
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിവിധ മേഖലകളിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. എന്നാൽ, അതേസമയം തന്നെ, ഇതുപയോഗിച്ചുള്ള കുറ്റകൃത്യങ്ങളും കൂടി വരികയാണ്. അടുത്തിടെ അമേരിക്കയിൽ നിന്നുള്ള ഒരു സ്ത്രീക്കും ഇതുപോലെ ഒരു അനുഭവമുണ്ടായി. ഫ്ലോറിഡയിലെ ജാക്‌സൺവില്ലിൽ നിന്നുള്ള എറിക്ക ആൻഡേഴ്‌സൺ എന്ന യുവതിയാണ് തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്. തന്റെ 17 വയസ്സുള്ള മകളുടെ ഫോൺ നമ്പറിൽ നിന്ന് ഒരു ഫേസ്‌ടൈം കോൾ വന്നതായിരുന്നു തുടക്കം. 'അമ്മേ, എനിക്ക് സുഖമില്ല, വാതിൽ തുറക്കാമോ?' എന്നായിരുന്നു കോളിൽ ചോദിച്ചത്. എന്നാൽ, മകൾ ആ സമയത്ത് സ്കൂളിലായതിനാൽ എറിക്കയ്ക്ക് സംശയം തോന്നി.
'വളരെ പേടിപ്പെടുത്തുന്ന കാര്യമാണ് സംഭവിച്ചത്' എറിക്ക ടിക് ടോക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. മകൾ സാധാരണ സ്കൂളിൽ പോകുന്ന സമയമായതിനാൽ എന്തോ പന്തികേടുണ്ടെന്ന് അവർക്ക് മനസ്സിലായി. തുടർന്ന് സെക്യൂരിറ്റി ക്യാമറകൾ പരിശോധിച്ചപ്പോൾ വാതിൽക്കൽ ആരെയും കണ്ടില്ല. മകൾക്ക് മാത്രം അറിയാവുന്ന തലേദിവസം രാത്രി എന്ത് ഭക്ഷണമാണ് കഴിച്ചത് തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ചപ്പോൾ, 'എന്തിനാണ് ഇങ്ങനെയുള്ള ഭ്രാന്തൻ ചോദ്യങ്ങൾ ചോദിക്കുന്നത്? വാതിൽ തുറക്കാമോ?' എന്നായിരുന്നു മറുപുറത്ത് നിന്നുള്ള മറുപടി.
എറിക്ക കോൾ കട്ട് ചെയ്യുകയും മകളുടെ സ്കൂളിൽ വിളിച്ച് സംസാരിക്കുകയും ചെയ്തു. മകൾ അത്തരമൊരു കോൾ ചെയ്തിട്ടില്ലെന്ന് അതിലൂടെ അവർക്ക് ബോധ്യപ്പെട്ടു. മറ്റൊരു അതിശയകരമായ കാര്യം, ആ കോൾ ഫോണിലെ കോൾ ലോഗുകളിൽ കാണിക്കുന്നുണ്ടായിരുന്നില്ല എന്നതാണ്. മകളുടെ അതേ രൂപത്തിലും ഭാവത്തിലും ശബ്ദത്തിലുമാണ് കോൾ വന്നതെന്ന് എറിക്ക പറഞ്ഞു. ഈ സംഭവത്തിന് ശേഷം കുടുംബത്തിന്റെ സുരക്ഷയ്ക്കായി അവർ ചില മുൻകരുതലുകൾ സ്വീകരിച്ചു:
കുടുംബാംഗങ്ങൾക്കിടയിൽ രഹസ്യമായ 'കോഡ് വേർഡുകൾ' തയ്യാറാക്കി. വീട്ടിലെ അലാറം സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തി. കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ടിക്ടോക്കിൽ പങ്കുവച്ച വീഡിയോ ഇതിനോടകം രണ്ട് കോടിയോളം ആളുകൾ കണ്ടു കഴിഞ്ഞു. പ്രായമായവർ ഇത്തരം തട്ടിപ്പുകളിൽ പെട്ടുപോകാൻ സാധ്യതയുണ്ടെന്നും എഐ ഫേസ്‌ടൈം കോളുകളെ ഗൗരവമായി കാണണമെന്നും നിരവധി ആളുകളാണ് കമന്റ് ചെയ്തത്.