അറിയാതെ കിടന്നത് 61 ലക്ഷം രൂപയുടെ പെൻഷൻ ഫണ്ട്! 21 വർഷം ആക്രി പെറുക്കി ജീവിച്ച 71-കാരന് അത്ഭുത നിധി

Published : Oct 07, 2026, 03:41 PM IST
old man

Synopsis

തുക തീർന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ അദ്ദേഹം ഉപജീവനത്തിനായി ആക്രി പെറുക്കാൻ തുടങ്ങുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പെൻഷൻ പദ്ധതികളിൽ സ്വന്തമായി വിഹിതം അടയ്ക്കാൻ കഴിയാതിരുന്നതിനാൽ, വിരമിക്കലിനു ശേഷം തനിക്ക് പെൻഷന് അർഹതയില്ലെന്നാണ് ഇദ്ദേഹം കരുതിയിരുന്നത്.

21 വർഷമായി തെരുവിൽ നിന്ന് ആക്രി സാധനങ്ങൾ ശേഖരിച്ച് ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്ന 71 -കാരനായ വയോധികനെ തേടി ജീവിതത്തിന്റെ അവസാനഘട്ടത്തിൽ അപ്രതീക്ഷിത ഭാഗ്യം. തനിക്കൊരു പെൻഷൻ അക്കൗണ്ട് ഉണ്ടെന്നോ അതിൽ ലക്ഷക്കണക്കിന് രൂപ നിക്ഷേപമായി കിടപ്പുണ്ടെന്നോ അറിയാതിരുന്ന ഹുനാൻ പ്രവിശ്യയിലെ ചാങ്ദെ സ്വദേശിയായ 'റു' എന്ന വൃദ്ധനാണ് ഈ അത്ഭുത നിധി ലഭിച്ചത്.

കഴിഞ്ഞ സെപ്റ്റംബർ അവസാനത്തോടെ സാമൂഹിക ക്ഷേമ വകുപ്പ് അധികൃതർ ഇദ്ദേഹത്തിന് പെൻഷൻ അക്കൗണ്ടുമായി ബന്ധിപ്പിച്ച ബാങ്ക് കാർഡ് കൈമാറിയപ്പോഴാണ് അക്കൗണ്ടിൽ 4,24,204 യുവാൻ (ഏകദേശം 61 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ബാലൻസ് ഉള്ള വിവരം പുറത്തറിയുന്നത്.

ഹുനാനിലെ ഒരു സർക്കാർ സ്ഥാപനത്തിൽ 30 വർഷത്തോളം ജോലി ചെയ്തിരുന്ന ആളായിരുന്നു റു. 2000-കളുടെ തുടക്കത്തിൽ ജോലി നഷ്ടപ്പെടുകയും പിരിഞ്ഞുപോകൽ ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്തു. എന്നാൽ ഈ തുക തീർന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ അദ്ദേഹം ഉപജീവനത്തിനായി ആക്രി പെറുക്കാൻ തുടങ്ങുകയായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പെൻഷൻ പദ്ധതികളിൽ സ്വന്തമായി വിഹിതം അടയ്ക്കാൻ കഴിയാതിരുന്നതിനാൽ, വിരമിക്കലിനു ശേഷം തനിക്ക് പെൻഷന് അർഹതയില്ലെന്നാണ് ഇദ്ദേഹം കരുതിയിരുന്നത്.

ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടത്തിൽ കഴിയുകയായിരുന്ന റുവിനെ സാമൂഹിക ക്ഷേമ പ്രവർത്തകർ കണ്ടെത്തുകയായിരുന്നു. ആദ്യം താൽക്കാലിക അഭയകേന്ദ്രത്തിലേക്ക് മാറാൻ മടിച്ചെങ്കിലും ജീവനക്കാരുടെ ആവർത്തിച്ചുള്ള പിന്തുണയെ തുടർന്ന് അദ്ദേഹം തന്റെ മുൻകാല വിവരങ്ങൾ പങ്കുവെക്കാൻ തയ്യാറായി.

തുടർന്ന് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് 2015-ൽ വിരമിക്കൽ പ്രായമെത്തിയ റുവിന് അന്നുമുതൽ പ്രതിമാസം 3,700 യുവാൻ നിരക്കിൽ പെൻഷന് അർഹതയുണ്ടായിരുന്നു എന്ന് കണ്ടെത്തിയത്. 30 വർഷത്തെ സർവീസിനിടയിൽ ഇദ്ദേഹത്തിന്റെ ശമ്പളത്തിൽ നിന്ന് പെൻഷൻ ഇൻഷുറൻസ് തുക ഗവൺമെന്റ് മുൻകൂറായി പിടിച്ചിട്ടുണ്ടായിരുന്നു. ചൈനയിലെ നിയമപ്രകാരം 15 വർഷത്തിൽ കൂടുതൽ ഇൻഷുറൻസ് വിഹിതം അടച്ചവർക്ക് പെൻഷന് യോഗ്യതയുണ്ട്. കഴിഞ്ഞ പത്ത് വർഷത്തോളമായി ലഭിക്കേണ്ടിയിരുന്ന തുക പലിശയും ചേർന്ന് അക്കൗണ്ടിൽ ഒരുമിച്ച് കൂടിക്കിടക്കുകയായിരുന്നു.

ബാങ്ക് കാർഡ് കൈമാറവേ, പണം സുരക്ഷിതമായി സൂക്ഷിക്കാനും സാമ്പത്തിക തട്ടിപ്പുകളിൽ വീഴാതെ ശ്രദ്ധയോടെ ഉപയോഗിക്കാനും ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

വിട്ടുമാറാത്ത രോ​ഗങ്ങൾ കുറവ്, 100 -ലധികം വർഷം ജീവിക്കുന്നു; ബ്ലൂസോൺസ്
വീട്ടിലെ സ്ത്രീക്ക് ചെറിയ ജോലി മതി, കുടുംബമാകെ മാറും, ഓട്ടോ ഡ്രൈവര്‍ മകളുടെ ഫീസ് നല്‍കുന്നത് ഒന്നരലക്ഷം; കുറിപ്പ്