്റർനെറ്റിലും മറ്റും. 

(ചിത്രം പ്രതീകാത്മകം)

click me!