ചൈനയിൽ വൈറലായ വണ്ണം കുറയ്ക്കാനുള്ള പാനീയം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് ഡോക്ടർമാർ. ഗ്ലിസറിൻ എനിമയും മധുരമില്ലാത്ത ചായയും ചേർത്ത ഈ മിശ്രിതം കൊഴുപ്പ് കുറയ്ക്കുന്നതിന് പകരം നിർജ്ജലീകരണമാണ് ഉണ്ടാക്കുന്നത്. ഇത്തരം അപകടകരമായ ട്രെൻഡുകൾ പിന്തുടരരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
മലയാള സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ വൈറലായ ഒന്നായിരുന്നു 'വെളുത്തിട്ട് പാറുന്ന ക്രീം'മെന്ന പേരിൽ ഇറങ്ങിയ സൗന്ദര്യവർദ്ധക വസ്തു. ചെറിയ കാലം കൊണ്ട് തന്നെ വലിയ വിപണി കണ്ടെത്തിയെങ്കിലും അതുണ്ടാക്കിയ അപകടം ഇന്നും പലരിലും അവശേഷിക്കുന്നു. ഇതിന് പിന്നാലെയാണ് ചൈനയിൽ നിന്നും പെട്ടെന്ന് തന്നെ വണ്ണം കുറയ്ക്കാമെന്ന അവകാശവാദത്തോടെ ചില ആരോഗ്യ ടിപ്പ്സുകളഉം പാനീയങ്ങളും വൈറലായത്. എന്നാൽ, വണ്ണം കുറയ്ക്കാനായി ഇത്തരം വസ്തുക്കൾ ഉപയോഗിച്ചവർക്ക് നേരിടേണ്ടിവരുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണെന്ന മുന്നറിയിപ്പുമായി ഡോക്ചർമാർ.
ഗ്ലിസറിൻ എനിമയും മധുരമില്ലാ ചായയും
ചൈനയിൽ അടുത്തിടെ വൈറലായ ഒരു ‘വണ്ണം കുറയ്ക്കൽ പാനീയം’ പരീക്ഷിച്ച നിരവധി പേർക്ക് അസ്വസ്ഥത അനുഭവപ്പെടുകയും പിന്നാലെ ചികിത്സ തേടി ആശുപത്രിലെത്തുകയുമായിരുന്നു. പഞ്ചസാര രഹിത ചായയും മലബന്ധം ഒഴിവാക്കാൻ ബാഹ്യ ഉപയോഗത്തിന് മാത്രമുള്ള മരുന്നായ ഗ്ലിസറിൻ എനിമയും ചേർത്ത മിശ്രിതം കുടിച്ചാൽ രണ്ട് ദിവസത്തിനുള്ളിൽ ആളുകൾക്ക് 4 കിലോഗ്രാം വരെ ഭാരം കുറയ്ക്കാൻ കഴിയുമെന്നായിരുന്നു ഈ വൈറൽ അവകാശപ്പെട്ടിരുന്നത്. ഗ്ലിസറിൻ എനിമയും പഞ്ചസാര രഹിത ചായയും ഒന്നിച്ച് ഒഴിച്ച് സമൂഹ മാധ്യമ ഇന്‍ഫ്ലുവൻസർമാർ കുടിച്ച് കാണിക്കുന്നതായിരുന്നു മിക്ക വീഡിയോകളും. ടോയ്‌ലറ്റിലേക്കുള്ള പതിവ് യാത്രകൾ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിച്ചതായി ചില ഉപയോക്താക്കളും അവകാശപ്പെട്ടതോടെ വീഡിയോകൾ വൈറലായി. പിന്നാലെ ചൈനയിൽ ഈ പാനീയം ഒരു ട്രെന്‍റായി മാറി. പിന്നാലെ നിരവധി പേർ ശാരീരിക അസ്വസ്ഥതമൂലം ആശുപത്രികളിലെത്തി. ഈ പാനീയം കുടിക്കുമ്പോൾ കൊഴുപ്പ് കുറയുന്നതിനുപകരം കടുത്ത നിർജ്ജലീകരണവും കുടൽ കാലിയാകലും മൂലം ശരീരഭാരം കുറയുന്നതായി തോന്നുകയാണ് ചെയ്യുന്നതെന്നും ഇത് അപകടകരമായ പ്രവണതയാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.
അരുതെന്ന് ഡോക്ടർമാർ
സംഭവത്തിന് പിന്നാലെ ഡോക്ടർമാർ പൊതുജനങ്ങളോട് ഇത്തരം പരീക്ഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിർദേശിച്ച് രംഗത്തെത്തെത്തിയെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഈ പാനീയം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ശരീരഭാരം കുറയ്ക്കുമെന്ന വാഗ്ദാനം പങ്കുവച്ചത്തോടെയാണ് വലിയ ശ്രദ്ധ നേടിയത്. എന്നാൽ ഇത് ഉപയോഗിച്ച ചിലർക്ക് ദഹനസംബന്ധമായ അസ്വസ്ഥതകൾ, ഛർദി, വയറുവേദന, ശരീരത്തിലെ ജലാംശക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെട്ടെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നിരവധി പേർക്ക് ഈ പാനീയം ഉണ്ടാക്കിയ അസ്വസ്ഥത മറികടക്കാൻ ചികിത്സ തേടേണ്ടിവന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.
ട്രൈന്‍റിന് ആരോഗ്യം തീരുമാനിക്കാൻ പറ്റില്ല
ശാസ്ത്രീയ തെളിവുകളില്ലാത്ത ഡയറ്റുകളോ പാനീയങ്ങളോ മരുന്നുകളോ ഉപയോഗിച്ച് അതിവേഗത്തിൽ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നത് ശരീരത്തിന്‍റെ സ്വാഭാവിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാം. പ്രത്യേകിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരോ പരിശോധിക്കാത്ത തങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കുന്ന ആരോഗ്യ നിർദേശങ്ങൾ ഡോക്ടർമാരുടെ പരിശോധനയ്ക്ക് പകരമാകില്ലെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ സമീകൃത ഭക്ഷണക്രമം, കൃത്യമായ വ്യായാമം, മതിയായ ഉറക്കം, ജീവിതശൈലിയിലെ ആരോഗ്യകരമായ മാറ്റങ്ങൾ എന്നിവയാണ് സ്വീകരിക്കേണ്ടത്. അതിന് പെട്ടെന്നൊരു മാറ്റം ആസാധ്യമാണെന്നും ക്രമാനുഗതമായി മാത്രമേ ഭാരം കുറയ്ക്കാൻ പാറ്റൊള്ളൂവെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യസ്ഥിതി, പ്രായം, മറ്റ് രോഗങ്ങൾ എന്നിവ പരിഗണിച്ച ശേഷമേ ഏതെങ്കിലും പ്രത്യേക ഡയറ്റോ സപ്ലിമെന്‍റോ മരുന്നോ ആരംഭിക്കാവൂ എന്നും അവർ ഓർമ്മിപ്പിക്കുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട ഏത് ട്രെൻഡായാലും അത് വൈറലായതിനാൽ മാത്രം വിശ്വസിക്കരുതെന്നും, സംശയങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറുടെയോ അംഗീകൃത പോഷകാഹാര വിദഗ്ധരുടെയോ ഉപദേശം തേടുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.


