വിവാഹശേഷം ജോലി ഉപേക്ഷിക്കുമെന്ന് യുവതി പറഞ്ഞതിനെത്തുടർന്ന് യുവാവ് വിവാഹാലോചനയിൽ നിന്ന് പിന്മാറിയ സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. സാമ്പത്തിക സ്വാതന്ത്ര്യവും ദാമ്പത്യത്തിലെ തൊഴിൽ പ്രതീക്ഷകളും സംബന്ധിച്ചാണ് പ്രധാനമായും വാദപ്രതിവാദങ്ങൾ നടക്കുന്നത്.
വിവാഹശേഷം ഇരുവരും ജോലി തുടരണമോ, അതോ ഒരാൾ കുടുംബത്തിനായി ജോലി ഉപേക്ഷിക്കണമോയെന്ന വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ സജീവമാകുന്നു. പങ്കാളികളുടെ തൊഴിൽ സംബന്ധമായ പ്രതീക്ഷകളിലെ അഭിപ്രായ വ്യത്യാസം മൂലം ഒരു വിവാഹാലോചനയിൽ നിന്ന് യുവാവ് പിന്മാറിയ സംഭവമാണ് എക്സിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്. സാമ്പത്തിക സ്വാതന്ത്ര്യം, സ്ത്രീപുരുഷ സമത്വം, ദാമ്പത്യജീവിതത്തിലെ പരസ്പര പൊരുത്തം തുടങ്ങിയ വിഷയങ്ങളിലാണ് സമൂഹ മാധ്യമങ്ങളിൽ വിവിധ അഭിപ്രായങ്ങൾ ഉയരുന്നത്.
ജോലി ഉപേക്ഷിക്കുമെന്ന് യുവതി, എങ്കിൽ വിവാഹം വേണ്ടെന്ന് യുവാവ്!
പ്രതിവർഷം ഏകദേശം 30 ലക്ഷം രൂപ വരുമാനമുള്ള തന്‍റെ സുഹൃത്തിന്‍റെ അനുഭവമാണ് ഷീതൽ റിജ്വാനി (@rijhwanisheetal) എന്ന എക്സ് ഉപയോക്താവ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. വിവാഹാലോചനയുമായി ബന്ധപ്പെട്ട് സംസാരിച്ചുവരുന്നതിനിടെ, വിവാഹശേഷം ജോലി തുടരാൻ താൽപര്യമില്ലെന്ന് യുവതി വ്യക്തമാക്കിയതിനെത്തുടർന്ന് ആലോചനയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് യുവാവ് തീരുമാനിക്കുകയായിരുന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്.
ജോലി ചെയ്യുന്ന പങ്കാളിയെയാണ് യുവാവ് ആഗ്രഹിച്ചിരുന്നത്. ഇക്കാര്യം സംഭാഷണത്തിനിടെ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, നിലവിൽ ജോലിയുള്ള യുവതി ഇതിനോട് യോജിച്ചില്ല. യുവാവിനെ പിന്തിരിപ്പൻ ചിന്താഗതിക്കാരനെന്നും സ്ത്രീപക്ഷ നിലപാടുകൾക്ക് വിരുദ്ധനെന്നും വിശേഷിപ്പിച്ചതായും പോസ്റ്റിൽ പറയുന്നു.
ഇരുവർക്കും വരുമാനമുണ്ടെങ്കിൽ മാത്രം...
കുറിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വിഷയം വലിയ ചർച്ചയ്ക്ക് തുടക്കം കുറിച്ചു. സാമ്പത്തികമായി സ്വതന്ത്രയായ പങ്കാളിയെ ആഗ്രഹിക്കുന്നതും ഇരുവരും വരുമാനം നേടുന്ന കുടുംബജീവിതം പ്രതീക്ഷിക്കുന്നതും ഒരാളുടെ വ്യക്തിപരമായ മുൻഗണനയാണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. വിവാഹശേഷം ജോലി തുടരണമോ വേണ്ടയോയെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കുള്ളതുപോലെ, തന്‍റെ തൊഴിൽപരമായ പ്രതീക്ഷകളുമായി പൊരുത്തപ്പെടുന്ന പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പുരുഷനുമുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടി. ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിൽ ആഗ്രഹിക്കുന്ന ജീവിതനിലവാരം നിലനിർത്തണമെങ്കിൽ കുടുംബത്തിൽ ഇരുവരും വരുമാനം നേടേണ്ടത് അനിവാര്യമാണന്നായിരുന്നു ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്.
















