ദില്ലിയിൽ റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്ത യുവതിക്ക് നേരിടേണ്ടി വന്നത് ഭയാനകമായ അനുഭവമാണ്. ബൈക്കിന് പകരം കാറിലെത്തിയ ഡ്രൈവർ വാഹനത്തിൽ കയറാൻ നിർബന്ധിക്കുകയും പിന്നീട് പിന്തുടരുകയും ചെയ്തെന്ന് യുവതി പരാതിപ്പെട്ടതോടെ റാപ്പിഡോ ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചു.
രാത്രി വൈകി വീട്ടിലേക്ക് മടങ്ങാൻ റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്തപ്പോൾ, ബൈക്കിന് പകരം കാറിലെത്തിയ ഡ്രൈവർ വാഹനത്തിൽ കയറാൻ തന്നെ നിർബന്ധിച്ചെന്ന പരാതിയുമായി ദില്ലി സ്വദേശിനിയായ കൺസൾട്ടന്‍റ് മോനി ഷാൻഡില്യ. സംഭവത്തെക്കുറിച്ചുള്ള യുവതിയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റ് ശ്രദ്ധ നേടിയതോടെ റാപ്പിഡോ ഈ വിഷയത്തിൽ പ്രതികരിച്ചു. ബന്ധപ്പെട്ട ക്യാപ്റ്റിന്‍റെ അക്കൗണ്ട് സസ്പെൻ്റ് ചെയ്തെന്ന് കമ്പനി അറിയിച്ചു.
ബുക്ക് ചെയ്തത് ബൈക്ക് റൈഡ്, എത്തിയത് കാർ
രാത്രി 11.07 ഓടെ നോയിഡ സെക്ടർ 16 മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 4 -ൽ നിന്നാണ് വീട്ടിലേക്ക് പോകാൻ മോനി, റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്തത്. ആപ്പിൽ കാണിച്ചിരുന്നത് ഹീറോ സ്‌പ്ലെൻഡർ ബൈക്കും അന്മോൾ മിശ്ര എന്ന റൈഡറുടെ പേരുമായിരുന്നു. എന്നാൽ, ഏതാനും മിനിറ്റുകൾക്ക് ശേഷം ബൈക്കിന് പകരം മാരുതി റിറ്റ്സ് കാറാണ് സ്ഥലത്തെത്തിയത്. കാറിലെത്തിയ ഡ്രൈവർ താൻ ഫോണിൽ സംസാരിച്ചിരുന്ന അതേ വ്യക്തിയാണെന്ന് മോനി തിരിച്ചറിഞ്ഞു. എന്നാൽ ആപ്പിലെ റൈഡറുടെ പ്രൊഫൈൽ ചിത്രവുമായി ഇയാളുടെ രൂപം പൊരുത്തപ്പെട്ടില്ലെന്ന് അവർ പറയുന്നു. ബൈക്ക് തകരാറിലായതിനാലാണ് കാറിൽ എത്തിയതെന്ന് ഇയാൾ പറഞ്ഞെന്നും മോനി കൂട്ടിച്ചേർക്കുന്നു. തുടർന്ന് ഇയാൾ തന്നോട്ട് കാറിൽ കയറാൻ ആവശ്യപ്പെട്ടെന്നും എന്നാൽ ആ ആവശ്യം നിരസിച്ചിട്ടും അയാൾ ആവർത്തിച്ച് തന്നെ നിർബന്ധിച്ചെന്നും മോനി ആരോപിച്ചു.
പിന്നാലെ പിന്തുടർന്ന് കാർ, ഒടുവിൽ
ഡ്രൈവറുടെ നിർബന്ധം കൂടിയപ്പോൾ ഭയന്ന് പോയ താൻ ഉറക്കെ നിലവിളിച്ചതോടെ റൈഡ് ക്യാൻസൽ ചെയ്ത് പോകാൻ അയാൾ തയ്യാറായെന്നും മോനി കൂട്ടിച്ചേർത്തു. എന്നാൽ. മുന്നോട്ട് നീങ്ങിയ കാർ മെട്രോ ഗേറ്റിന് മുന്നിലേക്ക് നീങ്ങി അവിടെ നിർത്തി. പിന്നീട് സെക്ടർ 15 വരെ കാർ തന്നെ പിന്തുടർന്നെന്നും മോനി പറയുന്നു. എന്നാൽ റോഡിലെ അമിത ഗതാഗതക്കുരുക്ക് കാരണം ഇയാൾ പിന്നീട് മടങ്ങിപ്പോയെന്നും യുവതി കൂട്ടിച്ചേർത്തു.
സംഭവത്തിന് പിന്നാലെ ഭയന്ന് പോയ തനിക്ക് പനി ബാധിച്ചെന്നും യുവതി എഴുതി. ഒപ്പം, സുരക്ഷിതരായിരിക്കേണ്ടത് സ്ത്രീകൾ മാത്രമല്ല, പുരുഷന്മാർക്കും ഇത്തരമൊരു സാഹചര്യം അപകടകരമാണെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം യാത്രക്കാരോട് ഇത്തരം പെരുമാറ്റങ്ങൾ ഒരു സാഹചര്യത്തിലും അംഗീകരിക്കാൻ ആകില്ലെന്നും യുവതിയുടെ പരാതി ഗൗരവത്തോടെ കാണുന്നുവെന്നും റാപ്പിഡോ അറിയിച്ചു. ബന്ധപ്പെട്ട ഡ്രൈവറുടെ അക്കൗണ്ടിനെതിരെ അടിയന്തര നടപടി സ്വീകരിച്ചെന്നും സമാന സംഭവങ്ങൾ ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചെന്നും കമ്പനിയുടെ അറിയിപ്പിൽ പറയുന്നു.
റാപ്പിഡോ കമ്പനിയുടെ പ്രതികരണം
റാപ്പിഡോയിൽ യാത്ര ചെയ്യുന്ന ഓരോ ഉപഭോക്താവിന്റെയും സുരക്ഷയ്ക്കും വിശ്വാസത്തിനും മുൻഗണന നൽകുന്നുവെന്നും ഇതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും സംഭവത്തിൽ റാപ്പിഡോ വക്താവ് പ്രതികരിച്ചിട്ടുണ്ട്. സംഭവം പരിശോധിക്കുകയും, ആപ്പിൽ ബുക്ക് ചെയ്ത വാഹനവും യാത്രയ്ക്കായി എത്തിയ വാഹനവും വ്യത്യസ്തമെന്ന് മനസിലാക്കിയെന്ന് റാപിഡോയുടെ വാർത്താക്കുറിപ്പിൽ സ്ഥിരീകരിക്കുന്നു. ഇത് തങ്ങളുടെ നയങ്ങളുടെയും സുരക്ഷാ മാനദണ്ഡങ്ങളുടെയും ലംഘനമാണെന്നും കമ്പനി വ്യക്തമാക്കി. അന്വേഷണം പൂർത്തിയാകുന്നത് വരെ കുറ്റാരോപിതനായ ഡ്രൈവറുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്തതായി കമ്പനി അറിയിച്ചു. ഉപഭോക്താവിനെ നേരിട്ട് ബന്ധപ്പെട്ട് പിന്തുണ ഉറപ്പുനൽകി. ആശങ്കകൾ പരിഹരിച്ചു. റാപിഡോ ക്യാപ്റ്റന്റെയും വാഹനത്തിന്റെയും വിവരങ്ങൾ പരിശോധിക്കുന്നത് ഉൾപ്പെടെ സുരക്ഷാ പ്രോട്ടോക്കോളുകൾ റാപ്പിഡോയിൽ നിലവിലുണ്ട്. ഈ മാനദണ്ഡങ്ങൾ പാലിക്കാതെ വരുമ്പോൾ കർശനമായ നടപടികൾ സ്വീകരിക്കാറുണ്ടെന്നും കമ്പനി അറിയിച്ചു.
യാത്ര ആരംഭിക്കുന്നതിന് മുൻപ് ആപ്പിൽ കാണിച്ചിരിക്കുന്ന ക്യാപ്റ്റന്റെയും വാഹനത്തിന്റെയും വിവരങ്ങൾ കൃത്യമാണോ എന്ന് ഉറപ്പുവരുത്താൻ എല്ലാ ഉപഭോക്താക്കളോടും അഭ്യർത്ഥിക്കുന്നതായും കമ്പനി ആവശ്യപ്പെട്ടു. എന്തെങ്കിലും വ്യത്യാസം ശ്രദ്ധയിൽപ്പെട്ടാൽ, ഉടൻ തന്നെ യാത്ര റദ്ദാക്കാനും റാപ്പിഡോ സപ്പോർട്ടുമായി ബന്ധപ്പെടാനും ഞങ്ങൾ നിർദ്ദേശിക്കുന്നു. അങ്ങനെ ചെയ്താൽ കാലതാമസമില്ലാതെ സുരക്ഷിതമായ മറ്റൊരു യാത്രാസൗകര്യം ഒരുക്കി നൽകും. തങ്ങളുടെ പ്ലാറ്റ്‌ഫോമിന്റെ അടിത്തറ വിശ്വാസവും സുരക്ഷയുമാണ്. ഓരോ യാത്രയിലും ഈ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ തങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.


