ജോലി സ്കൂൾ കായികാധ്യാപകൻ, ദത്തെടുത്ത് വളർത്തി പഠിപ്പിച്ചത് അനാഥരായ 300 കുട്ടികളെ! ഇത് 'ചൈനയുടെ സൂപ്പർ ഡാഡ്'

Published : Apr 21, 2026, 05:27 PM IST
Bai Jian China's Superdad

Synopsis

ചൈനയിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ ബായ് ജിയാൻ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി 300 ഓളം അനാഥരായ കുട്ടികളെ ദത്തെടുത്ത് വളർത്തുന്നു. 'ഡ്രീം ഹോം' എന്ന് പേരിട്ടിരിക്കുന്ന വീട്ടിൽ താമസിപ്പിച്ച്, കായിക പരിശീലനം ഉൾപ്പെടെ നൽകി അവരെ ജീവിതത്തിൽ വിജയിക്കാൻ അദ്ദേഹം സഹായിക്കുന്നു.

 

ചിലരുടെ ജീവിതം അങ്ങനെയാണ്. അത് മറ്റുള്ളവർക്ക് വേണ്ടി നിസ്വാർത്ഥമായി മാറ്റിവയ്ക്കപ്പെട്ടിരിക്കും. ചൈനയിൽ നിന്നുള്ള ഒരു സെക്കൻഡറി സ്കൂൾ അധ്യാപകൻ അത്തരമൊരു ജീവിതത്തിൽ അങ്ങേയറ്റം സന്തുഷ്ടനാണ്. അദ്ദേഹം ഇന്ന് അനാഥരായ 300 ഓളം കുട്ടികളെയാണ് വളർത്തുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി തുടരുന്ന അദ്ദേഹത്തിന്‍റെ പരിശ്രമം അനാഥരായി തീരേണ്ട നിരവധി കുട്ടികളുടെ ജീവിതം കൂടുതൽ മികച്ചതാക്കാനും ജീവിതത്തിൽ പുതിയ ദിശാബോധവും ലക്ഷ്യവും നൽകാൻ സഹായിച്ചെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയുടെ സൂപ്പർ ഡാഡ്

വടക്കുകിഴക്കൻ ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിലുള്ള അൻഷാൻ നമ്പർ 2 മിഡിൽ സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനാണ് 52 കാരനായ ബായ് ജിയാൻ. അച്ഛനമ്മമാരില്ലാത്തവരോ ജീവിത സാഹചര്യങ്ങൾ അങ്ങേയറ്റം മോശമായതോ ആയ 300 ഓളം കുട്ടികളെയാണ് അദ്ദേഹം ദത്തെടുത്ത് വളർത്തുന്നത്. ഇന്ന് അദ്ദേഹം 'ചൈനയുടെ സൂപ്പർ ഡാഡ്' എന്ന് അറിയപ്പെടുന്നു. ഇത്രയും കുട്ടികളെ താമസിപ്പിക്കുന്നതിന് അദ്ദേഹം ഒരു വലിയ വീട് വാടകയ്ക്കെടുത്തു. എല്ലാറ്റിനും ശമ്പളം തികയാതെ വരുമ്പോൾ അദ്ദേഹം കടമെടുത്തും കുട്ടികൾക്കുള്ള ഭക്ഷണവും പഠനവും ഉറപ്പ് വരുത്തുന്നു.

ഡ്രീം ഹോം

1995 മുതൽ ഇതുവരെയായി കുറഞ്ഞത് 276 കുട്ടികളെങ്കിലും "ഡ്രീം ഹോം" എന്ന് വിളിക്കുന്ന ബായ് ജിയാൻറെ വീട്ടിൽ ഇതിനകം താമസിച്ച് പഠിച്ചിട്ടുണ്ട്. ഇവരിൽ പലരും അനാഥരോ മാതാപിതാക്കൾ ഉപേക്ഷിച്ചവരോ അതുമല്ലെങ്കിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ നിന്നും കണ്ടെടുക്കപ്പെട്ടവരോ ആണ്. ബായ് ജിയാൻ പഠിപ്പിച്ച് കുട്ടികളിൽ പലരും ഇന്ന് വ്യത്യസ്ത മേഖലകളിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ച് കഴിഞ്ഞു. ചിലർ പ്രൊഫഷണൽ അത്‌ലറ്റുകളാണ്. മറ്റ് ചിലർ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ സൈനികരും കുറച്ച് പേർ പൊതുപ്രവർത്തകർ, ചിലർ സർവകലാശാലാ അധ്യാപകരുമാണ്. 100 അധികം കുട്ടികൾ യൂണിവേഴ്സിറ്റി ബിരുദം നേടി. 50 ഓളം കുട്ടികൾ ദേശീയ കായിക അതോറിറ്റിയുടെ കീഴിൽ ഏറ്റവും ഉയർന്ന ലെവലായ 1 അത്ലറ്റ് റാങ്കിൽ കീഴടക്കി.

ആദ്യ ദത്തെടുക്കൽ

ലിയോണിംഗ് പ്രവിശ്യയിലെ ഹുലുഡാവോയിലെ ഒരു ദരിദ്ര ഗ്രാമീണ കുടുംബത്തിലാണ് ബായ് വളർന്നത്. ദീർഘദൂര ഓട്ടക്കാരനായിരുന്ന അദ്ദേഹം ബിരുദം നേടിയ ശേഷം ഒരു കായിക അധ്യാപകനായി ജോലി ആരംഭിച്ചു. അദ്ദേഹത്തിന്‍റെ ഒരു വിദ്യാർത്ഥി പതിവായി ക്ലാസിൽ വരാതിരിക്കുകയും വന്നാൽ തന്നെ സഹപാഠികളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതും അദ്ദേഹം ശ്രദ്ധിച്ചു. അന്വേഷിച്ചപ്പോൾ അവൻ അനാഥനാണെന്ന് അദ്ദേഹം കണ്ടെത്തി. അവന് തന്‍റെ താമസ സ്ഥലത്ത് ഇടം കൊടുത്ത ബായ് ജിയാൻ അവന്‍റെ പഠനം ഏറ്റെടുക്കുന്നതോടെയാണ് തന്‍റെ ദത്തെടുക്കൽ യാത്ര ആരംഭിക്കുന്നത്. പതുക്കെ സമാന സാഹചര്യങ്ങളിൽ ജീവിക്കുന്ന കുട്ടികളെ ബായ് ജിയാൻ കണ്ടെത്തുകയും തന്‍റെ ഒപ്പം കുട്ടുകയും ചെയ്യാൻ ആരംഭിച്ചു. അദ്ദേഹത്തിന്‍റെ അമ്മയും രണ്ട് സഹോദരിമാരും ആ കാരുണ്യപ്രവർത്തിക്ക് ഒപ്പം നിന്നു.

കായിക പഠനം

സാമ്പത്തിക ബാധ്യത വലുതായതോടെ കായികക്ഷമതയുള്ള കുട്ടികളെ അദ്ദേഹം കായിക വിനോദങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രോത്സാഹിപ്പിച്ചു. അതിനായി കൃത്യമായൊരു ദിനചര്യയും അദ്ദേഹം സ്വീകരിച്ചു. കായിക രംഗത്ത് കാഠിനാധ്വാനമാണ് പ്രധാനമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതിനായി കൃത്യമാർന്ന ഷെഡ്യൂൾ തന്നെ അദ്ദേഹമുണ്ടാക്കി. കഠിനമായ പരിശീലനത്തോടൊപ്പം തന്‍റെ കുട്ടികളിൽ സഹിഷ്ണുതയും മാനസിക ശക്തിയും വളർത്തിയെടുക്കാനും അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. ഈ ശിക്ഷണം കൊണ്ട് തന്നെ പല ശിഷ്യന്മാരും മാരത്തോൺ ഓട്ടങ്ങളിൽ തിളക്കമാർന്ന വിജയം നേടുന്നു. 20 വർഷത്തിനിടെ സ്വന്തം കുട്ടികൾ നേടിയ 1,300 മെഡലുകൾ അദ്ദേഹം സ്വന്തം വീട്ടിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ബായ് ജിയാൻറെ പാഠ്യപദ്ധതിയിൽ വെറുപ്പിന് സ്ഥാനമില്ല. കാരണം അത് മറ്റുള്ളവരെയും സ്വയമേവയും നശിപ്പിക്കുന്നെന്നാണ് ബായ് ജിയാൻറെ വിശ്വാസം.

 

PREV
Read more Articles on
click me!

Recommended Stories

ഉന്നത വിദ്യാഭ്യാസവും നഗരജീവിതവും ഉപേക്ഷിച്ച് പാമ്പുവളർത്തൽ; 60,000 വിഷപാമ്പുകളിൽ നിന്നും യുവതി സംമ്പാദിക്കുന്നത് 1.35 കോടി രൂപ!
ആരാധകരുടെ മനം കവരുന്ന അതിസുന്ദരി, മാസം സമ്പാദിക്കുന്നത് 1 ലക്ഷത്തിലധികം, പക്ഷേ...